Latest News (Page 2,033)

തിരുവനന്തപുരം: അഴിമതി കുറക്കാന്‍ പുതിയ നീക്കം. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനയില്‍ താല്‍ക്കാലികമായി അടച്ച കടകള്‍ തുറക്കാന്‍ ഇനി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. സംസ്ഥാന വ്യാപകമായി ഷവര്‍മ കടകളില്‍ ഉള്‍പ്പെടെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കുക, പഴകിയതും കേടായതുമായ ഇറച്ചിയും മീനും ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയത്. ശക്തമായ നടപടി എടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചതോടെ കമ്മീഷണര്‍ ഇടപെടല്‍ നടത്തുകയും, കടകള്‍ പൂട്ടുകയുമായിരുന്നു.

പ്രശ്‌നം പരിഹരിച്ച ശേഷം കടയുടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ നേരിട്ട് പരിശോധന നടത്തിയാണ് തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നത്. എന്നാല്‍, രാഷ്ട്രീയ സ്വാധീനങ്ങളെ തുടര്‍ന്ന് ആവശ്യമായ നടപടികളെടുക്കാത്ത സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി കൊടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ക്കാണ് ഇനി പൂട്ടു വീഴുക.

കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാനൊരുങ്ങി കേന്ദ്രീയ വിദ്യാലയങ്ങള്‍. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നല്‍കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുക, എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 23 വയസ്സ് ആകുന്നതു വരെ അവര്‍ക്ക് ഈ സഹായങ്ങള്‍ നല്‍കണമെന്നും പദ്ധതി നിര്‍ദേശിക്കുന്നു. അവര്‍ക്ക് 1 മുതല്‍ 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ട്യൂഷന്‍ ഫീസ്, വിദ്യാലയ വികാസ് നിധി ചാര്‍ജുകള്‍ മുതലായവ അവര്‍ നല്‍കേണ്ടതില്ല. പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീമിന് കീഴില്‍ രാജ്യത്തുടനീളമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെവിഎസ് അധികൃതരാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.

‘ഈ പദ്ധതി പ്രകാരം കണ്ടെത്തുന്ന കുട്ടികളുടെ പ്രവേശനം ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ശുപാര്‍ശയില്‍ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആയിരിക്കും. ഒരു ക്ലാസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം പരമാവധി 10 വിദ്യാര്‍ത്ഥികളെ ഡിഎമ്മിന് ഒരു സ്‌കൂളിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ബന്ധപ്പെട്ട ജില്ലയിലെ ഡിഎമ്മിന് നല്‍കിയിട്ടുണ്ടെന്നുംകേന്ദ്രീയ വിദ്യാലയങ്ങള്‍ അത്തരം കുട്ടികളെ പ്രവേശിപ്പിക്കുമെന്നും കെവിഎസ് വാരണാസി മേഖല അസിസ്റ്റന്റ് കമ്മീഷണര്‍ ബി ദയാല്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനായി കെവിഎസിന്റെ പ്രവേശന നിര്‍ദ്ദേശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളില്‍ രണ്ട് പേരെയോ, ദത്തെടുത്ത മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിര്‍ദേശം പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈ: ഇന്നലത്തെ ആദ്യ ഐ.പി.എല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് വിജയ വഴിയില്‍ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 5വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 2 പന്ത് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 190/4). ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഒരു ജയം കൂടിനേടിയാല്‍ പ്ലേഓഫ് ഉറപ്പിക്കാം. മറുവശത്ത് തോല്‍വി പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍കരിനിഴലായി.

മോശംഫോമിനെത്തുടര്‍ന്ന് ഡഗൗട്ടിലായിരുന്ന യശ്വസി എന്നാല്‍ ഇന്നലെ തിരിച്ചുവരവില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടി (41 പന്തില്‍ 68) രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയാവുകയായിരുന്നു. 9 ഫോറും 2 സിക്‌സും യശ്വസിയുടെ ബാറ്റില്‍ നിന്ന് പറന്നു.

