Latest News (Page 2,031)

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാനത്ത് രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മീനില്‍ മായം കലര്‍ന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് പഴകിയ മത്സ്യം കണ്ടുപിടാക്കാന്‍ റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

‘മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരം തിരിച്ചായിരിക്കും പരിശോധന. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ജില്ലകളിലെ മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ മത്സ്യ എന്നു പേരിട്ടിരിക്കുന്ന റെയ്ഡ് വരും ദിവസങ്ങളിലും തുടരും’- ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂഡൽഹി: 2022 ലെ ഹജ്ജിനുള്ള കേന്ദ്ര കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു. 5747 പേർക്കാണ് കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നത്. അർഹരായ അപേക്ഷകരിൽ നിന്ന് ഈ മാസം 26 നും 30 നും ഇടയിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ തെരത്തെടുക്കപ്പെടുന്നവർക്കാണ് ഹജ്ജിന് അവസരം ലഭിക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ട 56601 ആണ്. ഇതിൽ 55164 സീറ്റ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകിയിട്ടുണ്ട്.

ഇതനുസരിച്ചാണ് കേരളത്തിലുള്ള 5747 പേർക്ക് അവസരം ലഭിക്കുന്നത്. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നും കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും. ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത് ലക്ഷം പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. അതേസമയം, 65 വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജിന് അനുമതി ഉണ്ടാകില്ല.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർത്ഥാടകർക്ക് ഹജ്ജ് ചെയ്യാൻ സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു അധികൃതരുടെ നടപടി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ വിദേശ തീർത്ഥാടകരെ ഹജ്ജിന് അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്. വിദേശ തീർത്ഥാടകർ ഹജ്ജ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കാബൂൾ: അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച പ്രാർത്ഥനക്കിടെയാണ് അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ.

വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ആക്രണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിക്കുന്നുവെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അഫ്ഗാനിൽ സ്‌ഫോടന പരമ്പരകൾ നടന്നിരുന്നു.

കാബൂളിലാണ് കഴിഞ്ഞ ദിവസം ആദ്യം സ്‌ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പിന്നീട് ബാൽഖിലെ മസാർ ഇ ഷെരീഫ് പള്ളിയിൽ സ്‌ഫോടനമുണ്ടായി. പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 65 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്ദൂസ് നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച്ച നടന്ന സ്‌ഫോടനങ്ങൾക്ക് പിന്നിലും ഐഎസ് ആണെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് മാറ്റം. പരിഷ്‌കരണങ്ങളുടെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും തൽസ്ഥാനത്ത് നിന്നും മാറ്റി. സുദേഷ് കുമാറിനെയാണ് പുതിയ ജയിൽ മേധാവിയായി നിയമിച്ചത്.

എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായും നിയമിച്ചു. ഷെയ്ക്ക് ധർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിതനായത്. ജയിൽ മേധാവിയായിരുന്നു അദ്ദേഹം. ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാറിന് വിജിലൻസ് മേധാവിയുടെ ചുമതലയും നൽകി.

ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെ ഉയർത്തിയിരുന്നു.

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ(ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ, റിവർ മാനേജ്‌മെന്റ് സെന്റർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതന, കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രൂഫ് റീഡർ, ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം), ഫോട്ടോഗ്രഫിക് അറ്റൻഡർ, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ്(ജിയോളജി), പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാകും നിയമനം.

പ്രൂഫ് റീഡർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി ഡിപ്ലോമയും സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണു യോഗ്യത. പ്രതിമാസം 25000 രൂപ പ്രതിഫലം ലഭിക്കും.

ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം) വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസം /പബ്ലിക് റിലേഷൻസിലുള്ള പി.ജി./പി.ജി. ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ പ്രതിഫലവും സൗജന്യ താമസ സൗകര്യവും ലഭിക്കും.

ഫോട്ടോഗ്രഫിക് അറ്റൻഡറുടെ ഒരു ഒഴിവിൽ പ്ലസ്ടു പാസ്, സമാന മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ പ്രതിഫലം ലഭിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിൽ ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി. പ്രവർത്തനങ്ങൾക്കുമായുള്ള രണ്ട് പ്രൊജക്ട് അസോസിയേറ്റിന്റെ ഒഴിവുകളിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.

