അതൃപ്തി; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കുന്നു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കുന്നു. ഉന്നയിച്ച പരാതികൾ പരിഹരിക്കാത്തതിനുള്ള അതൃപ്തിയെ തുടർന്നാണ് മുല്ലപ്പള്ളി യോഗത്തിൽ നിന്നും വിട്ടു നിന്നത്. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരാതി മുല്ലപ്പള്ളി നേരത്തെ ഉയർത്തിയിരുന്നു.

മുതിർന്ന നേതാവ് പി ജെ കുര്യനും കെ വി തോമസും യോഗത്തിൽ പങ്കെടുക്കുന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പി ജെ കുര്യൻ അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി.ജെ.കുര്യൻ വ്യക്തമാക്കിട്ടുണ്ട്.

രാഹുൽ ഗാന്ധിക്കെതിരെ പി ജെ കുര്യൻ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് തീരുമാനിച്ചത്. രാഹുൽ ഗാന്ധി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു പി ജെ കുര്യൻ വിമർശിച്ചത്. പാർട്ടി അധ്യക്ഷനല്ലാത്ത ഒരാൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുൽ അല്ലാതെ മറ്റൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.