National (Page 2)

ന്യൂഡൽഹി: ഇന്ത്യൻ കറിമസാലകൾ ഹോങ് കോങും സിങ്കപ്പൂരും തിരിച്ചയച്ചതിനു പിന്നാലെ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ക്യാൻസറിന് കാരണമാകുന്ന പദാർത്ഥം അടങ്ങിയിരിക്കുന്നതായി കാണിച്ചാണ് ഹോങ് കോങും സിങ്കപ്പൂരും ഇന്ത്യൻ കറിമസാലകൾ തിരിച്ചയച്ചത്. ഇന്ത്യൻ കറിമസാല നിർമാണ കമ്പനികളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നിവയുടെ മസാലകളാണ് മടക്കിയച്ചത്.

സംഭവത്തിനു പിന്നാലെ ഇന്ത്യയിലൊട്ടാകെയുള്ള മസാല നിർമാണ ഫാക്ടറികളിൽ നിന്ന് സാംപിൾ ശേഖരിച്ച് പരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശം കേന്ദ്രം നൽകി കഴിഞ്ഞു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

എംഡിഎച്ച്, എവറസ്റ്റ് അടക്കമുള്ള രാജ്യത്തെ എല്ലാ മസാല നിർമാണ കമ്പനികളുടെ ഫാക്ടറികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്ന ദൗത്യം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്കും ഉത്തരവ് അയച്ചിട്ടുണ്ട്. മൂന്ന്, നാല് ദിവസത്തിനുള്ളിൽ രാജ്യത്തുള്ള എല്ലാ മസാല നിർമാണ ഫാക്ടറികളിൽ നിന്നും സാംപിളുകൾ ശേഖരിച്ചു കഴിയും. 20 ദിവസത്തിനുള്ളിൽ സാംപിളുകളുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് വിവരം.

നമ്മളിൽ പലർക്കും പ്രിയപ്പെട്ട സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ് ആപ്പ്. പല പുതിയ ഫീച്ചറുകളും വാട്ട്‌സ് ആപ്പ് അവതരിപ്പിക്കാറുണ്ട്. കോൺടാക്ട് നോട്ട്‌സ് എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് ഇപ്പോൾ.

ഈ ഫീച്ചർ ഏറ്റവുമധികം പ്രയോജനപ്പെടുക വാട്ട്‌സ് ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായിരിക്കും. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ സേവ് ചെയ്ത് വെയ്ക്കാൻ കൂടി ബിസിനസ് ഉപയോക്താക്കൾക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വേണ്ടി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ കൂടി ചേർത്ത് നൽകാൻ കഴിയുന്ന വിധമാണ് ഫീച്ചർ. ആൻഡ്രോയിഡ് 2.24.9.12 അപ്‌ഡേറ്റിനായുള്ള പുതിയ വാട്്‌സ് ആപ്പ് ബീറ്റാ വേർഷൻ എടുത്തവർക്ക് പുതിയ ഫീച്ചർ ലഭിക്കും.

ചാറ്റിൽ കോൺടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷൻ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോൺടാക്ടുകളോടും ചേർത്ത് നോട്ടുകൾ ആഡ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത.

നേരത്തെയുള്ള ചാറ്റ് വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഉപകാരപ്രദമാണ്.

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകി. 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതൊരു അസാധാരണമായ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കി.

ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്കപ്പുറം ഗർഭച്ഛിദ്രം നടത്തണമെങ്കിൽ ഇന്ത്യൻ നിയമപ്രകാരം കോടതിയുടെ അനുമതി ആവശ്യമാണ്. ഈ ഘട്ടത്തിൽ അതിജീവിത ഗർഭച്ഛിദ്രത്തിന് വിധേയയാകുമ്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ കുഞ്ഞിന് ജന്മം നൽകുന്നത് അതിജീവിതയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച കേസിൽ സുപ്രീം കോടതി അടിയന്തര വാദം കേട്ടിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നത് അതിജീവിതയെ ശാരീരികമായും മാനസികമായും ബാധിക്കുമോ എന്നറിയാൻ പെൺകുട്ടിയെ മഹാരാഷ്ട്ര ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അന്ന് കോടതി ഉത്തരവിട്ടത്. പിന്നീട് മെഡിക്കൽ ബോർഡ് ഗർഭച്ഛിദ്രത്തിന് അനുകൂലമായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ബംഗളൂരു: തന്റെ മകൾ നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത്. മതം മാറാൻ തയ്യാറാവാത്തതിനാലാണ് തന്റെ മകൾ നേഹ കൊല്ലപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഏപ്രിൽ 18 നാണ് നേഹ കൊല്ലപ്പെട്ടത്. കർണാടകയിലെ ഹുബ്ബള്ളിയിൽ കെഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്നു നേഹ.ഇതേ കോളേജിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന 23 കാരൻ ഫയാസാണ് നേഹയെ കൊലപ്പെടുത്തിയത്. പട്ടാപ്പകൽ കോളേജ് ക്യാമ്പസിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.