റിവർ മാനേജ്‌മെന്റ് സെന്ററിലാണു പ്രൊജക്ട് അസോസിയേറ്റ് (ജിയോളജി) ഒഴിവ്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ജിയോളജി ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ സ്റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. ഐ.ഇ.സി. പ്രവർത്തനങ്ങൾക്കായുള്ള പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമെന്റൽ സയൻസ്) ഒഴിവിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൻവയോൺമെന്റൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. വെബ്‌സൈറ്റ് https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471 2365559, 98479 84527, 94467 02817, 98951 23377, 94964 06377.

കൊച്ചി: നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയാണ് നടിയുടെ മൊഴിയെടുത്തത്.

മൂന്നരമണിക്കൂറോളം നേരമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്ന നടപടിയും അന്വേഷണ സംഘം പൂർത്തിയാക്കി. മഞ്ജു വാര്യരായിരുന്നു നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് നീങ്ങിയത്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും പദ്മസരോവരം എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് പുതിയ നോട്ടീസ് നൽകി ചോദ്യംചെയ്യലിന് വിളിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

അഹമ്മദാബാദ്: സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഇന്ത്യയും ബ്രിട്ടണും. നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമാണ് ഇക്കാര്യം അറിയിച്ചത്. കരാറിന്റെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

ഊർജ്ജം, വാക്‌സിൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിൽ ധാരണയായി. ഇന്ത്യ റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കേണ്ടതിലെന്ന നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു. റഷ്യ യുക്രൈൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് മോദി ബോറിസ് ജോൺസണെ അറിയിച്ചു.

യുദ്ധത്തോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് വ്യക്തമാക്കി. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണയാരിക്കുന്നത്. ഗുജറാത്തിലെ സ്വീകരണം കണ്ടപ്പോൾ സച്ചിൻ ടെൻഡുക്കറെ പോലെ തോന്നി എന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ കാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ രംഗത്ത്. ‘ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ്. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണം. ടോള്‍ പ്ലാസയില്‍ പോലും കെഎസ്ആര്‍ടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്. ആ നിലക്ക് സര്‍ക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞത്’- ധനമന്ത്രി വ്യക്തമാക്കി.

വിഷയം ഗതാഗത മന്ത്രി ഇന്നും ആവര്‍ത്തിച്ചു. ശമ്പളം കൊടുക്കേണ്ടത് മനേജ്‌മെന്റാണെന്നും എല്ലാ ചിലവും വഹിക്കാന്‍ സക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ എസ് ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരും. പക്ഷേ മുഴുവന്‍ ചിവലും ഏറ്റെടുക്കാനാകില്ല. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും ആന്റണി രാജു ആവര്‍ത്തിച്ചു.

അതേസമയം, ഏപ്രില്‍ 28 ന് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവും, 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു. ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെ എസ് ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മെയ് 6 ലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടി ഡി എഫ് അറിയിച്ചു.

പാലക്കാട്: കെ-സ്വിഫ്റ്റ് ബസിന്റെ പത്തു ദിവസത്തെ വരുമാനക്കണക്കിനെ സംബന്ധിച്ച ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. കെ-സ്വിഫ്റ്റിന്റെ 10 ദിവസത്തെ വരുമാനം 61 ലക്ഷമാണെങ്കിൽ ചെലവ് എത്രയെന്ന് കണക്ക് പറയാത്തത് എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസിറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