ജോസ് ബട്ട്ലര്‍ (16 പന്തില്‍ 30), ക്യാപ്ടന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 23), ദേവ്ദത്ത് പടിക്കല്‍ (31) എന്നിവരും നല്ല പ്രകടനം കാഴ്ചവച്ചു. അവസാനമൊന്നു പതറിയ രാജസ്ഥാനെ 2 സിക്‌സും 3 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 16 പന്തില്‍ 31 റണ്‍സെടുത്ത ഹെറ്റ്മേയര്‍ പ്രശ്‌നമില്ലാതെ വിജയതീരത്തെത്തിക്കുകയായിരുന്നു. അര്‍ഷദീപ് സിംഗ് പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തേ ഫോമിലേക്ക് തിരിച്ചെത്തിയ ജോണി ബെയര്‍ സ്റ്റോയാണ് (40 പന്തില്‍ 56) പഞ്ചാബിന്റെ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. ജിതേഷ് ശര്‍മ്മയും (പുറത്താകാതെ 18 പന്തില്‍ 38), ലിയാം ലിംവിംഗ്സ്റ്റണ്‍ (14പന്തില്‍ 22) എന്നിവരാണ് അവസാന ഓവറുകളില്‍ പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ചഹലാണ് പഞ്ചാബ് സ്‌കോര്‍ 200 കടക്കാതെ തടഞ്ഞത്. അശ്വിനും പ്രസിദ്ധും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിപിഎന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഓരോ ഉപഭോക്താവിന്റെയും ഐപി അഡ്രസ്, യൂസേജ് പാറ്റേണ്‍ എന്നീ വിവരങ്ങള്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു വര്‍ഷത്തേക്കെങ്കിലും സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.

ജൂലൈ 27 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഉപഭോക്താവ് അക്കൗണ്ട് ഡീ ആക്ടിവേറ്റ്, സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്താലും ഉപഭോക്തൃ റെക്കോര്‍ഡുകള്‍ ട്രാക്ക് ചെയ്യാനും കൈവശം വെക്കാനും കഴിയുമെന്നാണ് വിവരം.

കേന്ദ്രം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ പാലിക്കാതിരുന്നാല്‍ വിപിഎന്‍ പ്രൊവൈഡേഴ്‌സിനും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കുമെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ. ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണ്. ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറത്ത് സാധാരണ ഗതിയിൽ എൽഡിഎഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസെന്നും അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആർടിസി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സർക്കാരാണ് കമ്മിഷൻ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും സതീശൻ വ്യക്തമാക്കി. എൽഡിഎഫ് എറണാകുളം ജില്ലയിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: കേരളത്തിലെ തുറമുഖ വികസനത്തിനുള്ള കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ക്ക് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ സാഗര്‍മാല അപ്പക്‌സ് കമ്മിറ്റി യോഗം അംഗീകാരം നല്‍കി. പദ്ധതിയുടെ ഭാഗമായി തൃശൂരിലെ ചേറ്റുവ, കോഴിക്കോട് ജില്ലയിലെ ചാലിയം, കൊയിലാണ്ടി, വെള്ളയില്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ഫ്‌ലോട്ടിങ് ജെട്ടികള്‍ സ്ഥാപിക്കും.

അതേസമയം, ഭാരത് മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തെ ഔട്ട്‌ഡോര്‍ ഇടനാഴിക്ക് 2039 കോടിയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നല്‍കി. വിഴിഞ്ഞം തുറമുഖത്തിന്റെ റെയില്‍വെ കണക്ടിവിറ്റിക്കായി 1050 കോടിയുടെ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം അംഗീകാരം നല്കി. വിഴിഞ്ഞത്തെ ഹൈവേ ജങ്ഷന്‍ വികസനം ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തു നടത്താനും തീരുമാനമായി. വിഴിഞ്ഞം പദ്ധതി ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തു രൂപപ്പെടുന്ന മാരിടൈം ക്ലസ്റ്ററിന്റെ ഭാഗമായി സാഗര്‍മാലയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

ബേപ്പൂര്‍ തുറമുഖ വികസനത്തിന് ക്യാപിറ്റല്‍ ഡ്രഡ്ജിങ് നിലവിലെ 3.5 മീറ്ററില്‍ നിന്ന് ആറു മീറ്ററാക്കുന്നതിന് 70 കോടി, തുറമുഖ റോഡ് കണക്ടിവിറ്റിക്ക് 261 കോടി, റെയില്‍ കണക്ടിവിറ്റിക്ക് 155 കോടി, പുതിയ വാര്‍ഫിന് 70 കോടി എന്നീ പദ്ധതികളുടെ ഡിപിആര്‍ ഇന്നലെ യോഗത്തില്‍ സമര്‍പ്പിച്ചു. കൊല്ലം, പൊന്നാനി തുറമുഖങ്ങള്‍, ആലപ്പുഴ ബീച്ച് എന്നീ വികസന പദ്ധതികളുടെ ഡിപിആറും യോഗത്തില്‍ സമര്‍പ്പിച്ചെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ യോഗത്തിനു ശേഷം വ്യക്തമാക്കി.

