Politics (Page 367)

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ നടപ്പിലാക്കുമ്പോൾ എങ്കിലും കേരളത്തിൽ അഴിമതിയും ധൂർത്തും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയൻ നിർദ്ദേശം നൽകിയത് ഗുജറാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മോഡൽ നടപ്പിലാക്കുന്നതിനൊപ്പം അഴിമതി ധൂർത്തും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ മാത്രമേ ജനങ്ങൾക്ക് ഗുണമുണ്ടാവുകയുള്ളൂവെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

മൂന്ന് ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണ്. പരാജയപ്പെട്ട കേരള മോഡൽ ഉപേക്ഷിച്ച് വിജയിച്ച ഗുജറാത്ത് സംസ്ഥാനത്ത് നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണം. ഗുജറാത്ത് സർക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസിലാക്കി കേരളത്തിലും നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയൻ പഠിക്കണം. ഗുജറാത്തിലെ വികസന നേട്ടങ്ങൾ കേരളവും മാതൃകയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഒടുവിൽ ഗുജറാത്ത് മോഡൽ അംഗീകരിക്കേണ്ടി വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നതാണ് ബിജെപിയുടെ നിലപാട്. കേരളം ആവശ്യപ്പെട്ടാൽ എന്ത് സഹായത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കണ്ണൂര്‍: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം നേതാവും തളിപ്പറമ്പ് മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. പത്തു വര്‍ഷം തളിപ്പറമ്പ്എംഎല്‍എ ആയിരുന്ന അദ്ദേഹം നാല് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയമാണ് അവസാനിപ്പിക്കുന്നത്.

ഇത്തവണത്തെ സിപിഎം സമ്മേളനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ജില്ലാകമ്മിറ്റിയില്‍ തുടരണമെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.

എസ് എഫ് ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി നിയമസഭയിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍ സുകന്യ ഭാര്യയാണ്.

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ പദവികളിൽ നിന്ന് നീക്കി എഐസിസി. കെ വി തോമസിന്റെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി, എക്‌സിക്യൂട്ടീവ് അംഗത്വങ്ങൾ എന്നിവ റദ്ദാക്കി. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ടാണ് കെ വി തോമസിനെതിരെ കടുത്ത നടപടികൾ നേതൃത്വം ഒഴിവാക്കിയത്. പദവികളിൽ നിന്ന് നീക്കാനുള്ള അച്ചടക്ക സമിതിയുടെ ശുപാർശക്ക് കോൺഗ്രസ് അദ്ധ്യക്ഷ വൈകിട്ടോടെ അംഗീകാരം നൽകി. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതികമായി എഐസിസി അംഗം എന്ന സ്ഥാനത്ത് നിന്ന് പ്രത്യേകം ഒഴിവാക്കേണ്ടതില്ലെന്നും കോൺഗ്രസ് അറിയിച്ചു.

നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

ന്യൂഡൽഹി: പാർട്ടി അച്ചടക്കം ലംഘിച്ച കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്ത് അച്ചടക്ക സമിതി. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെ വി തോമസിനെ നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ നൽകിയിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അച്ചടക്ക് സമിതിയുടെ ശുപാർശ കൈമാറും. വിഷയത്തിൽ സോണിയാ ഗാന്ധിയാണ് അന്തിമ തീരുമാനമെടുക്കുക.

കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ നൽകിയിട്ടുണ്ട്. നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുന്നത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിൽ സ്വാധീനമുള്ള കെ വി തോമസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

കോൺഗ്രസുകാരനായി താൻ തുടരുമെന്നും പാർട്ടി തന്റെ വികാരം ആണെന്നും കെ വി തോമസ് അറിയിച്ചു. അച്ചടക്ക സമിതിയുടെതാണ്. സാധാരണ നടപടിക്രമം ആണിതെന്നും അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് കാര്യം വിശദീകരിക്കാൻ അനുമതി തേടിയിരുന്നു. കണ്ണൂരിൽ കാല് കുത്തിയാൽ വെട്ടും എന്നാണ് ചിലർ പറഞ്ഞു കഴിഞ്ഞു ഇത്രയും ആയില്ലേ എന്നും കെ വി തോമസ് ചോദിക്കുന്നു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ‘കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. എന്നാല്‍, ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി’- രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം താന്‍ വിനയപൂര്‍വം നിരസിക്കുന്നുവെന്ന് പ്രശാന്ത് കിഷോറും വ്യക്തമാക്കി. ‘എന്റെ എളിയ അഭിപ്രായത്തില്‍, എന്നേക്കാള്‍ പാര്‍ട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാര്‍ട്ടിയില്‍ ആഴത്തില്‍ വേരോടിയ പ്രശ്‌നങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട്’- അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നാലംഗ സമിതി പരിശോധിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരുന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനമുണ്ടാകും. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ദ്വിഗ് വിജയ് സിംഗിന്റെ വാക്കുകള്‍. ‘പ്രശാന്ത് കിഷോര്‍ വരുന്നതിനോട് പലര്‍ക്കും യോജിപ്പില്ല. പ്രശാന്ത് കിഷോര്‍ ഒരു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്ന നേതാവാണ്. പ്രത്യയശാസ്ത്ര നിലപാടും ഇല്ല. ഈ സാഹചര്യത്തില്‍ എതിര്‍പ്പുണ്ടാകും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പുതുമയില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് കിഷേര്‍ പറയുന്നത്’- ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി.

