Politics (Page 134)

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തമായ ധാരണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണെന്നും ഇക്കാര്യങ്ങളാലാണ് സിപിഎം സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ്. ഇന്ത്യയിൽ ഫാസിസത്തെ പ്രതിരോധിക്കുന്ന ശക്തമായ സമരമുഖത്താണ് സിപിഎം. ഈ സമരമുഖങ്ങളിൽ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഏകീകൃത സിവിൽ കോഡിനെതിരെ അതിവിപുലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണമെന്ന് എം വി ഗോവിന്ദൻ ആഹ്വാനം ചെയ്തു.

ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് കോൺഗ്രസിന്. അങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാർടികൾക്കും സെമിനാറിൽ പങ്കെടുക്കാം. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകൾ നടത്തും. കേരളത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകൾ നടക്കാൻ പോവുകയാണ്. അതിൽ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ വിശാലമായ ഒരു ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിനാവശ്യമായ ഫലപ്രദമായ കാൽവെയ്പ്പാണ് സിപിഎം നടത്തിയത്. അതിൽ തന്നെ എല്ലാവരും പങ്കെടുത്തുകൊള്ളണമെന്ന് നിർബന്ധം പിടിക്കേണ്ട കാര്യമില്ല. ഹിന്ദുത്വ അജണ്ടയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ എതിർത്ത് നിലപാട് സ്വീകരിക്കുന്ന എല്ലാ വിഭാഗം ശക്തികളുമായി ചേർന്നുപോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സർക്കാർ കൈവിട്ട ശിൽപി ജോൺസ് കൊല്ലകടവിനു കൈത്താങ്ങായി സുരേഷ് ഗോപി എംപി. സംസ്ഥാന സർക്കാരിന്റെ കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യകന്യകയുടെ ശിൽപ്പം നിർമിക്കുന്നതിനായി സർക്കാർ നൽകിയ തുക തികയാതെ വന്നു. അധിക ചിലവുകൾ വന്നിട്ടും സർക്കാർ പണം നൽകാതായതോടുകൂടി ശിൽപി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു.

പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിർമ്മാണം പൂർത്തീകരിച്ച്‌. എന്നാൽ ശിൽപം പൂർത്തിയായതോടെ സർക്കാർ ശില്പിയെ കയ്യൊഴിയുകയായിരുന്നു. തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ശില്പിയുടെ കൈകളിൽ എത്തുകയായിരുന്നു. ഈ വിഷയം ശ്രദ്ധയിൽ പെട്ടതോടെ സുരേഷ് ഗോപി എംപി വിഷയത്തിൽ ഇടപെടുകയായിരുന്നു. ബാങ്കിന്റെ വായ്പ തിരിച്ചടച്ച് ശില്പി ജോൺസ് കൊല്ലകടവിന്റെ വീടും വസ്തുവിന്റെയും ആധാരം ബാങ്കിൽ നിന്നും തിരികെ എടുത്ത് എംപി ശില്പിയെ ഏല്പിച്ചു.

സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. യോഗത്തിൽ കോൺഗ്രസ്സിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ചതിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കെ എം മുനീർ ഉൾപ്പടെയുള്ള നേതാക്കൾ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് ലീഗ് വിഷയത്തിൽ ഔദ്യോഗികമായി തീരുമാനമെടുത്തത്.

യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്നു സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒപ്പം ഏകീകൃത സിവിൽ കോഡ് മുസ്ലിം വിഷയമാക്കി മാറ്റരുതെന്നും ഇതൊരു പൊതു വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്താലും മുന്നോട്ട് പോകണമെങ്കിൽ രാഹുൽ മറികടക്കേണ്ടത് ഒട്ടനവധി പ്രതിസന്ധികൾ. കുറ്റക്കാരനെന്നു കണ്ടെത്തിയതും 2 വർഷം തടവുശിക്ഷ വിധിച്ചതും ചോദ്യം ചെയ്ത് രാഹുൽ നൽകിയ അപ്പീൽ ഹർജിയിൽ സൂറത്ത് കോടതിയുടെ വിധിയും നിർണായകമാകും.

സുപ്രീം കോടതി സ്റ്റേ നൽകിയാലും സൂറത്ത് കോടതിയുടെ വിധി പ്രതികൂലമാണെങ്കിൽ സ്റ്റേ നീങ്ങി, വീണ്ടും രാഹുലിന് ഗുജറാത്ത് കോടതിയുടെ തീർപ്പിനായി കാത്തിരിക്കണം. അപ്പീലിൽ തീർപ്പാകും വരെ രാഹുലിന് സൂറത്ത് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് അറസ്റ്റ് ഭീഷണിയില്ല. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ രാഹുലിന്റെ അറസ്റ്റ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്ന് മോദി സർക്കാരിന് ഉറപ്പാണ്.

അയോധ്യയിൽ പണി നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് കേന്ദ്ര വ്യവസായ സുരക്ഷാ സേന മാസ്റ്റർ പ്ലാനുമായി എത്തിയിരിക്കുന്നത്. മുൻപ് രാമക്ഷേത്രത്തിൽ സിഐഎസ്എഫ് സുരക്ഷാ ഓഡിറ്റ് നടത്തിയതിനെ തുടർന്ന് പദ്ധതി രൂപീകരിച്ചിരുന്നു. തുടർന്ന് സർക്കാർ അനുമതി ലഭിച്ചതോടെ മുതിർന്ന ഉദ്യോഗസ്ഥർ ക്ഷേത്ര പരിസരം പരിശോധിച്ചു.

