സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസ്; ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരണപ്പെട്ടു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരണപ്പെട്ടു. കേസിലെ പ്രതി അനുജ് തപൻ ആണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ അനുജ് തപനെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അനുജിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. കേസിലെ മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത് തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്. സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിവെയ്പുണ്ടായത് കഴിഞ്ഞ മാസം 14 നാണ്.

പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പ് നടന്നത്. സൽമാൻ ഖാന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സൽമാൻ ഖാന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സൽമാൻ ഖാന് നേരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോൾഡി ബ്രാറിൽ നിന്നും ലോറൻസ് ബിഷ്‌ണോയിൽനിന്നും വധഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ സൽമാൻ ഖാൻ ഉണ്ടെന്നായിരുന്നു ഗോൾഡി ബ്രാർ മാസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനുപിന്നാലെ ഇ-മെയിൽ മുഖേനയും നടന് ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയിൽ നിന്ന് വധഭീഷണി ഉയർന്നതിന് പിന്നാലെ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.