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. 101.0.4951.41-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിനെ സോഫ്‌റ്റ്വെയറിലെ ഒരു പുതിയ പോരായ്മ ബാധിച്ചതായി കണ്ടെത്തി. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും ഈ ഭീഷണി. ഗൂഗിള്‍ ഈ പിഴവ് അംഗീകരിക്കുകയും ക്രോം ബ്ലോഗ് പോസ്റ്റില്‍ 30 കേടുപാടുകള്‍ പട്ടികപ്പെടുത്തുകയും ചെയ്തു. ഏഴ് കുറവുകളെ ‘ ഉയര്‍ന്ന ‘ ഭീഷണികളായി തരംതിരിച്ചിട്ടുണ്ട്.

ഈ ഉയര്‍ന്ന തലത്തിലുള്ള കേടുപാടുകള്‍ ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുമെന്നും ഒരു റിമോട്ട് ആക്രമണകാരിക്ക് ഈ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാനും സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് ആക്സസ് നേടാനും കഴിയും. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ ബഫര്‍ ഓവര്‍ഫ്ലോ ഉണ്ടാക്കാനും ഹാക്കര്‍മാരെ അനുവദിക്കുന്നതാണ് ഈ പിഴവ്. Vulkan, SwiftShader, ANGLE, Device API, Sharin എന്നിവയില്‍ സൗജന്യമായി ഉപയോഗിക്കുന്നതിനാല്‍ ഗൂഗിള്‍ ക്രോമില്‍ ഈ കേടുപാടുകള്‍ ഉണ്ടെന്ന് സൈബര്‍ ക്രൈം നോഡല്‍ ഏജന്‍സി പറയുന്നു.

അതിനാല്‍, ബ്രൗസര്‍ 101.0.4951.41 പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ക്രോം ഡെസ്‌ക്ടോപ്പ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മുമ്ബുള്ള ഏത് പതിപ്പും ആക്രമണത്തിന് വിധേയമാകാമെന്നും ഇത് ഒടുവില്‍ സെന്‍സിറ്റീവ് ഡാറ്റ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഏജന്‍സി പറഞ്ഞു. വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയ്ക്കായി ഗൂഗിള്‍ അപ്‌ഡേറ്റ് പുറത്തിറക്കാന്‍ തുടങ്ങി. വരും ദിവസങ്ങളിലോ ആഴ്ചകളിലോ അപ്‌ഡേറ്റ് എല്ലാ ഉപയോക്താക്കളിലും എത്തും.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

അപ്‌ഡേറ്റ് ലഭ്യമാകുമ്പേള്‍, ബ്രൗസര്‍ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടും. എന്നാല്‍, ഇത് സംഭവിച്ചില്ലെങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ഘട്ടം 1 : ക്രോം ബ്രൗസര്‍ തുറക്കുക
ഘട്ടം 2 : വലത് കോണിലേക്ക് പോയി മൂന്ന് ഡോട്ടുകളുടെ ഐക്കണില്‍ ക്ലിക്കുചെയ്യുക
ഘട്ടം 3 : ഡ്രോപ്പ് ഡൗണ്‍ മെനുവില്‍, സെറ്റിങ്സ് ഓപ്ഷന്‍ കണ്ടെത്തുക
സ്റ്റെപ്പ് 4 : ഹെല്‍പ്പ് ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ഗൂഗിള്‍ ക്രോം ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 5 : ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, ക്രോം ഷട്ട്ഡൗണ്‍ ചെയ്ത് വീണ്ടും പുനരാരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ വിമര്‍ശനവുമായി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്.

