വൈദ്യുതി പ്രതിസന്ധി; കല്‍ക്കരിയെത്തിക്കാന്‍ 42 പാസഞ്ചര്‍ ട്രെയിനുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി റെയില്‍വെ

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നതിന് രാജ്യത്തൊട്ടാകെ അനിശ്ചിത കാലത്തേക്ക് 42 പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. യാതൊരുവിധ തടസ്സങ്ങളും കൂടാതെ ഗുഡ്‌സ് ട്രെയിനുകള്‍ വേഗത്തില്‍ ഓടിച്ച് താപനിലയങ്ങളിലെ കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കാണാനാണ് റെയില്‍വേ ശ്രമിക്കുന്നത്.

ട്രെയിനുകളുടെ സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗുഡ്‌സ് ട്രെയിനുകള്‍ താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.

പ്രതിസന്ധികളില്‍ കുറവ് വന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കും. അതേസമയം, വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയാതെ വന്നാല്‍ മെട്രോയെ അടക്കം ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.