ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ; നാവികാ സേനയുടെ കപ്പൽ കൊളംബോയിലെത്തി

കൊളംബോ: ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യ മരുന്നുകളുമായി ഇന്ത്യൻ നാവികാ സേനയുടെ കപ്പൽ കൊളംബോയിലെത്തി.

നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ഘരിയാലാണ് കൊളംബോയിലെത്തിയത്. വൈദ്യമേഖലയിൽ അവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് എത്തിച്ചിട്ടുള്ളതെന്ന് നാവിക സേന വ്യക്തമാക്കി.

സാമ്പത്തിക തകർച്ച നേരിടുന്ന ശ്രീലങ്കയ്ക്കായി ഭക്ഷ്യധാന്യം, മരുന്നുകൾ, ഇന്ധനം തുടങ്ങിയവ ഇന്ത്യ നൽകുന്നുണ്ട്. മറ്റ് വിദേശരാജ്യങ്ങളുമായി ഇന്ത്യ ശ്രീലങ്കയ്ക്കായി അതിവേഗ സഹായത്തിന് അഭ്യർത്ഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാൻ ഇന്ത്യയാണ് നയതന്ത്രപരമായി ഇടപെടൽ നടത്തിയത്.