‘സര്‍ക്കാരിനെ മറ്റു പലരീതിയിലും പ്രതിഷേധം അറിയിക്കാന്‍ മാര്‍ഗമുണ്ടായിരുന്നു. എന്നിട്ടും കെഎസ്ആര്‍ടിസിക്ക് വരുമാനത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള സമരത്തിലേക്ക് പോകുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണ്? സിഐടിയു സമരത്തില്‍ പങ്കെടുത്തില്ല. ഐഎന്‍ടിയുസിയും ബിഎംഎസുമാണ് സമരം ചെയ്തത്. ചര്‍ച്ച അവസാനിച്ചത് ആറുമണിക്ക്. സമരം മൂന്നുമണിക്കേ ആരംഭിക്കുന്നു. ഇതിന് പിന്നിലെ രാഷ്ട്രീയം എന്താണ്? ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാകാന്‍ കാരണം ഇന്ധനവിലയല്ലേ. ഇന്ധനവില വര്‍ധനയുടെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരോ കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ ആണോ? സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില ഇരുപതു ശതമാനം വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരോ മാനേജ്‌മെന്റോ ആണോ? അതിന് കാരണക്കാര്‍ ആയവര്‍ക്കെതിരെ സമരം ചെയ്യാന്‍ എന്തുകൊണ്ട് ഇവര്‍ തയ്യാറാകുന്നില്ല? സമരത്തിന് പിന്നില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉള്‍പ്പെടെയുണ്ട്’- മന്ത്രി ചൂണ്ടിക്കാട്ടി.

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് അദ്ദേഹം പരിഹസിച്ചു.

രാഹുൽ ഗാന്ധിയെ താൻ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറാകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. മേഡക്കിൽ നിന്ന് വേണമെങ്കിലും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

താൻ വന്നിരിക്കുന്നത് ടിആർഎസ്, ബിജെപി, എഐഎംഐഎം എന്നിവർക്ക് വെല്ലുവിളിയുമായിട്ടാണെന്ന് തെലങ്കാന സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. ഇതിനോടാണ് ഒവൈസി പ്രതികരിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു.

ഇറാനിയന്‍ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച വിശ്വപ്രസിദ്ധമായ ചിത്രം ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ ‘അക്കാ കുരുവി’ എന്ന പേരില്‍ പുനരാവിഷ്‌ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ സാമി. അക്കാ കുരുവിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ പതിനൊന്ന് വയസ്സുകാരന്‍ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായും മലയാളികള്‍. ഇവര്‍ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷന്‍ നടത്തിയതില്‍ നിന്നുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്.

ഇവരുടെ മാതാ പിതാക്കളായി പ്രശസ്ത ക്ലാസ്സിക്കല്‍ നര്‍ത്തകി താരാ ജഗദാമ്ബയും സെന്തില്‍ കുമാറും അഭിനയിക്കുന്നു. യുവ നായകന്‍, ‘പരിയേറും പെരുമാള്‍ ‘ ഫെയിം കതിര്‍ , തെന്നിന്ത്യന്‍ നായിക താരം വര്‍ഷാ ബൊല്ലമ്മ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃഷ്യാവിഷ്‌ക്കാരമായ ‘ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘ അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സിനിമയായിരുന്നു എന്നതു കൊണ്ട് തന്നെ ഇതിനെ തമിഴില്‍ പുനരാവിഷ്‌ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു. ഇതിന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ ഇളയരാജയെ സമീപിച്ചപ്പോള്‍, ‘ ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം ‘ എന്നായിരുന്നുവത്രെ ഇളയരാജയുടെ മറുപടി. കാരണം അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ‘ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘. അതിനോട് എത്ര മാത്രം നീതി പുലര്‍ത്താന്‍ സാമിക്ക് കഴിയും എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോള്‍ പൂര്‍ണ സംതൃപ്തനായ രാജ മൂന്ന് പാട്ടുകളും എഴുതി കൊടുത്ത് അതും ഷൂട്ട് ചെയ്തു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. മധുരൈ മുത്തു മൂവീസും, കനവ് തൊഴില്‍ ശാലയും സംയുക്തമായി നിര്‍മ്മിച്ച ‘ അക്കാ കുരുവി മെയ് മൂന്നാം വാരം കേരളത്തില്‍ റീലീസ് ചെയ്യും.