10 ദിവസം കൊണ്ട് കെ സ്വിഫ്റ്റ് 61 ലക്ഷം വരുമാനം ഉണ്ടാക്കി എന്നാണ് വാർത്ത. കേൾക്കുമ്പോൾ നമുക്കെല്ലാം സന്തോഷം തോന്നും. എന്നാൽ ഉള്ളിലേക്ക് കടന്നാലാണ് ഈ 61 ലക്ഷം എന്നത് ലാഭമല്ല, കേവലം ടിക്കറ്റ് കളക്ഷനാണ് എന്ന് മനസ്സിലാവുന്നത്. അപ്പോൾ ചെലവെത്രയാണ്? മൊത്തത്തിൽ ഈ പരിപാടി ലാഭമോ നഷ്ടമോ? അതിനേക്കുറിച്ചൊന്നും വാർത്തകളിൽ യാതൊരു സൂചനയുമില്ല. മാധ്യമങ്ങൾ എല്ലാ വശങ്ങളും ഉൾപ്പെടുത്തികൊണ്ടുള്ള വാർത്തകൾ നൽകുന്നതിന് പകരം പിആർ ഏജൻസികളായി മാറിയാലുണ്ടാവുന്ന അവസ്ഥ ഇതാണ്. ലഭ്യമായ കണക്കുകളും അനുമാനങ്ങളും വെച്ച് നമുക്ക് സ്വിഫ്റ്റിന്റെ പ്രവർത്തനത്തെ ഒന്ന് വിലയിരുത്തി നോക്കാം. വാർത്തയിൽ പറഞ്ഞ പോലെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ 61 ലക്ഷം രൂപ. 30 ബസ്സുകളുണ്ടെന്ന് കാണുന്നു. ഇവ ആകെ ഓടി പൂർത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ് എന്നും വാർത്തയിലുണ്ട്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ബസുകൾക്ക് 4km ൽ താഴെ മാത്രമേ മൈലേജ് ലഭിക്കാൻ സാധ്യതയുള്ളൂ. എസി ഒക്കെ ഉണ്ടെങ്കിൽ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റർ ഓടാൻ ഏതാണ്ട് 32,000 ലിറ്റർ ഡീസൽ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാൽ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ട് എന്നു കാണാം. ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്. ഒരു ബസിന് ശരാശരി 15 ജീവനക്കാർ കെഎസ്ആർടിസിയിലുണ്ട് എന്നാണ് കണക്ക്. വേണ്ട, 10 ജീവനക്കാർ എന്ന് കണക്ക് വക്കാം. അപ്പോൾ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാർ. ഇവർക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപയായി കണക്കാക്കാം. (യഥാർത്ഥത്തിൽ പലരുടേയും ശമ്പളം ഇതിന്റെ ഇരട്ടിയിലധികമാണ്). അതായത് 300 പേർക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വണ്ടികളുടെ തേയ്മാനവും ടാക്‌സ്, ഇൻഷുറൻസ് ഒന്നും പരിഗണിക്കാതെ കേവലം ഡീസൽ, ശമ്പളച്ചെലവ് പരിഗണിച്ചാൽത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകൾ എല്ലാം പരിഗണിച്ചാൽ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല. അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാർത്ഥ നഷ്ടം 50 ലക്ഷത്തോളവുമാണെന്ന് വി ടി ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളുടെ ആദ്യ ദിവസങ്ങളിലെ അപകട വാർത്തകളേത്തുടർന്ന് മാധ്യമങ്ങൾക്കെതിരെയും പ്രത്യേകിച്ചും ചില വനിതാ മാധ്യമ പ്രവർത്തകർക്കെതിരെയും വളരെ രൂക്ഷമായ രീതിയിൽ സിപിഎമ്മുകാർ സൈബറാക്രമണം അഴിച്ചുവിട്ടിരുന്നു. അതിൽ ഭയന്നിട്ടാണോ എന്നറിയില്ല, ഇപ്പോൾ ഒന്നു രണ്ട് ദിവസമായി സ്വിഫ്റ്റ് വാഴ്ത്തുകളാണ് എല്ലാ മാധ്യമങ്ങളിലും. ആദ്യ വാർത്തകൾ ഏകപക്ഷീയമായ നെഗറ്റീവ് സ്വഭാവത്തിന്റെ പേരിലാണ് ശ്രദ്ധേയമായിരുന്നതെങ്കിൽ ഇപ്പോൾ പോസിറ്റിവിറ്റി കുത്തിനിറക്കാനുള്ള ഏകപക്ഷീയ പിആർ പ്രചരണമായി സ്വിഫ്റ്റ് വാർത്തകൾ മാറുകയാണ്.