കണ്ണൂര്‍: സംസ്ഥാനത്തെ കെ റെയില്‍ സമരക്കാരെ സി.പി.എം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത നടപടിയെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്.

‘മൊബൈല്‍ സമരക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രശ്നം ഉണ്ടാക്കുന്നത്. അവരാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി നടത്തുന്നത്. ഭൂവുടമകള്‍ ഇല്ലാത്തതും ജന പിന്തുണ ഇല്ലാത്തതുമായ സമരമാണ് നടന്നത്. ഉദ്യോഗസ്ഥനെ വധിക്കുമെന്ന് പറഞ്ഞ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് കിട്ടിയിട്ടും പുറത്ത് വിട്ടില്ല’- ജയരാജന്‍ പറഞ്ഞു. തല്ലാനുള്ള സാഹചര്യം കോണ്‍ഗ്രസും ബി.ജെ.പിയും ഉണ്ടാക്കുന്നു. യു.ഡി.എഫ് മാറ്റിയ കല്ല് എല്‍.ഡി.എഫ് പുനസ്ഥാപിക്കുന്നതില്‍ തെറ്റില്ല. തല്ല് ഒന്നിനും പരിഹാരമല്ലെന്ന് കോടിയേരിയും ചൂണ്ടിക്കാട്ടി.

അതേസമയം, കണ്ണൂര്‍ നടാലില്‍ കെ-റെയില്‍ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചത്. ഇരുകൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനായി എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങൾ ആവിഷ്‌ക്കരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിക്കാൻ പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് കഴിഞ്ഞ ദിവസം യോഗം ചേർന്നരുന്നു. ഇതിന് പിന്നാലെയാണ് എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ സോണിയ ഗാന്ധി നിർദേശം നൽകിയത്.

പ്രശാന്ത് കിഷോർ സമർപ്പിച്ച റിപ്പോർട്ടിൽ ഉന്നതതല യോഗം വിശദമായ ചർച്ച നടത്തിയെന്ന് സുർജെവാല അറിയിച്ചു. മുതിർന്ന നേതാക്കളായ എ കെ ആന്റണി, പി ചിദംബരം, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തെങ്കിലും പ്രശാന്ത് കിഷോർ ചർച്ചയിൽ നിന്നും വിട്ടുനിന്നു. പ്രശാന്ത് കിഷോർ സമർപ്പിച്ച ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കാൻ കഴിയുന്നതും നേട്ടമുണ്ടാക്കാൻ സാധിക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി.

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിനുള്ള പാനലിൽ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടുത്ത രാഷ്ട്രീയ സമ്മർദത്തെ തുടർന്നുള്ള നടപടിയാണിത്. സർക്കാർ എന്തിനാണ് ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ചീഫ് സെക്രട്ടറിയാണ് ജോസഫ് സി. മാത്യുവിനെ സംവാദത്തിന് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് ജോസഫ് സി. മാത്യു സമ്മതിക്കുകയും ചെയ്തു. കെ റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഒഴിവാക്കൽ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയിൽ എംഡിയുടെ സ്ഥാനമെന്നും അദ്ദേഹം ചോദിക്കുന്നു.

പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമർശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സാംസ്‌കാരിക – സാഹിത്യ പ്രവർത്തകരും ഉന്നത സി.പി.ഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സർക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവർ തീവ്ര വലതുപക്ഷ സർക്കാരാണെന്നും അദ്ദേഹം വിമർശിക്കുന്നു.

കൊല്ലം: താന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ് പറഞ്ഞു. ‘വികസനം ജനങ്ങള്‍ക്കുവേണ്ടിയാണ്. അതിനായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് എല്ലാവരും കൈകോര്‍ക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതല്‍ പ്രകാശിതമാകുന്നത്’- കെ.വി തോമസ് ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വാചരണ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കെ റെയിൽ പദ്ധതിയിൽ ആശങ്ക ദുരീകരിക്കാൻ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അതല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ല വേണ്ടതെന്നും വി മുരളീധരൻ വ്യക്തമാക്കി. കെ റെയിൽ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തുന്ന പ്രതിരോധ യാത്രയുടെ ആറാം ദിവസം ആറ്റിങ്ങലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിൽ പദ്ധതിയോട് എതിർപ്പുള്ളവരോട് സംവദിക്കും എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ജീവിതകാലം മുഴുവനുള്ള അധ്വാനത്തിന്റെ സമ്പാദ്യമായ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്ന സാധാരണ ജനങ്ങളോടാണ് സംവദിക്കുവാൻ തയ്യാറാക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് അതിന് ആർജ്ജവമില്ലെങ്കിൽ കെ റെയിൽ എംഡിയെ എങ്കിലും പറഞ്ഞു വിടണം. സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തുന്നവർ എന്തുകൊണ്ട് മെട്രോമാൻ ഇ. ശ്രീധരനെ ക്ഷണിച്ചില്ലെന്നും അദ്ദേഹം ചോദിക്കുന്നു.