ജമ്മു കശ്മീരിനെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല; പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനത്തെ വിമർശിച്ച പാകിസ്താന്റെ പരാമർശത്തിനാണ് ഇന്ത്യ ചുട്ട മറുപടി നൽകിയത്. മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശം തെറ്റാണ്. പാകിസ്താന് ജമ്മു കശ്മീരിനെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല. പാകിസ്താന് ജമ്മു കശ്മീരിൽ സ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്വീകരണം എല്ലാവരും കണ്ടതാണ്. അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ച വികസന പദ്ധതികളും അവിടെ ഉണ്ടായ മാറ്റങ്ങളും പാകിസ്താനുള്ള ഉത്തരങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ വേണ്ടി പ്രധാനമന്ത്രി കശ്മീർ സന്ദർശിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് കശ്മീരിലെത്തിയത്.