National (Page 593)

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാനെതിരെ നടപടി. ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടി.

രാജ്യസഭയുടെ ശീതകാല സമ്മേളനത്തിന്റെ അവശേഷിക്കുന്ന സമ്മേളനങ്ങളിൽ ഒബ്രിയാന് പങ്കെടുക്കാൻ കഴിയില്ല. ബുധനാഴ്ച്ചയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. രാജ്യസഭാ റൂൾബുക്ക് സഭാധ്യക്ഷനു നേർക്ക് കീറിയെറിഞ്ഞെന്നാണ് ഒബ്രിയാനെതിരെയുള്ള കുറ്റം. തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിനെതിരായ പ്രതിഷേധത്തിനിടെയാണ് ഡെറിക് ഒബ്രിയാൻ രാജ്യസഭാ റൂൾബുക്ക് സഭാധ്യക്ഷൻ സസ്മിത് പത്രയ്ക്ക് നേരെ കീറിയെറിഞ്ഞത്.

ഡെറിക് ഒബ്രിയാൻ കീറിയെറിഞ്ഞ റൂൾബുക്ക് സഭാധ്യക്ഷന്റെയോ സെക്രട്ടറി ജനറലിന്റെയോ മറ്റ് ജീവനക്കാരുടെയോ ദേഹത്തു കൊള്ളുമായിരുവെന്നാണ് സസ്മിത് പത്ര ആരോപിക്കുന്നത്.

ന്യൂഡല്‍ഹി: റഷ്യന്‍ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമായ എസ് 400 ന്റെ ആദ്യ സ്‌ക്വാഡ്രണ്‍ പഞ്ചാബ് സെക്ടറില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. 5,000 കോടിയുടെ കരാര്‍ പ്രകാരമാണ് റഷ്യ എസ് 400 ഇന്ത്യക്ക് കൈമാറിയത്. പുതിയ മിസൈല്‍ സംവിധാനത്തിന് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ശത്രുവിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, അവാക്സ് വിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് വ്യത്യസ്ത മിസൈലുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 400 കിലോമീറ്റര്‍ ദൂരത്തില്‍ നിന്നുള്ള ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളുമടക്കം ഇവക്ക്‌ തകര്‍ക്കാന്‍ കഴിയും.

അഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ റഷ്യയോട് വാങ്ങുന്നത്. ഇവയുടെ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈനികര്‍ റഷ്യയില്‍ പോയി പരിശീലനം നേടിയിരുന്നു.

covid

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഇരുന്നൂറോളം എത്തിയതായി കേന്ദ്രസർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഒമിക്രോൺ കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 65 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 54 പേരിലാണ് ഡൽഹിയിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കർണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം നിലവിൽ ലഭ്യമായ വാക്സിനുകൾക്ക് ഒമിക്രോണിനെ ചെറുക്കാനാകില്ലെന്ന വാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വാക്സിനുകൾക്ക് ഒമിക്രോണിനെ ഫലപ്രദമായി ചെറുക്കാനാകില്ലെന്ന് ഉറപ്പിക്കാൻ മാത്രമുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻുഖ് മാണ്ഡവ്യ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. വിഷയത്തിൽ സ്റ്റാൻഡിഗ് കമ്മിറ്റി പഠനം നടത്തിയ ശേഷം വീണ്ടും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ സമയമെടുക്കുമെന്നാണ് വിവരം. ഈ സമ്മേളന കാലയളവിൽ ബിൽ നിയമം ആകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണ് അവരുടെ വിവാഹപ്രായം ഉയർത്തുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. വിവാഹത്തിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യവെയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഈ ലക്ഷ്യമാണ് ചിലർക്ക് വേദനയുണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ സ്ത്രീകളും മികച്ച ഭാവി ആഗ്രഹിച്ചാണ് ജീവിക്കുന്നത്. അവർ ഒരുപാട് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉയർച്ചയ്ക്ക് വിവാഹം ഒരു തടസ്സമാകരുത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത്. ആരെയാണ് ഈ പദ്ധതി വേദനിപ്പിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ആഗ്രഹ പ്രകാരമാണ് വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു.

പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് നടപടി. ഇതിനായി രണ്ട് പ്രത്യേക ഉത്തരവുകളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി യൂട്യൂബ് ചാനകളുടെ ശൃംഖലയുള്ള ‘നയാ പാകിസ്താൻ’ ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചിട്ടുണ്ട്.

കശ്മീർ, ഇന്ത്യൻ ആർമി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറൽ ബിപിൻ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ ഈ ചാനലുകളും സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗവുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് വിവാഹപ്രായ ഏകീകരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ആളിക്കത്തുന്നുണ്ട്.

കൂടിയാലോചനകളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. വിവാഹപ്രായ ഏകീകരണ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. മതനിരപേക്ഷ ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്മൃതി ഇറാനി സഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍, ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു.

അമൃത്സർ: മതനിന്ദ കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്ക് കർശനശിക്ഷ നൽകണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. ഇത്തരക്കാരെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മലേർകോട്‌ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റണം. സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മതനിന്ദാ കുറ്റം ആരോപിച്ച് പഞ്ചാബിൽ രണ്ടു പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രതികരണം.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മുംബൈ: പനാമ പേപ്പേര്‍സ് വിവാദത്തില്‍ നടി ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ താരം നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 7 മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു.

അഭിഷേക് ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളും, ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ കാര്യങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചറിഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ ഇഡിക്ക് മൊഴി നല്‍കിയത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാര്‍ട്ണേഴ്സ് കമ്പനിയുടെ 2005 ജൂണില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിവരങ്ങളും ഇഡി ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, ഇഡിയുടെ നീക്കത്തില്‍ ഈ സര്‍ക്കാര്‍ അധികകാലം പോകില്ലെന്ന് തുടങ്ങിയ ശാപ വാക്കുകളുമായി ജയാബച്ചന്‍ രാജ്യസഭയില്‍ പൊട്ടിത്തെറിച്ചു.

കൊച്ചി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി തള്ളുകയും ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്ത് ഹൈക്കോടതി. ആറാഴ്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍, ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് തീര്‍ത്തും ബാലിശമായ ഹര്‍ജിയാണ്. പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പുതിയ വാക്സിനുകൾക്കുളള അനുമതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് വിവിധ വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാംതരംഗം മുന്നിൽ കണ്ട് കൊണ്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള മാർഗരേഖ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് ഇതിനോടകം 131 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം സജ്ജമാണ്. ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ എടുക്കാൻ യോഗ്യരായവരിൽ 88 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മരുന്നുകളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വരുന്ന രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് വാക്‌സിൻ ഉത്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.