റായ്ബറേലിയെ സേവിക്കാനുള്ള ഉത്തരവാദിത്വം അമ്മ സോണിയ ഗാന്ധി തന്നെ ഏൽപിച്ചു; രാഹുൽ ഗാന്ധി

ന്യൂഡൽഹി: റായ്ബറേലി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തങ്ങളുടെ കുടുംബവുമായി അഭേദ്യബന്ധമുള്ള റായ്ബറേലിയെ സേവിക്കാനുള്ള ഉത്തരവാദിത്വം അമ്മ സോണിയ ഗാന്ധി തന്നെ ഏൽപിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 2004 മുതൽ റായ്ബറേലിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ്.

സോണിയ ഗാന്ധി ഈ വർഷം ആദ്യം രാജ്യസഭാംഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയാകാനുള്ള അവസരം രാഹുലിനെ തേടിയെത്തിയത്. അമേഠിയിൽ രാഹുൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ആദ്യം ഉയർന്നിരുന്നെങ്കിലും റായ്ബറേലിയിൽ രാഹുൽ ഗാന്ധി വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുകയായിരുന്നു. മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി വദ്ര, സഹോദരീ ഭർത്താവ് റോബർട്ട് വദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശപത്രിക നൽകിയത്.

അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങളെ കുടുംബമായാണ് കാണുന്നതെന്നും ഇരുമണ്ഡലങ്ങളിലേയും ജനങ്ങളെ വേർതിരിച്ചുകാണുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. തനിക്ക് വികാരനിർഭരമായ നിമിഷമാണെന്നും കുടുംബത്തിന്റെ കർമഭൂമിയുടെ ഉത്തരവാദിത്വം അമ്മ തന്നെ ഏൽപിക്കുകയും മണ്ഡലത്തെ സേവിക്കാനുള്ള അവസരം നൽകുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.