ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിച്ചു; 20 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു.

പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് നടപടി. ഇതിനായി രണ്ട് പ്രത്യേക ഉത്തരവുകളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി യൂട്യൂബ് ചാനകളുടെ ശൃംഖലയുള്ള ‘നയാ പാകിസ്താൻ’ ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചിട്ടുണ്ട്.

കശ്മീർ, ഇന്ത്യൻ ആർമി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറൽ ബിപിൻ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ ഈ ചാനലുകളും സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗവുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്.