പ്രതി മകളെ മതം മാറാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ, അതിന് സമ്മതിക്കാതിരുന്നതിനാൽ അവളെ കൊലപ്പെടുത്തിയെന്നും പിതാവ് നിരഞ്ജൻ ചൂണ്ടിക്കാട്ടി. നേരത്തെ നേഹയുടെ കൊലപാതകം ലൗ ജിഹാദ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. വ്യക്തിപരമായ കാരണങ്ങളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്. ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും നേഹയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. നീതിയുക്തമായ അന്വേഷണത്തിന് സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

കൊച്ചി: പീഡനത്തിനിരയായ സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ അവരുടെ ഡിഎൻഎ പരിശോധന സംബന്ധിച്ച അപേക്ഷകൾ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. കുട്ടികളുടെ സ്വകാര്യത മാനിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പീഡനവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാംപിളുകൾ ശേഖരിക്കാൻ നിർദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികളുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാനഭംഗക്കേസുകളിൽ വാദത്തിന് പിൻബലം നൽകാനാണ് ഇരകളുടെ കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നത്.

കോടതികൾ ഇതിന് നിർദേശിക്കുമ്പോൾ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോൾ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. താൻ ദത്ത്കുട്ടിയാണെന്നും പീഡനത്തിനിരയായ മാതാവിൻറെ കുട്ടിയാണെന്നും നിശ്ചിത പ്രായത്തിനുശേഷം തിരിച്ചറിയുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കാനിടയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത് ദത്തെടുക്കൽ നിയന്ത്രണ മാർഗരേഖയുടെ 48-ാംവകുപ്പിനും ദത്തെടുക്കലിന്റെ ലക്ഷ്യത്തിനും വിരുദ്ധമാണ്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ, ദത്തെടുത്ത കുട്ടികളുടെ കാര്യത്തിൽ ഡിഎൻഎ ഫലം നിർബന്ധിക്കപ്പെടുന്നില്ല. കേസ് തെളിയിക്കാൻ ഡി.എൻ.എ. പരിശോധനാഫലം ആവശ്യമായി വരുമ്പോൾ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് കോടതികൾ വിവേചനാധികാരം ഉപയോഗിക്കണം. ഡി.എൻ.എ. പരിശോധനയുടെ അനിവാര്യത കോടതികൾ പരിശോധിക്കണം. ഡി.എൻ.എ. പരിശോധനയുടെപേരിൽ ദത്തെടുത്ത കുടുംബം പീഡനമനുഭവിക്കേണ്ടി വരരുതെന്നും കോടതി കൂട്ടിച്ചേർത്തു.

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ ക്ഷേത്ര ദർശനം നടത്തിയത് 1.5 കോടിയിലധികം വിശ്വാസികൾ. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ദിനംപ്രതി ഒരു ലക്ഷത്തിലധികം പേർ അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്താനെത്തുന്നുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.

14 അടി വീതിയിൽ രാമക്ഷേത്രത്തിന് ചുറ്റും പാർക്കോട്ട എന്ന പേരിൽ സുരക്ഷാ ഭിത്തി നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ക്ഷേത്ര സമുച്ചയത്തിൽ ആറ് ചെറിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കും. അവിടെ ഭഗവാൻ ശങ്കരന്റെയും സൂര്യന്റെയും ഹനുമാന്റെയും അന്നപൂർണയുടെയും പ്രതിഷ്ഠകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം 17-നായിരുന്നു അയോദ്ധ്യയിൽ സൂര്യ അഭിഷേക് നടന്നത്. ബാലകരാമന്റെ നെറ്റിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ കാണാനും അനുഗ്രഹം വാങ്ങാനും പതിനായിരക്കണക്കിന് വി ശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാംലല്ലയിൽ പതിഞ്ഞത്. കണ്ണാടികളും ലെൻസുകളും ഉപയോഗിച്ചായിരുന്നു രാംലല്ലയിൽ സൂര്യകിരണങ്ങൾ പതിച്ചത്.

insurance

ന്യൂഡൽഹി: 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് മാറ്റി. പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് പുതിയ നീക്കത്തിലൂടെ ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചു.

