ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും; പരിഹാസവുമായി കെ സുധാകരൻ

കണ്ണൂർ: സിപിഎമ്മിനെതിരെ പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇ പി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതിലാണ് അദ്ദേഹം പരിഹാസം ഉന്നയിച്ചത്. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെന്ററിൽ നിന്ന് മടങ്ങി പോയത്. ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായിയെ രക്ഷിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ജയരാജൻ ഇത് മറച്ചു വെക്കേണ്ട കാര്യം. പാർട്ടിയിലെ അച്ചടക്ക നടപടി ഒരാൾക്ക് ബാധകം ഒരാൾക്ക് ബാധകമല്ല. ഇത്തരത്തിലുള്ള ഒരു പാർട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.