അയോദ്ധ്യ രാമക്ഷേത്രം ; സുരക്ഷ കർശനമാക്കി സർക്കാർ

അയോധ്യയിൽ പണി നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് കേന്ദ്ര വ്യവസായ സുരക്ഷാ സേന മാസ്റ്റർ പ്ലാനുമായി എത്തിയിരിക്കുന്നത്. മുൻപ് രാമക്ഷേത്രത്തിൽ സിഐഎസ്എഫ് സുരക്ഷാ ഓഡിറ്റ് നടത്തിയതിനെ തുടർന്ന് പദ്ധതി രൂപീകരിച്ചിരുന്നു. തുടർന്ന് സർക്കാർ അനുമതി ലഭിച്ചതോടെ മുതിർന്ന ഉദ്യോഗസ്ഥർ ക്ഷേത്ര പരിസരം പരിശോധിച്ചു.

എഡിജി സോൺ പീയൂഷ് മൊർദിയ, ഐജി റേഞ്ച് പ്രവീൺ കുമാർ, എസ്എസ്പി രാജ് കരൺ നയ്യാർ എന്നിവർക്കൊപ്പമാണ് സിഐഎസ്എഫ് ഡിജി ഷീൽ വർധൻ സിങ്, ഡിഐജി സുമന്ത് സിങ് എന്നിവർ ബുധനാഴ്ച ക്ഷേത്രം സന്ദർശിച്ച്, മൂന്ന് മണിക്കൂറോളം സ്ഥലത്ത് പരിശോധന നടത്തി. നിലവിൽ ആധുനിക കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകളും പ്രവർത്തനത്തിലാണ്. വഴിപാടുകൾ അല്ലാതെ മറ്റൊന്നും ഉള്ളിലേക്ക് കൊണ്ടുപോകാൻ ഭക്തരെ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.