Politics (Page 133)

മുംബൈ: അജിത് പവാർ ഉൾപ്പെടെ മറുകണ്ടം ചാടിയ മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. പ്രഫുൽ പട്ടേലും 9 എംഎൽഎമാരും പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ശരദ് പവാർ അധ്യക്ഷനായ എൻസിപി പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശരദ് പവാറിന്റെ വസതിയിൽ വെച്ചാണ് യോഗം ചേർന്നത്. 27 സംസ്ഥാന സമിതികൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവരെല്ലാം ശരദ് പവാറിനൊപ്പമാണെന്ന് വ്യക്തമാക്കി. കേരളത്തിൽ നിന്നും സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുത്തിരുന്നു.

എൻസിപി അധ്യക്ഷൻ താൻ തന്നെയാണെന്നും മറ്റ് അവകാശ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും യോഗത്തിന് ശേഷം ശരദ് പവാർ പ്രതികരിച്ചു.

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോയെന്നും ഉണ്ടെങ്കിൽ അതെന്താണെന്നും അദ്ദേഹം ചോദിച്ചു.

ഹിമാചൽ മന്ത്രി കൂടിയായ കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിംഗ് ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാടെന്ന് അദ്ദേഹം ചോദിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഡൽഹി സംസ്ഥാന സർക്കാരിനനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ്സ് ഫലത്തിൽ അനുകൂലിക്കുകയാണ്. ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയത്. എന്നാൽ ഡൽഹി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസ്സിന്റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ഡൽഹിയിലെ ആം ആദ്മി സർക്കാരിന് പിന്തുണ നൽകാൻ തയ്യാറായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ്സ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാറിന് ദേശീയ തലത്തിൽ ചുമതല നൽകി കോൺഗ്രസ് ഹൈക്കമാന്റ്. എൻഎസ്‌യു ചുമതലയുളള എഐസിസി ഭാരവാഹിയായാണ് കനയ്യ കുമാറിന് ചുമതല നൽകിയിരിക്കുന്നത്. കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ വിട്ടാണ് കനയ്യ കുമാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 2021 ലായിരുന്നു കനയ്യ കുമാർ സിപിഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ എത്തിയത്. രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ എന്നതിനാലാണ് പാർട്ടി മാറിയതെന്നായിരുന്നു കനയ്യ കുമാറിന്റെ വിശദീകരണം.

തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നെയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണെന്നും സിപിഐയോട് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് പെൻഷൻ പ്രഖ്യാപിച്ച് മാസങ്ങൾ ആകുന്നതിനു മുൻപാണ് പുത്തൻ പെൻഷൻ പദ്ധതിയുമായി വീണ്ടും ഹരിയാന സർക്കാർ എത്തിയിരിക്കുന്നത്.

പുതിയ പദ്ധതി അനുസരിച്ച് 45വയസ്സിനും 60 വയസ്സിനും ഇടയിലുള്ള അവിവാഹിതർക്ക് 2750 രൂപയാണ് മാസം പെൻഷനായി ലഭിക്കുക. വാർഷിക വരുമാനം 1.8 ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 40 വയസ്സുമുതൽ 60 വരെയുള്ള വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വിഭാര്യർക്കുള്ള പെൻഷൻ ലഭിക്കും.

രാജസ്ഥാൻ കോൺ​ഗ്രസിൽ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ​ഗെഹ് ലോട്ടും സച്ചിൻപൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമായ സച്ചിൻ പൈലറ്റിന്റെ ആവശ്യങ്ങളിൽ തീരുമാനമെടുത്തത് കോൺഗ്രസ് നേതൃത്വം. പിഎസ് എസിയിൽ നിയമനിർമ്മാണവും, ചോദ്യപേപ്പർ ചോർച്ചയിൽ അന്വഷണവുമായിരുന്നു സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ട കാര്യങ്ങൾ.

ഈ രണ്ടു ആവശ്യങ്ങളും ഹൈകമാൻഡ് പരിഗണിച്ചിരിക്കുകയാണ്. മുതിർന്ന കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോ​ഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ പരിഹാസവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സി പി എം വരുന്നതെന്ന് അദ്ദേഹം പരഹസിച്ചു.

ഏക സിവിൽ കോഡ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ്. ഇതിനെതിരെ കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കും. ജൂലൈ 26 ന് രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സേേമ്മളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..

283 ബ്ലോക്കുകളിലും സമരം നടത്തും. ഏഷ്യാനെറ്റ്, മാതൃഭൂമി മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുകയാണെന്ന് കെ സുധാകരൻ വിമർശിച്ചു. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ നടത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടി ചോദ്യം ചെയ്തിരിക്കുകയാണ് സർക്കാർ.

ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിച്ചിരുന്നു. ബില്ലിന് കീഴിൽ, വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ ആവശ്യങ്ങൾക്കായി മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാൻ കഴിയൂ. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റലൈസ് ചെയ്തതുമായ ഡാറ്റ ഇതിൽ ഉൾപ്പെടും.

ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഡാറ്റാ സംരക്ഷിക്കുന്നതിനായും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങൾ ശാക്തീകരിക്കുന്നതിനുമായി അതോറിറ്റി രൂപീകരിക്കാനും ശിപാര്‍ശയുണ്ടായിരുന്നു.

ന്യൂഡൽഹി: ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ രാജ്യത്ത് ആദിവാസികൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ആദിവാസികൾക്കും ദളിതർക്കുമെതിരേയുള്ള ബിജെപിയുടെ യഥാർഥ സമീപനമാണ് വ്യക്തമാക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിൽ ഒരു ബിജെപി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ വെറുപ്പിന്റെ അറപ്പുളവാക്കുന്ന യഥാർഥ മുഖമാണിതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മധ്യപ്രദേശിലെ സിദ്ധിയിലാണ് സംഭവം അരങ്ങേറിയത്. പ്രവേഷ് ശുക്ല എന്നയാളാണ് ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രവേഷ് ശുക്ല ബിജെപി എംഎൽഎ കേദർനാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, പ്രവേഷ് ശുക്ല തന്റെ സഹായി അല്ലെന്നായിരുന്നു കേദർനാഥ് ശുക്ല എംഎൽഎ വ്യക്തമാക്കിയത്. ഇയാൾ പാർട്ടി പ്രവർത്തകൻ പോലുമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുംബൈ: എൻസിപി പിളർന്നതിന് പിന്നാലെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാർ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ, പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാർ- അജിത് പവാർ പക്ഷങ്ങൾ. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

അതേസമയം, ശരദ് പവാറിനെതിരെ അജിത് പവാർ രൂക്ഷ വിമർശനം ഉന്നയിച്ചു. ശരദ് പവാർ വിരമിക്കണം. 83 വയസ്സായി. എന്നാണ് ഇതൊക്കെ നിർത്തുകയെന്ന് അദ്ദേഹം ചോദിക്കുന്നു. റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാർ 60 വയസ്സിൽ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.