വീണ്ടും രാഹുല്‍? ചിന്തന്‍ ശിബിരത്തിനൊരുങ്ങി കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ സംസ്ഥാന പിസിസികള്‍ അഴിച്ചു പണിയാനും ജി23 വിമത നേതാക്കളെ ഒപ്പം നിര്‍ത്താനുമുള്ള നീക്കവുമായി കോണ്‍ഗ്രസ്. അതിനിടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രതീക്ഷകള്‍ മങ്ങിയതോടെ രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, മെയ് 13 മുതല്‍ 15വരെ ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ വിമത നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ പിസിസികളുടെ രൂപീകരണം സഹായിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.

നിലവില്‍ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയെങ്കിലും ബിജെപിയ്‌ക്കെതിരെ രാഷ്ട്രീയമായി പൊരുതാന്‍ മികച്ചത് രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെലോട്ട് ശിബിരത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, ഈ നീക്കത്തെ വിമത നേതാക്കള്‍ അനുകൂലിക്കുമോ എന്ന കാര്യം സംശയമാണ്.

അതേസമയം, പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലെത്തില്ലെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച കമല്‍നാഥ് ദേശീയനേതൃത്വത്തിലേയ്ക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.