National (Page 3)

ന്യൂഡൽഹി: ഡൽഹിയിൽ നൂറോളം സ്‌കൂളുകൾക്ക് നേരെ സ്‌ഫോടന ഭീഷണി ലഭിച്ചതിന് പിന്നിൽ പാക്‌സിതാൻ ചാരസംഘടനയായ ഐസ്‌ഐ എന്ന സംശയം ബലപ്പെടുന്നു. ഐഎസ്‌ഐഎസ് ആണ് ഇ-മെയിൽ സന്ദേശമയച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റഷ്യൻ ഡെമൈനിൽ നിന്നുള്ള ഐപി അഡ്രസാണ് ഇ മെയിൽ സന്ദേശം അയക്കാനായി ഉപയോഗിച്ചിരിക്കുന്നത്. sawariim@mail.ru എന്ന ഇ-മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.

ഭീഷണി സന്ദേശം ലഭിച്ചത് സംബന്ധിച്ച വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. ഇസ്ലാമിക് ഭീകര സംഘടന ഇന്ത്യക്കെതിരെ സൈബർ യുദ്ധം ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിന് ഐഎസ്‌ഐ സഹായം നൽകുന്നുണ്ടെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.

ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡൽഹി പബ്ലിക്ക് സ്‌കൂൾ, സാകേതിലെ അമിറ്റി സ്‌കൂൾ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ന്യൂഡൽഹി: ശരിയായ വിധത്തിലുള്ള ചടങ്ങുകൾ ഇല്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ചടങ്ങുകളുടെ അഭാവത്തിൽ നടക്കുന്ന വിവാഹങ്ങൾ ഹിന്ദു മാരേജ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹൈന്ദവ വിവാഹങ്ങൾ ഭക്ഷണവും സംഗീതവും അടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാട് അല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ ബി വി നഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങൾ നടത്തിയത്. ഹൈന്ദവ വിവാഹങ്ങൾ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈന്ദവ വിവാഹങ്ങൾ വിശുദ്ധ കർമ്മമാണ്. ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യങ്ങളുള്ള ഒരു സ്ഥാപനമെന്ന നിലയിൽ അതിന്റെ പദവി നൽകേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

വിവാഹങ്ങൾ ആടാനും പാടാനും മാത്രമുള്ളതോ പിന്നീട് ക്രിമിനൽ നടപടികളുടെ ഭാഗമായ സമ്മർദ്ദങ്ങളിലേക്കോ നയിക്കാനുള്ള ഒന്നല്ല. വിവാഹം എന്നാൽ മഹത്തായ ഒന്നാണ്. ഒരു സ്ത്രീയും പുരുഷനും ഭർത്താവും ഭാര്യയുമായി മാറി ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമായി ഭാവിയിൽ പരിണമിക്കുന്ന പ്രക്രിയയാണെന്ന് കോടതി പറഞ്ഞു. പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ന്യൂഡൽഹി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന വാചകം മാത്രമാണ് ഇപ്പോൾ സർട്ടിഫിക്കറ്റിൽ ഉള്ളത്.

കോവിൻ വെബ്സൈറ്റിൽ ഇപ്പോൾ ലഭിക്കുന്നത് പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റ് ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായാണ് പുതിയ നടപടി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം കോവിഷീൽഡ് വാക്സിൻ കുത്തിവെച്ചവർക്ക് രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് നിർമാതാക്കൾ യു.കെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ന്യൂഡൽഹി: രാമക്ഷേത്ര ദർശനത്തിനായി അയോദ്ധ്യയിൽ എത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അയോധ്യയിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദീബെൻ പട്ടേലാണ് സ്വീകരിച്ചത്. ആദ്യമായാണ് രാഷ്‌ട്രപതി അയോദ്ധ്യയിൽ എത്തുന്നത്. രാമ ക്ഷേത്രത്തിൽ എത്തുന്നതിനു മുൻപ് രാഷ്ട്രപതി ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയിരുന്നു. സരയൂ നദി തീരത്തെ ആരതിയിലും ദ്രൗപതി മുർമു പങ്കെടുത്തു.

അതേസമയം രാഷ്ട്രപതി ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഭക്തർക്ക് നിയന്ത്രണം ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സമയക്രമം അനുസരിച്ച് ദർശനം നടക്കുമെന്നും ഭക്തർക്കായുള്ള ക്യൂ സംവിധാനം നില നിർത്തുമെന്നും ആണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂറോളം നേരം രാഷ്ട്രപതി അയോധ്യാനഗരത്തിൽ ഉണ്ടാകും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യ- ഗോരഖ്പൂർ ദേശീയപാതയിൽ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരണപ്പെട്ടു. കേസിലെ പ്രതി അനുജ് തപൻ ആണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ അനുജ് തപനെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അനുജിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. കേസിലെ മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത് തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്. സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിവെയ്പുണ്ടായത് കഴിഞ്ഞ മാസം 14 നാണ്.

പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പ് നടന്നത്. സൽമാൻ ഖാന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സൽമാൻ ഖാന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സൽമാൻ ഖാന് നേരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോൾഡി ബ്രാറിൽ നിന്നും ലോറൻസ് ബിഷ്‌ണോയിൽനിന്നും വധഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ സൽമാൻ ഖാൻ ഉണ്ടെന്നായിരുന്നു ഗോൾഡി ബ്രാർ മാസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനുപിന്നാലെ ഇ-മെയിൽ മുഖേനയും നടന് ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയിൽ നിന്ന് വധഭീഷണി ഉയർന്നതിന് പിന്നാലെ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

ന്യൂഡൽഹി: ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി. മുൻ എംഎൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേർ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റെ ചുമതല നിർവ്വഹിച്ചിരുന്ന നേതാവാണ് നസീബ് സിംഗ്.

നീരജ് ബസോ ഡൽഹി മണ്ഡലത്തിന്റെ ചുമതലയാണ് നിർവ്വഹിച്ചിരുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ ഇരുവർക്കും അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും രാജി സമർപ്പിച്ചത്. തന്റേയും ഡൽഹിയിൽ നിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാൻഡ് എഎപിയുമായി സഖ്യമുണ്ടാക്കിയതെന്ന് നസീബ് സിങ് പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കും. പാർട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലും സ്ഥാനാർഥികളാക്കിയത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി, കോൺഗ്രസ് ടിക്കറ്റിലെ എഎപിക്കാരനാണെന്നും അദ്ദേഹം കത്തിൽ അറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസിൽ സുപ്രീം കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ അന്തിമ വാദം ആരംഭിക്കുന്നത്. ജസ്റ്റിസ് കെവി വിശ്വനാഥനും കേസിൽ ഉൾപ്പെടുന്നുണ്ട്. 30 തവണയാണ് സുപ്രീം കോടതിയിൽ ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്.

എന്നാൽ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരി ആറിനാണ് ലാവ്ലിൻ കേസ് സുപ്രീം കോടതി ഏറ്റവും ഒടുവിൽ പരിഗണിച്ചത്. 2017 ആഗസ്റ്റ് 23നാണ് ലാവ്ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്.

ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്.

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭീകര ഫണ്ടിംഗിനായി ന്യൂസ് ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 8000 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയത്.

ന്യൂസ് ക്ലിക്കിനും പ്രബീർ പുരകായസ്തയ്ക്കും എതിരെ അന്വേഷണം നടക്കുന്നത് രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുരകായസ്തയയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയും അറസ്റ്റിലായത്.

കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ് ക്ലിക്കിലൂടെ ശ്രമിച്ചുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

ന്യൂഡൽഹി: മുസ്ലീം വ്യക്തിഗത നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. കേരള, കേന്ദ്രസർക്കാരുകളോടാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. ഇത് വളരെ സുപ്രധാന വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മലയാളിയായ സഫിയ പിഎമ്മാണ് ഹർജി നൽകിയത്. കേരളത്തിൽ നിന്നുള്ള എക്സ് മുസ്ലീങ്ങളുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് സഫിയ.

ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. മുസ്ലീം വ്യക്തിഗത നിയമത്തിന് കീഴിലുൾപ്പെടാൻ താൽപ്പര്യമില്ലാത്തവർക്ക് ഇന്ത്യൻ പിന്തുടർച്ചവകാശ നിയമം ബാധകമാക്കണമെന്നായിരുന്നു സഫിയ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ ഒരു നിയമ വിദഗ്ധനെ നാമനിർദ്ദേശം ചെയ്യണമെന്ന് അറ്റോർണി ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുസ്ലീം വ്യക്തി നിയമം 1937ലെ സെക്ഷൻ 3 പ്രകാരം വിൽപത്രം തയ്യാറാക്കുന്ന വ്യക്തി പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ഇവർ ആക്ടിന്റെ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിങ്ങൾ ഡിക്ലറേഷൻ നടത്തേണ്ട ആവശ്യമില്ല. നിങ്ങൾ പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, എന്നിവയുടെ കാര്യത്തിൽ വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ നിങ്ങളെ ബാധിക്കില്ല. അതിനാൽ നിങ്ങളോ നിങ്ങളുടെ പിതാവോ ഡിക്ലറേഷൻ നടത്താത്തിടത്തോളം കാലം നിങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിനിയമമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് സമ്മതിച്ച് പ്രമുഖ മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിർമാതാക്കളാണ് അസ്ട്രസെനെക.

അസ്ട്രസെനെക ഈ വാക്സിനുകൾ വികസിപ്പിച്ചത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ്. ഇതു രണ്ടും ആഗോള തലത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. അസ്ട്രസെനെക നിർമിച്ച വാക്സിനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളിൽ നിരവധിപ്പേർ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് നിരവധി പേർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

വാക്‌സിൻ ഉപയോഗിച്ചവരിൽ കൂടുതൽ പാർശ്വഫലങ്ങൾ കണ്ടെത്തിയത് യുകെയിലാണ്. കമ്പനിക്കെതിരേ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചതും യുകെയിൽ തന്നെയാണ്. 2021 ഏപ്രിൽ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.

വാക്സിൻ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടിയ്ക്കായുള്ള പോരാട്ടം തുടങ്ങിയത്.