ഈ വാർത്തകൾ തന്നെ നോക്കൂ, 10 ദിവസം കൊണ്ട് സ്വിഫ്റ്റ് ’61 ലക്ഷം വരുമാനം’ ഉണ്ടാക്കി എന്നാണ് വാർത്ത. കേൾക്കുമ്പോൾ നമുക്കെല്ലാം സന്തോഷം തോന്നും. എന്നാൽ ഉള്ളിലേക്ക് കടന്നാലാണ് ഈ 61 ലക്ഷം എന്നത് ലാഭമല്ല, കേവലം ടിക്കറ്റ് കളക്ഷനാണ് എന്ന് മനസ്സിലാവുന്നത്. അപ്പോൾ ചെലവെത്രയാണ്? മൊത്തത്തിൽ ഈ പരിപാടി ലാഭമോ നഷ്ടമോ? അതിനേക്കുറിച്ചൊന്നും വാർത്തകളിൽ യാതൊരു സൂചനയുമില്ല. മാധ്യമങ്ങൾ എല്ലാ വശങ്ങളും ഉൾപ്പെടുത്തികൊണ്ടുള്ള വാർത്തകൾ നൽകുന്നതിന് പകരം പിആർ ഏജൻസികളായി മാറിയാലുണ്ടാവുന്ന അവസ്ഥ ഇതാണ്.

ലഭ്യമായ കണക്കുകളും അനുമാനങ്ങളും വെച്ച് നമുക്ക് സ്വിഫ്റ്റിന്റെ പ്രവർത്തനത്തെ ഒന്ന് വിലയിരുത്തി നോക്കാം. വാർത്തയിൽ പറഞ്ഞ പോലെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ 61 ലക്ഷം രൂപ. 30 ബസ്സുകളുണ്ടെന്ന് കാണുന്നു. ഇവ ആകെ ഓടി പൂർത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ് എന്നും വാർത്തയിലുണ്ട്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷൻ.

ഇനി വാർത്തയിൽ പറയാത്ത ചെലവിന്റെ കണക്കുകൾ ഒന്ന് അനുമാനിക്കാം. ഇത്തരം ബസുകൾക്ക് 4km ൽ താഴെ മാത്രമേ മൈലേജ് ലഭിക്കാൻ സാധ്യതയുള്ളൂ. എസി ഒക്കെ ഉണ്ടെങ്കിൽ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റർ ഓടാൻ ഏതാണ്ട് 32,000 ലിറ്റർ ഡീസൽ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാൽ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ട് എന്നു കാണാം.

ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്. ഒരു ബസിന് ശരാശരി 15 ജീവനക്കാർ കെഎസ്ആർടിസിയിലുണ്ട് എന്നാണ് കണക്ക്. വേണ്ട, 10 ജീവനക്കാർ എന്ന് കണക്ക് വക്കാം. അപ്പോൾ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാർ. ഇവർക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപയായി കണക്കാക്കാം. (യഥാർത്ഥത്തിൽ പലരുടേയും ശമ്പളം ഇതിന്റെ ഇരട്ടിയിലധികമാണ്). അതായത് 300 പേർക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം.

വണ്ടികളുടെ തേയ്മാനവും ടാക്‌സ്, ഇൻഷുറൻസ് ഒന്നും പരിഗണിക്കാതെ കേവലം ഡീസൽ, ശമ്പളച്ചെലവ് പരിഗണിച്ചാൽത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകൾ എല്ലാം പരിഗണിച്ചാൽ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല. അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാർത്ഥ നഷ്ടം 50 ലക്ഷത്തോളവും.

സ്വിഫ്റ്റ് ബസ് സർവ്വീസ് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരം തന്നെയാണ്, സംശയമില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസി കൂടുതൽ ഇത്തരം സർവ്വീസുകൾ ആരംഭിക്കട്ടെ. പക്ഷേ, പകുതി കണക്കുകളും അർദ്ധസത്യങ്ങളും മാത്രം പറഞ്ഞ് തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ചേർന്നതല്ല, ആ കണക്കുകൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് നല്ല മാധ്യമ പ്രവർത്തനവുമല്ല.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്. മെയ് ഏഴിന് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ അഴിച്ചുപണി ലക്ഷ്യമിട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വം നിർണായക നീക്കം നടത്തുന്നത്. അടുത്ത മാസം 13, 14 തീയതികളിൽ ചിന്തൻ ശിബിർ നടക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോർ രണ്ട് തവണ ചർച്ച നടന്നിരുന്നു. പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിൽ രൺദീപ് സിംഗ് സുർജേവാല കോൺഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അഭിപ്രായങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാർട്ടി ചുമതലയിൽ നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അതേസമയം, പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിലും മുന്നോട്ടുവച്ച ഫോർമുലയിലും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവും പ്രശാന്ത് കിഷോറിന്റെ ഫോർമുലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത് കിഷോർ നിർദേശിച്ചതായാണ് സൂചനകൾ.