വായ്പയെടുത്തുള്ള വികസനം ബാധ്യതയാകുമെന്ന വിമർശനം ഗൗരവമായി കാണുന്നില്ല; സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും സിൽവർ ലൈൻ പദ്ധതിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭാ മുഖപത്രം സത്യദീപം. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കൾ സിൽവർ ലൈന് ജപ്പാൻ നിക്ഷേപം കാത്തിരിക്കുകയാണെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു. വായ്പയെടുത്തുള്ള വികസനം ബാധ്യതയാകുമെന്ന വിമർശനം ഗൗരവമായി കാണുന്നില്ലെന്നും സത്യദീപം വ്യക്തമാകുന്നു.

വികസന മുദ്രാവാക്യം എന്നതിനപ്പുറം സിൽവർ ലൈൻ പദ്ധതി ഒന്നുമാകില്ല. ജനങ്ങളെ വെല്ലുവിളിച്ച് ചെയ്യുന്ന പ്രവൃത്തികളെ വികസനമെന്ന് വിളിക്കരുതെന്നും സത്യദീപം അറിയിച്ചു.

അതേസമയം, സിൽവർ ലൈൻ സംവാദം എട്ട് നിലയിൽ തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് വേണ്ടി സംസാരിക്കാൻ വന്നവർ പദ്ധതിക്കെതിരായി മാറി. പദ്ധതി ഉപരിവർഗത്തിന് വേണ്ടിയാണെന്നാണ് വിദഗ്ധർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈനിനു വേണ്ടി വാദിക്കാൻ വന്നവർ അവസാനം കൂറ് മാറി. സർക്കാരിന് വേണ്ടി വാദിക്കാൻ വന്നവർക്ക് കല്ലിടുന്നതിന് എതിരെ പറയേണ്ടി വന്നു. സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ തകർത്ത് വരേണ്യവർഗത്തിന് വേണ്ടി സിൽവർ ലൈൻ ഒരുക്കുന്നത് എന്ത് ഇടതുപക്ഷ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.