എഡിജി സോൺ പീയൂഷ് മൊർദിയ, ഐജി റേഞ്ച് പ്രവീൺ കുമാർ, എസ്എസ്പി രാജ് കരൺ നയ്യാർ എന്നിവർക്കൊപ്പമാണ് സിഐഎസ്എഫ് ഡിജി ഷീൽ വർധൻ സിങ്, ഡിഐജി സുമന്ത് സിങ് എന്നിവർ ബുധനാഴ്ച ക്ഷേത്രം സന്ദർശിച്ച്, മൂന്ന് മണിക്കൂറോളം സ്ഥലത്ത് പരിശോധന നടത്തി. നിലവിൽ ആധുനിക കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകളും പ്രവർത്തനത്തിലാണ്. വഴിപാടുകൾ അല്ലാതെ മറ്റൊന്നും ഉള്ളിലേക്ക് കൊണ്ടുപോകാൻ ഭക്തരെ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കണമെന്ന് വാദിച്ചവരാണ് ഇഎംഎസും സിപിഎം നേതാക്കളും. ഇപ്പോൾ ഇംഎംഎസിനെ തള്ളിപ്പറയുകയാണ് സിപിഎം. ലീഗിനെ ക്ഷണിക്കുന്നതൊക്കെ കൊള്ളാമെന്നും ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിലുള്ളത് പോകാതെ നോക്കണമെന്ന് മാത്രം സിപിഎമ്മിനെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടത് 1987 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ്. ഇഎംഎസിന്റേയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇഎംഎസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന്റെ നയരേഖയിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോ. ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോൾ ആവശ്യപ്പെടുന്നത്. അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നതെന്ന് വി ഡി സതീശൻ പരിഹസിച്ചു.

യുഡിഎഫ് സുശക്തമാണ്. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സിപിഎമ്മിന് നൽകാനുള്ളത്. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പമാണ്. ഇപ്പോൾ അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: മഹാരാഷ്ട്രയിൽ ശരദ് പവാറും അജിത് പവാറും തമ്മിൽ പോര് ശക്തമാകുന്നു. 82കാരനായ ശരദ് പവാറിന് വിരമിക്കാൻ സമയമായെന്നും ഭരണം തനിക്ക് കൈമാറണമെന്നുമുള്ള അജിത് പവാറിന്റെ പരാമർശത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ശരദ് പവാർ. താൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹം അജിത് പവാറിന് മറുപടി നൽകിയത്. തന്നോട് വിരമിക്കാനാവശ്യപ്പെടാൻ അവർ ആരാണ്. 82 വയസോ 92 വയസോ ആകട്ടെ, ആ പ്രായത്തിലും പഴയതുപോലെ പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയും താൻ മുന്നോട്ടുപോവുക തന്നെ ചെയ്യും. തന്നെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെ അഭ്യർഥന പ്രകാരമാണ് തന്റെ തീരുമാനം. മൊറാർജി ദേശായി എത്രാമത്തെ വയസ്സിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്ന് ഓർമയുണ്ടോ. തനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും താൻ തളർന്നവനുമല്ല വിരമിച്ചവനുമല്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തനിക്ക് പുതിയതല്ല. വീണിടത്തു നിന്ന് തുടങ്ങേണ്ടതെങ്ങനെയെന്ന് തനിക്ക് അറിയാം. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആര് പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം ഉണ്ടാകുമെന്നും തങ്ങൾ വ്യക്തമാക്കി. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും തങ്ങൾ പറഞ്ഞു.

സമസ്തയുടെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ നന്മയ്ക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ലെന്നും, ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും, മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റുവെന്ന് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി. ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടിക്ക് വേണ്ടി ജീവിതത്തിൽ സർവസ്വവും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ട്. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരാളെ, സമൂഹമധ്യത്തിൽ പാർട്ടിക്കാരെക്കൊണ്ട് അപമാനിക്കുമ്പോൾ താനാണോ ഉത്തരം പറയേണ്ടതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.

താൻ പാർട്ടി പരിപാടികളിൽ വരുന്നില്ലേ എന്ന ചോദ്യം പല തലങ്ങളിൽ നിന്നായി ഉയരുന്നുണ്ട്. ഇതിന് ഉത്തരം നൽകേണ്ടത് താനല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പാർട്ടി സംസ്ഥാന അധ്യക്ഷനാണ്. താൻ എന്താണ് ചെയ്യേണ്ടത്. ചില കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയേണ്ടിവരുമെന്നും അത് പാർട്ടിയെ കൂടുതൽ നന്നാക്കാൻ വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

തനിക്കെതിരായി പല വാർത്തകളും വരികയാണ്. ആരാണ് ഈ വാർത്തകൾ നൽകുന്നത്. ബിജെപിക്ക് സംസ്ഥാനത്ത് പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ വന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുന്നു തവണ ചർച്ച നടത്തി. പക്ഷെ, തന്നെയടക്കം പലരെയും മാറ്റി നിർത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ശോഭ കൂട്ടിച്ചേർത്തു.

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗീയ നിലപാട് ഉണ്ടായതിനാലാണ് സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെയും ജമാഅത്തിനെയും ക്ഷണിക്കാത്തത് എന്നാണ് മുഹമ്മദ് റിയാസ് മധ്യാമങ്ങളോട് പറഞ്ഞത്. ‘കോൺഗ്രസ് എടുക്കുന്ന സമീപനം യോജിക്കാൻ കഴിയുന്നതല്ല. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ പരസ്യമായി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് നടക്കുന്നത്.

ഹിമാചൽ പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിംഗ് മുതലുള്ള നേതാക്കൾ പിന്തുണ അറിയിച്ചു. ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല. ഹൈക്കമാൻഡിന് ആരും പരാതിയും കൊടുത്തിട്ടില്ല. ഇരു മത വർഗീയവാദികളെയും കോൺഗ്രസിനെയും സെമിനാറിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ലയെന്നും’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു.