Latest News (Page 2,032)

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നതിന് രാജ്യത്തൊട്ടാകെ അനിശ്ചിത കാലത്തേക്ക് 42 പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. യാതൊരുവിധ തടസ്സങ്ങളും കൂടാതെ ഗുഡ്‌സ് ട്രെയിനുകള്‍ വേഗത്തില്‍ ഓടിച്ച് താപനിലയങ്ങളിലെ കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കാണാനാണ് റെയില്‍വേ ശ്രമിക്കുന്നത്.

ട്രെയിനുകളുടെ സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗുഡ്‌സ് ട്രെയിനുകള്‍ താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.

പ്രതിസന്ധികളില്‍ കുറവ് വന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കും. അതേസമയം, വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയാതെ വന്നാല്‍ മെട്രോയെ അടക്കം ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

യുപിഐ വഴി പണം അയക്കാന്‍ പല വഴികളുണ്ടെങ്കിലും, സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത് രണ്ട് വഴിയാണ്. മൊബൈല്‍ നമ്പരിലേക്കും, ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും. മൊബൈല്‍ നമ്പര്‍ വഴി ഇടപാട് നടത്താന്‍, പണം അയയ്ക്കുന്ന ആളും പണം സ്വീകരിക്കുന്ന ആളും ഒരേ യുപിഐ ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് നിബന്ധനയുണ്ട്. ഒരാപ്പില്‍ നിന്ന് മറ്റൊരാപ്പിലേക്ക് പണം അയയ്ക്കാന്‍ യിപിഐ ഐഡി വേണം. ഇപ്പോള്‍ ചില ആപ്പുകള്‍ ഫോണ്‍ നമ്ബര്‍ തന്നെ യുപിഐ ഐഡി ആക്കാനുള്ള അവസരം നല്‍കുന്നുണ്ട്.

ഇതില്‍ ഏവര്‍ക്കും പ്രിയപ്പെട്ടത് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതാണ്. കോഡ് സ്‌കാന്‍ ചെയ്യുക, എത്ര പണം അയക്കണമെന്ന് രേഖപ്പെടുത്തണം, പിന്‍ നമ്ബര്‍ അടിക്കണം. സംഗതി തീര്‍ന്നു. എന്നാല്‍, നമ്മള്‍ മറ്റൊരാള്‍ക്ക് അങ്ങോട്ട് പണം അയയ്ക്കാന്‍ മാത്രമേ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതുള്ളു. മറ്റൊരാളില്‍ നിന്ന് പണം സ്വീകരിക്കാന്‍ നമ്മള്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതോ പിന്‍ കോഡ് രേഖപ്പെടുത്തുകയോ വേണ്ട. ഈ അറിവ് പലര്‍ക്കുമില്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ ഈ അറിവില്ലായ്മയെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. നമ്മളെല്ലാം ഏറ്റവും അധികം സമയം ചെലവഴിക്കുന്ന വാട്‌സാപ്പിലൂടെയാണ് ക്യൂ ആര്‍ കോഡ് തട്ടിപ്പ് വ്യാപകമായി നടക്കുന്നതും.

ഒഎല്‍എക്‌സിലോ മറ്റോ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ പോസ്റ്റ് ചെയ്ത സാധനം വാങ്ങാന്‍ താല്‍പര്യമുണ്ടെന്നോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലോട്ടറി അടിച്ചെന്നോ, ലക്കി ഡ്രോയില്‍ സമ്മാനം നേടിയെന്നോ ഒക്കെ പറഞ്ഞ് അവര്‍ നിങ്ങളുടെ വാട്‌സാപ്പിലേക്ക് മെസേജ് അയക്കും. ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാം എന്ന് പറഞ്ഞ് സന്ദേശം വരും. പണം അയക്കാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഒന്നും അവര്‍ ചോദിക്കില്ല. പകരം ഒരു ക്യൂ ആര്‍ കോഡ് അയക്കും. അത് സ്‌കാന്‍ ചെയ്ത് എത്രയാണോ ലഭിക്കേണ്ട പണം ആ തുകയും ശേഷം പിന്‍ നമ്പരും രേഖപ്പെടുത്താനുള്ള സന്ദേശം വരും. ഇതെല്ലാം ചെയ്ത് കാത്തിരിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയ വിവരമായിരിക്കും വരിക. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത വഴി നിങ്ങളുടെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് പോയിരിക്കുന്നു. നിങ്ങള്‍ സ്വമേധയാ പിന്‍ നമ്ബര്‍ രേഖപ്പെടുത്തി പണം അയച്ചതിനാല്‍ ബാങ്കോ ആപ്പോ ഒന്നും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ആരും സഹായിക്കില്ല. ബാങ്കിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കാന്‍ നിയമസാധുതയില്ല. അതിനാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് പണം സ്വീകരിക്കാന്‍ നിങ്ങള്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ യുപിഐ പിന്‍ നമ്ബര്‍ രേഖപ്പെടുത്തേണ്ടതോ ആയ യാതൊരു ആവശ്യവുമില്ല.

പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാൽസിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകർത്തുന്നത്.

രോഗലക്ഷണങ്ങൾ

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

രോഗ പ്രതിരോധ മാർഗങ്ങൾ

കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും സിൽവർ ലൈൻ പദ്ധതിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭാ മുഖപത്രം സത്യദീപം. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കൾ സിൽവർ ലൈന് ജപ്പാൻ നിക്ഷേപം കാത്തിരിക്കുകയാണെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു. വായ്പയെടുത്തുള്ള വികസനം ബാധ്യതയാകുമെന്ന വിമർശനം ഗൗരവമായി കാണുന്നില്ലെന്നും സത്യദീപം വ്യക്തമാകുന്നു.

വികസന മുദ്രാവാക്യം എന്നതിനപ്പുറം സിൽവർ ലൈൻ പദ്ധതി ഒന്നുമാകില്ല. ജനങ്ങളെ വെല്ലുവിളിച്ച് ചെയ്യുന്ന പ്രവൃത്തികളെ വികസനമെന്ന് വിളിക്കരുതെന്നും സത്യദീപം അറിയിച്ചു.

അതേസമയം, സിൽവർ ലൈൻ സംവാദം എട്ട് നിലയിൽ തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് വേണ്ടി സംസാരിക്കാൻ വന്നവർ പദ്ധതിക്കെതിരായി മാറി. പദ്ധതി ഉപരിവർഗത്തിന് വേണ്ടിയാണെന്നാണ് വിദഗ്ധർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈനിനു വേണ്ടി വാദിക്കാൻ വന്നവർ അവസാനം കൂറ് മാറി. സർക്കാരിന് വേണ്ടി വാദിക്കാൻ വന്നവർക്ക് കല്ലിടുന്നതിന് എതിരെ പറയേണ്ടി വന്നു. സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ തകർത്ത് വരേണ്യവർഗത്തിന് വേണ്ടി സിൽവർ ലൈൻ ഒരുക്കുന്നത് എന്ത് ഇടതുപക്ഷ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനത്തെ വിമർശിച്ച പാകിസ്താന്റെ പരാമർശത്തിനാണ് ഇന്ത്യ ചുട്ട മറുപടി നൽകിയത്. മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശം തെറ്റാണ്. പാകിസ്താന് ജമ്മു കശ്മീരിനെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല. പാകിസ്താന് ജമ്മു കശ്മീരിൽ സ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്വീകരണം എല്ലാവരും കണ്ടതാണ്. അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ച വികസന പദ്ധതികളും അവിടെ ഉണ്ടായ മാറ്റങ്ങളും പാകിസ്താനുള്ള ഉത്തരങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ വേണ്ടി പ്രധാനമന്ത്രി കശ്മീർ സന്ദർശിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് കശ്മീരിലെത്തിയത്.

പത്തനംതിട്ട: എ.എ റഹീമിനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സമ്മേളനത്തിലെ പൊതു ചർച്ചയിലാണ് പ്രതിനിധികൾ നേതാക്കൾക്കെതിരേ വിമർശനം ഉന്നയിച്ചത്. സംഘടനയെ നിയന്ത്രിക്കുന്നത് റഹീം, റിയാസ്, സതീഷ് തുടങ്ങിയവർ അടങ്ങുന്ന കോക്കസാണെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം.

മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിൽ ഡിവൈഎഫ്‌ഐയുടെ കേന്ദ്ര നേതൃത്വം നിഷ്‌ക്രിയമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കോന്നി എംഎൽഎ കെ.യു ജനീഷ് കുമാറിനെതിരെയും പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ജനീഷ് കുമാർ നിരന്തരം ശബരിമലയിൽ ദർശനം നടത്തുന്നു. ഇത് ശബരിമലയിലെ സ്ത്രീ പ്രവേശനകാലത്ത് സ്വീകരിച്ച നിലപാടുകൾക്ക് വിപരീതമാണെന്നാണ് സംഘടന അറിയിച്ചത്.

അതേസമയം, സംഘടനയെ മറയാക്കി ഒരു വിഭാഗം സാമൂഹിക വിരുദ്ധർ പ്രവർത്തിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.

കൊച്ചി: സംസ്ഥാനത്ത് കെ-റെയില്‍ കമ്പനി ഇന്നലെ നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയില്‍ എംഡിയെ ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് ക്ഷണിച്ചു. കെ-റെയില്‍ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്റെ ഘടന, പാനല്‍ എന്നിവ നല്‍കണമെന്നും, ഇതിനുശേഷം പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും എംഡി അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയെയും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, ആയുര്‍വേദ ചികിത്സയിലായതിനാല്‍ തോമസ് ഐസക് പങ്കെടുക്കാന്‍ ആവില്ലെന്ന് അറിയിച്ചു.

മെയ് നാലിനാണ് സംവാദം. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംവാദത്തിലുണ്ടാകില്ല. അതത് മേഖലയിലെ വിദഗ്ദര്‍ മാത്രമാണുണ്ടാവുക. ഇന്നലത്തെ സംവാദത്തില്‍ നിന്ന് പിന്മാറിയ അലോക് വര്‍മ്മ, ഇന്നലെ പങ്കെടുത്ത രഘുചന്ദ്രന്‍ നായര്‍, കുഞ്ചെറിയ ഐസക് എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അതാത് ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് വര്‍ധിക്കുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, രാജ്യത്തെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മാറിയെന്നും ഇനി അത്തരത്തിലുള്ള പരിരക്ഷകള്‍ പ്രതികള്‍ക്ക് മാത്രമായി നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ സംസ്ഥാന പിസിസികള്‍ അഴിച്ചു പണിയാനും ജി23 വിമത നേതാക്കളെ ഒപ്പം നിര്‍ത്താനുമുള്ള നീക്കവുമായി കോണ്‍ഗ്രസ്. അതിനിടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രതീക്ഷകള്‍ മങ്ങിയതോടെ രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, മെയ് 13 മുതല്‍ 15വരെ ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ വിമത നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ പിസിസികളുടെ രൂപീകരണം സഹായിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.

നിലവില്‍ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയെങ്കിലും ബിജെപിയ്‌ക്കെതിരെ രാഷ്ട്രീയമായി പൊരുതാന്‍ മികച്ചത് രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെലോട്ട് ശിബിരത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, ഈ നീക്കത്തെ വിമത നേതാക്കള്‍ അനുകൂലിക്കുമോ എന്ന കാര്യം സംശയമാണ്.

അതേസമയം, പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലെത്തില്ലെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച കമല്‍നാഥ് ദേശീയനേതൃത്വത്തിലേയ്ക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.

കൊളംബോ: ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യ മരുന്നുകളുമായി ഇന്ത്യൻ നാവികാ സേനയുടെ കപ്പൽ കൊളംബോയിലെത്തി.

നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ഘരിയാലാണ് കൊളംബോയിലെത്തിയത്. വൈദ്യമേഖലയിൽ അവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് എത്തിച്ചിട്ടുള്ളതെന്ന് നാവിക സേന വ്യക്തമാക്കി.

സാമ്പത്തിക തകർച്ച നേരിടുന്ന ശ്രീലങ്കയ്ക്കായി ഭക്ഷ്യധാന്യം, മരുന്നുകൾ, ഇന്ധനം തുടങ്ങിയവ ഇന്ത്യ നൽകുന്നുണ്ട്. മറ്റ് വിദേശരാജ്യങ്ങളുമായി ഇന്ത്യ ശ്രീലങ്കയ്ക്കായി അതിവേഗ സഹായത്തിന് അഭ്യർത്ഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാൻ ഇന്ത്യയാണ് നയതന്ത്രപരമായി ഇടപെടൽ നടത്തിയത്.