ആരോഗ്യ ഇൻഷുറൻസിന്റെ ഉയർന്ന പ്രായപരിധി നീക്കിയത് ഇൻഷുറൻസ് മേഖലയ്ക്ക് കുതിപ്പേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നോൺ-ലൈഫ് ഇൻഡസ്ട്രിയിൽ ആരോഗ്യ മേഖലയുടെ പങ്ക് 38% ആണെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. 2024 മാർച്ച് 31 വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷത്തേക്കാൾ 4% ന്റെ വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്ക് 20% ആണ്.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവെന്ന ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. പ്രളയവും വരൾച്ചയും കൊണ്ട് കർണാടക ബുദ്ധിമുട്ടിയ സമയത്ത് പ്രധാനമന്ത്രി എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

24×7 ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെങ്കിൽ കർണാടക വെള്ളപ്പൊക്കത്തിലും വരൾച്ചയിലും ബുദ്ധിമുട്ടിയപ്പോൾ എവിടെയായിരുന്നു താങ്കളെന്നു സിദ്ധരാമയ്യ ചോദിക്കുന്നു. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നാണ് മോദി പറഞ്ഞിരുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിന് വേണ്ടി 24×7 ഉണ്ടായിരിക്കുമെന്നു വാക്കുനൽകുന്നു. കർണാടകയിൽ കേന്ദ്ര പദ്ധതികൾ മാത്രമാണ് നടക്കുന്നത്. കോൺഗ്രസ് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി അറിയിച്ചിരുന്നു.

5 ജിക്ക് ശേഷം 6 ജി കൊണ്ടുവരുമെന്ന് മോദി പറയുന്നു. അപ്പോൾ മോദിയെ നീക്കുമെന്നാണ് അവർ പറയുന്നത്. എഐ കൊണ്ടുവരുമെന്ന് പറയുന്നു, അപ്പോഴും മോദിയെ നീക്കുമെന്ന് പറയുന്നു. ചന്ദ്രയാന് ശേഷം ഗഗൻയാനിലൂടെ ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്ന് പറയുമ്പോൾ അവർ പറയുന്നു, മോദിയെ നീക്കുമെന്ന്. കോൺഗ്രസ് പുരോഗമന വിരുദ്ധരാണ്. ബിജെപിയും ജനതാ ദൾ സെക്യുലറും ഒന്നിച്ചുനിന്ന് കർണാടക ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. നിക്ഷേപ വിരുദ്ധരെന്നും സംരംഭകവിരുദ്ധരെന്നും സ്വകാര്യമേഖല വിരുദ്ധരെന്നും മുദ്രകുത്തി കോൺഗ്രസ് വികസനത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

റാഞ്ചി: ജാർഖണ്ഡ് റാലിക്ക് തുടക്കം കുറിച്ച് ഇന്ത്യ മുന്നണി. രാഹുൽ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാർഖണ്ഡ് റാലി ആരംഭിച്ചത്. റാലി ആരംഭിക്കാൻ അൽപസമയം മാത്രം ബാക്കി നിൽക്കെയാണ് റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുൽ പങ്കെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ റാലിക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ട്. സത്‌നയിലും റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ രാഹുൽ എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നു. എന്നാൽ പെട്ടെന്ന് വയ്യായ്മ അനുഭവപ്പെട്ടതോടെ ഡൽഹിയിൽ നിന്ന് വരാൻ പറ്റാത്ത അവസ്ഥയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിലാണ് റാലി നടക്കുന്നത്. ഹേമന്ത് സോറന്റെ പാർട്ടിയായ ജെഎംഎം( ജാർഖണ്ഡ് മുക്തി മോർച്ച)യാണ് ഇന്ത്യ മുന്നണിക്ക് ജാർഖണ്ഡിൽ ആതിഥേയത്വമൊരുക്കുന്നത്. അരവിന്ദ് കെജ്രിവാളിന് മുമ്പ് ഇഡി അറസ്റ്റ് ചെയ്ത മറ്റൊരു മുഖ്യമന്ത്രിയാണ് ജാർഖണ്ഡിലെ ഹേമന്ത് സോറൻ.

ഇംഫാൽ: മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ പതിനൊന്ന് ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ചു. വോട്ടിങ് ദിനത്തിൽ പോളിങ് സ്റ്റേഷനിൽ സംഘർഷവും വെടിവെപ്പും ഉണ്ടായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 11 മണ്ഡലങ്ങളിലാണ് റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തിൽ ഇന്നർ മണിപ്പൂരിലെ വിവിധയിടങ്ങളിൽ വ്യാപക സംഘർഷം ഉണ്ടായിരുന്നു. പല ബൂത്തുകളിലും വെടിവെപ്പിനെത്തുടർന്ന് ഇവിഎം ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. ചില ബൂത്തുകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഏപ്രിൽ 22-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, മണിപ്പൂരിലെ 47 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും ബൂത്തുകൾ പിടിച്ചെടുത്തതും ആരോപിച്ചായിരുന്നു കോൺഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടത്.