പനാമ പേപ്പേര്‍സ് കേസ്; ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

മുംബൈ: പനാമ പേപ്പേര്‍സ് വിവാദത്തില്‍ നടി ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ താരം നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 7 മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു.

അഭിഷേക് ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളും, ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ കാര്യങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചറിഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ ഇഡിക്ക് മൊഴി നല്‍കിയത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാര്‍ട്ണേഴ്സ് കമ്പനിയുടെ 2005 ജൂണില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിവരങ്ങളും ഇഡി ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, ഇഡിയുടെ നീക്കത്തില്‍ ഈ സര്‍ക്കാര്‍ അധികകാലം പോകില്ലെന്ന് തുടങ്ങിയ ശാപ വാക്കുകളുമായി ജയാബച്ചന്‍ രാജ്യസഭയില്‍ പൊട്ടിത്തെറിച്ചു.