National (Page 4)

ന്യൂഡൽഹി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തിൽ നിന്നുമിറങ്ങും, ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല അമിത് ഷായാണ് ആദ്യം പറഞ്ഞതെന്നും തരൂർ ചൂണ്ടിക്കാട്ടി. മോദിക്ക് വേണ്ടി അമിത് ഷാ തന്നെ നിലപാട് മാറ്റി പറയുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെറ്റാണ്. കെജ്രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യ സഖ്യത്തിന് ഊർജ്ജമാകും, ഡൽഹിയിലടക്കം വലിയ തോതിൽ സഹതാപ തരംഗമുണ്ടാകുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും കെജ്രിവാൾ.വ്യക്തമാക്കി. 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞത് നടന്നില്ല. മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്ത വർഷം മോദി വിരമിക്കും. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. 10 ഗ്യാരണ്ടികളാണ് അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെയ്ക്കുന്നത്. വിലക്കയറ്റം പിടിച്ചുനിർത്തും, രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും, എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും, അഗ്‌നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും തുടങ്ങിയ ഗ്യാരണ്ടികളാണ് കെജ്രിവാൾ നൽകിയിരിക്കുന്നത്.

ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ, ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും, അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും, വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും എന്നിവയാണ് കെജ്രിവാളിന്റെ മറ്റ് ഗ്യാരണ്ടികൾ.

ന്യൂഡൽഹി: 2023- 24 വർഷകാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷിയേറ്റീവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 118. 4 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് ചൈനയും ഇന്ത്യയും തമ്മിൽ നടന്നിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് യുഎസ് ആണുള്ളത്. മൂന്നാം സ്ഥാനത്ത് യുഎഇ ആണ്. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്.

യു.എസ് ആയിരുന്നു 2021-22, 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 8.7 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് അയിര്, പരുത്തി നൂൽ, തുണിത്തരങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴം പച്ചക്കറികൾ, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിൽ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്.

2023- 24 സാമ്പത്തിക വർഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യൺ യുഎസ് ഡോളറായി. 2022- 23-ൽ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

ഹൈദരാബാദ്: പ്രധാനമന്ത്രി പദവിക്ക് തനിക്ക് അർഹതയുണ്ടെന്ന അവകാശവാദം ഉന്നയിച്ച് കെസിആർ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വ്യക്തമാക്കി. എൻഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശികപാർട്ടികൾ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എൻഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ പിന്തുണയ്‌ക്കേണ്ടി വരും. തനിക്ക് പ്രധാനമന്ത്രി പദവിക്ക് അർഹതയുണ്ട്. നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെ ഡൽഹിയിൽ സഹായിക്കാൻ ബിആർഎസിന്റെ എംപിമാരുണ്ടാകുമെന്നും കെ ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നാളെ. 96 സീറ്റുകളിലേക്കാണ് നാളെ പോളിംഗ് നടക്കുക. നാലാം ഘട്ടത്തിൽ 9 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു.

നാലാംഘട്ടത്തിൽ ജനവിധി തേടുന്നത് 1717 സ്ഥാനാർത്ഥികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആന്ധ്രാപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 13 ഉം മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമ ബംഗാളിലെയും മധ്യപ്രദേശിലെയും 8 ഉം ബീഹാറിലെ 5 ഉം ജാർഖണ്ഡിലെയും ഒഡിഷയിലെയും 4 സീറ്റുകളിലേക്കും ജമ്മു കാശ്മീരിലെ ഒരു സീറ്റിലേക്കും നാളെ പോളിംഗ് നടക്കും.

അഖിലേഷ് യാദവ്, അസദുദ്ദീൻ ഒവൈസി, അർജുൻ മുണ്ട, ശത്രുഘ്‌നൻ സിൻഹ, മാധവി ലത, വൈഎസ് ശർമിള, അധീർ രഞ്ജൻ ചൗധരി, യൂസഫ് പത്താൻ, ഗിരിരാജ് സിംഗ്, മഹുവ മൊയ്ത്ര തുടങ്ങിയ നിരവധി പ്രമുഖർ നാളെ ജനവിധി തേടും.

ന്യൂഡൽഹി: 2024-25 സീസണിൽ രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള നീക്കവുമായി ബിസിസിഐ. മത്സരങ്ങൾക്കിടയിൽ കളിക്കാർക്ക് മതിയായ സമയം ലഭിക്കുന്നതിനും സീസണിലുടനീളം മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം സ്വീകരിക്കാനൊരുങ്ങുന്നത്.

ബിസിസിഐ സീസണിലെ ആഭ്യന്തര മത്സരങ്ങൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള കരടുനിർദേശം അപെക്സ് കൗൺസിലിന് അയച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ ചർച്ച നടത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫി വൈറ്റ് ബോൾ ടൂർണമെന്റുകളായ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവയോടൊപ്പം തന്നെ ആരംഭിക്കാനാണ് നീക്കം. ആദ്യ അഞ്ച് ലീഗ് രഞ്ജി ട്രോഫി മത്സരങ്ങൾ സീസണിന്റെ ആദ്യത്തിലും ശേഷിച്ച രണ്ട് ലീഗ് മാച്ചുകളും നോക്കൗട്ടും സീസണിന്റെ അവസാനത്തിലും നടക്കും. രഞ്ജി ട്രോഫി രണ്ടാംഘട്ടം വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷമാണ് നടക്കുക.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി ലോകൂർ, ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവർ ചേർന്ന് നേരത്തെ ഇരുവരേയും നേരത്തെ പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഈ സംവാദത്തിന് സമ്മതമാണെന്നാണ് രാഹുൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റൽപാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റു ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും മികച്ച പിന്തുണയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്നും രാഹുൽ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾ മത്സരിക്കുമ്പോൾ തങ്ങളുടെ നേതാക്കളെ നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾ അർഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇരുകക്ഷികൾക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുൽ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈദരബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്തു. ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിനാണ് കേസ്. തെലുഗ് സൂപ്പർ താരം വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് കേസെടുത്തിരിക്കുന്നത്. നന്ദ്യാൽ പൊലീസാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. അല്ലു അർജുന്റെ സുഹൃത്തായ വെഎസ്ആർസിപി സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു.

നൂറുകണക്കിന് പേരാണ് അല്ലു അർജുനെ കാണാൻ വേണ്ടി തടിച്ചുകൂടിയിരുന്നത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അസംബന്ധമായ ആരോപണമാണ് കെജ്രിവാൾ ഉന്നയിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിലോ എൻഡിഎയിലോ ഇക്കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമിത് ഷായും കഴിഞ്ഞ ദിവസം കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ല. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ പ്രധാനമന്ത്രി മോദി തന്നെ 75 വയസ്സിന് ശേഷം ബിജെപി നേതാക്കൾ വിരമിക്കുമെന്ന് ഒരു നിയമം ഉണ്ടാക്കി. അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.