ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം; എ എ റഹീമിനും മുഹമ്മദ് റിയാസിനുമെതിരെ വിമര്‍ശനം

പത്തനംതിട്ട: എ.എ റഹീമിനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സമ്മേളനത്തിലെ പൊതു ചർച്ചയിലാണ് പ്രതിനിധികൾ നേതാക്കൾക്കെതിരേ വിമർശനം ഉന്നയിച്ചത്. സംഘടനയെ നിയന്ത്രിക്കുന്നത് റഹീം, റിയാസ്, സതീഷ് തുടങ്ങിയവർ അടങ്ങുന്ന കോക്കസാണെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം.

മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിൽ ഡിവൈഎഫ്‌ഐയുടെ കേന്ദ്ര നേതൃത്വം നിഷ്‌ക്രിയമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കോന്നി എംഎൽഎ കെ.യു ജനീഷ് കുമാറിനെതിരെയും പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ജനീഷ് കുമാർ നിരന്തരം ശബരിമലയിൽ ദർശനം നടത്തുന്നു. ഇത് ശബരിമലയിലെ സ്ത്രീ പ്രവേശനകാലത്ത് സ്വീകരിച്ച നിലപാടുകൾക്ക് വിപരീതമാണെന്നാണ് സംഘടന അറിയിച്ചത്.

അതേസമയം, സംഘടനയെ മറയാക്കി ഒരു വിഭാഗം സാമൂഹിക വിരുദ്ധർ പ്രവർത്തിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.