താൻ തളർന്നിട്ടില്ല, ഇനിയും താൻ മുന്നോട്ടുപോവുക തന്നെ ചെയ്യും; അജിത് പവാറിന് മറുപടിയുമായി ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ശരദ് പവാറും അജിത് പവാറും തമ്മിൽ പോര് ശക്തമാകുന്നു. 82കാരനായ ശരദ് പവാറിന് വിരമിക്കാൻ സമയമായെന്നും ഭരണം തനിക്ക് കൈമാറണമെന്നുമുള്ള അജിത് പവാറിന്റെ പരാമർശത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ശരദ് പവാർ. താൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹം അജിത് പവാറിന് മറുപടി നൽകിയത്. തന്നോട് വിരമിക്കാനാവശ്യപ്പെടാൻ അവർ ആരാണ്. 82 വയസോ 92 വയസോ ആകട്ടെ, ആ പ്രായത്തിലും പഴയതുപോലെ പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയും താൻ മുന്നോട്ടുപോവുക തന്നെ ചെയ്യും. തന്നെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെ അഭ്യർഥന പ്രകാരമാണ് തന്റെ തീരുമാനം. മൊറാർജി ദേശായി എത്രാമത്തെ വയസ്സിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്ന് ഓർമയുണ്ടോ. തനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും താൻ തളർന്നവനുമല്ല വിരമിച്ചവനുമല്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തനിക്ക് പുതിയതല്ല. വീണിടത്തു നിന്ന് തുടങ്ങേണ്ടതെങ്ങനെയെന്ന് തനിക്ക് അറിയാം. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.