നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലും; പ്രധാനമന്ത്രി

ബംഗളൂരു: 2019 ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് പറയും മുൻപ് താൻ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ബഗൽകോട്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിന് മുൻപ് പാക്കിസ്ഥാനെ ടെലിഫോണിൽ അറിയിക്കാമെന്ന് താൻ സൈന്യത്തോട് പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ ഉദ്യോഗസ്ഥരെ ഫോണിൽ കിട്ടിയില്ല. തുടർന്ന് സൈന്യത്തോടു കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ് സംഭവം ലോകത്തോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലുമെന്നും മോദി കൂട്ടിച്ചേർത്തു.