രാജ്യത്ത് ഇരുന്നൂറോളം ഒമിക്രോൺ കേസുകൾ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

covid

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഇരുന്നൂറോളം എത്തിയതായി കേന്ദ്രസർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഒമിക്രോൺ കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 65 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 54 പേരിലാണ് ഡൽഹിയിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കർണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം നിലവിൽ ലഭ്യമായ വാക്സിനുകൾക്ക് ഒമിക്രോണിനെ ചെറുക്കാനാകില്ലെന്ന വാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വാക്സിനുകൾക്ക് ഒമിക്രോണിനെ ഫലപ്രദമായി ചെറുക്കാനാകില്ലെന്ന് ഉറപ്പിക്കാൻ മാത്രമുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻുഖ് മാണ്ഡവ്യ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.