18ല്‍ നിന്ന് 21ലേക്ക്; വിവാഹ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് വിവാഹപ്രായ ഏകീകരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ആളിക്കത്തുന്നുണ്ട്.

കൂടിയാലോചനകളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. വിവാഹപ്രായ ഏകീകരണ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. മതനിരപേക്ഷ ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്മൃതി ഇറാനി സഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍, ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു.