നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റു; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റുവെന്ന് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി. ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടിക്ക് വേണ്ടി ജീവിതത്തിൽ സർവസ്വവും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ട്. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരാളെ, സമൂഹമധ്യത്തിൽ പാർട്ടിക്കാരെക്കൊണ്ട് അപമാനിക്കുമ്പോൾ താനാണോ ഉത്തരം പറയേണ്ടതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.

താൻ പാർട്ടി പരിപാടികളിൽ വരുന്നില്ലേ എന്ന ചോദ്യം പല തലങ്ങളിൽ നിന്നായി ഉയരുന്നുണ്ട്. ഇതിന് ഉത്തരം നൽകേണ്ടത് താനല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പാർട്ടി സംസ്ഥാന അധ്യക്ഷനാണ്. താൻ എന്താണ് ചെയ്യേണ്ടത്. ചില കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയേണ്ടിവരുമെന്നും അത് പാർട്ടിയെ കൂടുതൽ നന്നാക്കാൻ വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

തനിക്കെതിരായി പല വാർത്തകളും വരികയാണ്. ആരാണ് ഈ വാർത്തകൾ നൽകുന്നത്. ബിജെപിക്ക് സംസ്ഥാനത്ത് പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ വന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുന്നു തവണ ചർച്ച നടത്തി. പക്ഷെ, തന്നെയടക്കം പലരെയും മാറ്റി നിർത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ശോഭ കൂട്ടിച്ചേർത്തു.