ചൈനക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യയുടെ എസ് 400 അതിര്‍ത്തിയിലേക്ക്‌

ന്യൂഡല്‍ഹി: റഷ്യന്‍ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമായ എസ് 400 ന്റെ ആദ്യ സ്‌ക്വാഡ്രണ്‍ പഞ്ചാബ് സെക്ടറില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. 5,000 കോടിയുടെ കരാര്‍ പ്രകാരമാണ് റഷ്യ എസ് 400 ഇന്ത്യക്ക് കൈമാറിയത്. പുതിയ മിസൈല്‍ സംവിധാനത്തിന് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ശത്രുവിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, അവാക്സ് വിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് വ്യത്യസ്ത മിസൈലുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 400 കിലോമീറ്റര്‍ ദൂരത്തില്‍ നിന്നുള്ള ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളുമടക്കം ഇവക്ക്‌ തകര്‍ക്കാന്‍ കഴിയും.

അഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ റഷ്യയോട് വാങ്ങുന്നത്. ഇവയുടെ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈനികര്‍ റഷ്യയില്‍ പോയി പരിശീലനം നേടിയിരുന്നു.