Kerala (Page 941)

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവ് പുറത്തിറക്കി സർക്കാർ. ഒരു വർഷത്തേക്കു കൂടിയാണ് ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിയത്.

റവന്യു വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറും 11 സ്‌പെഷ്യൽ തഹസീൽദാർമാരും തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 18 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സിൽവർ ലൈന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടർച്ചയുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സിൽവർലൈൻ പദ്ധതിയ്ക്ക് വേണ്ട ഭൂമിയേറ്റെടുക്കൽ നടപടികൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഒരു വർഷം കടന്നുപോകുമ്പോഴും സാമൂഹികാഘാത പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അതേസമയം, സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് ലഭിച്ചിട്ടുള്ള നിയമോപദേശം.

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എംആർഐ മെഷീൻ യാഥാർത്ഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ ലേസർ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാർബൺ ഡൈഓക്‌സൈഡ് ലേസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഗ്ലൂക്കോമ ക്ലിനിക്കിൽ 32 ലക്ഷം രൂപയുടെ യാഗ് ലേസർ, ഇഎൻടി വിഭാഗത്തിൽ 60.20 ലക്ഷം രൂപയുടെ ഹൈ എൻഡ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎൻടി ഇമേജിംഗ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തിൽ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ആട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസർ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകൾക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ, ലാബുകൾക്കാവശ്യമായ റീയേജന്റ്, കെമിക്കലുകൾ, എൽ.എസ്.സി.എസ്. കിറ്റ്, ഡിസ്‌പോസിബിൾ വെന്റിലേറ്റർ ട്യൂബിംഗ്, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൾട്ടിപാര മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, ബൈനാകുലർ മൈക്രോസ്‌കോപ്പ്, സർജിക്കൽ എൻഡോ ട്രെയിനർ, ആർത്രോസ്‌കോപ്പി ടെലസ്‌കോപ്പ്, ഓട്ടോലെൻസോ മീറ്റർ, പീഡിയാട്രിക് എൻഡോസ്‌കോപ്പ്, ഡിജിറ്റൽ വീൻ ഫൈൻഡർ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ കാന്റീൻ വിപുലീകരണം, അക്കാഡമിക് ബ്ലോക്കിലെ ടോയിലറ്റ് നവീകരണം, വാട്ടർ സപ്ലൈ, ഇൻഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ്പ്ലാന്റ് തുടങ്ങിയവയ്ക്കായി 1.66 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ പിജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കി. ഒഫ്ത്താൽമോളജി, ഇഎൻടി, ഡെർമറ്റോളജി (ത്വഗ് രോഗ വിഭാഗം) എന്നിവയിൽ എംഡി കോഴ്‌സുകൾ ആരംഭിക്കാനായെന്നും വീണാ ജോർജ് അറിയിച്ചു.

കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവം ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ആരോപണ വിധേയയായ പെണ്‍കുട്ടി മാപ്പു പറഞ്ഞതോടെ പ്രായത്തിന്റെ പകത്വയില്ലായ്മയായി താന്‍ ഈ സംഭവത്തെ കാണുന്നുവെന്നും ഭാവിയെ ഓര്‍ത്ത് പ്രശ്നം ഒത്തുതീര്‍പ്പ് ആക്കുന്നുവെന്നും നടി പ്രതികരിച്ചു.

നടിയുടെ പ്രതികരണം

‘ഞാന്‍ ഒരു ഷോറൂമില്‍ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവര്‍ കുറച്ച് മോശമായി പെരുമാറി. അവര്‍ ഷട്ടറൊക്കെ അടച്ചിട്ടു. ഞാന്‍ ആകെ പേടിച്ചു പോയി. ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെണ്‍കുട്ടിയായാണ് പോയത്. അവര്‍ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതല്‍ പ്രശ്നമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ആര്‍ക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്. അവര്‍ പിടിച്ചു വലിച്ചപ്പോള്‍ എന്റെ കൈയില്‍ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടര്‍ അടച്ചിട്ടപ്പോള്‍ ഞാന്‍ വലതും മോഷ്ടിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നല്‍ വന്നു. അവര്‍ക്ക് ഒരു ജീവിതമുണ്ട്. അത് തകരാന്‍ പാടില്ല. അതിനാല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്. അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതല്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസില്‍ പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് വേണമെന്ന് പറഞ്ഞു. അവര്‍ കുറച്ച് ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാല്‍ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കാണിക്കുവാനാണ് ഞാന്‍ ഫോട്ടോ എടുത്തത്. അതിന്റെ പേരില്‍ ഷട്ടര്‍ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോള്‍ ഞാന്‍ പേടിച്ചു പോയി. മൊബൈല്‍ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരിയുമായി സംസാരിച്ചു വാക്കുതര്‍ക്കം ആയതോടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും കയ്യില്‍ പിടിച്ചുവലിച്ചു. ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവര്‍ സ്ഥലത്തെത്തി. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല. ആക്രമിച്ച പെണ്‍കുട്ടി മാപ്പു പറഞ്ഞു.’

തിരുവനന്തപുരം: രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

‘ഓരോ വാഹനത്തിന് പിന്നാലെയും പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. 368 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത്. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും. സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കും.സ്പീഡ് ഗവര്‍ണര്‍ അഴിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഉണ്ട്. ഡീലര്‍മാരുടെ സഹായവും ഉണ്ട് അവര്‍ക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലര്‍മാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കില്‍ ടെസ്റ്റിന് വന്നാല്‍ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കും. മോട്ടോര്‍ വാഹന നിയമങ്ങള്‍ കേന്ദ്ര നിയമങ്ങള്‍ ആണ്. പിഴ വളരെ കുറവാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പെടുത്തി നടപടികളെടുത്തു. പക്ഷെ ബസ് ഉടമകള്‍ കോടതിയില്‍ പോയി. അതുകൊണ്ട് മറ്റു നടപടികള്‍ സാധ്യമാകുന്നില്ല. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു. 10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്. വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരും’- മന്ത്രി വ്യക്തമാക്കി.

അതേസമയം, പാലക്കാട് വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ ആണെന്നാണ് പ്രാഥമിക നിഗമനം. മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തില്‍ ആണ്. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോള്‍ 110 കിലോമീറ്റര്‍ ആണ്. ഇത് നിയമങ്ങള്‍ക്ക് എതിരാണ്. കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ: പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 12 മുതൽ 28 വരെ (15, 16, 22, 23, 24 ഒഴികെ) കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും.

ഉദ്യോഗാർഥികൾ ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനും ഹാൾടിക്കറ്റ്, അസ്സൽ ഐ ഡി എന്നിവ സഹിതം ഹാൾ ടിക്കറ്റിൽ അറിയിച്ച ദിവസം രാവിലെ അഞ്ച് മണിക്ക് ഹാജരാവണമെന്ന് പിഎസ്സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700482.

അതേസമയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നീ സ്വയം തൊഴിൽ പദ്ധതിക്ക് മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെസ്റു: വായ്പ തുക 1,00,000 രൂപവരെ, സബ്സിഡി 20 ശതമാനം. മൾട്ടി പർപ്പസ് ജോബ് ക്ലബ്: വായ്പ തുക 10,00,000 രൂപ വരെ, സബ്സിഡി 25 ശതമാനം. അപേക്ഷയുടെ മാതൃകക്കും അപേക്ഷ നൽകാനും മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0490 2474700.

പാലക്കാട്: പാലക്കാട്ടെ വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍ വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെ നരഹത്യ കുറ്റം ചുമത്തി. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

അതേസമയം, ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ രക്തസാമ്പിള്‍ പരിശോധനക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് കൈമാറി.

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസുടമയും കോട്ടയം സ്വദേശിയുമായ അരുണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകടമുണ്ടാകുമ്പോള്‍ ബസ് ഓടിക്കൊണ്ടിരുന്നത്.

കോട്ടയം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം (OMFS) വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കീഴ്താടിയെല്ലിലെ ട്യൂമർ കാരണം, കീഴ്താടിയെല്ലും അതിനു അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ട്യൂമർ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാൽ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബിൽ സിടി സ്‌കാൻ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആർട്ടിഫിഷ്യൽ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്.

മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവർത്തനവും സാധ്യമാകുന്ന ഞെരമ്പുകൾക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീർണതയാണ്. എന്നാൽ യാതൊരു പാർശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂർ നീണ്ടു നിന്നു.

ഒ.എം.എഫ്.എസ്. മേധാവി ഡോ. എസ്. മോഹന്റെയും അനസ്‌തേഷ്യാ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. ദീപ്തി സൈമൺ, ഡോ. ബോബി ജോൺ, ഡോ. പി.ജി. ആന്റണി, ഡോ. ജോർജ് ഫിലിപ്പ്, നഴ്‌സുമാർ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദ യാത്രയിൽ രാത്രിയാത്ര വിലക്കിയുള്ള ഉത്തരവ് അട്ടിമറിച്ചത് സർക്കാർ തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2007-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

രാത്രി ഒമ്പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 2013-ൽ ഇറക്കിയ സർക്കുലറിൽ ഈ നിർദേശം ഒഴിവാക്കിയെന്നും രേഖകളിൽ നിന്നും വ്യക്തമാക്കുന്നു.

കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 16 മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് 2007 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ 2013-ൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങൾക്ക് നൽകിയ സർക്കുലറിൽ രാത്രിയാത്രാ നിരോധന നിർദേശം ഒഴിവാക്കി. ഈ നിർദ്ദേശം ഒഴിവാക്കിയത് എന്താണെന്ന കാരണം വ്യക്തമല്ല.

അതേസമയം, സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കർശന നിബന്ധനകൾ ഏർപ്പെടുത്തി. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നത്.

അതേസമയം, ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂവെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിട്ടുണ്ട്. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.

യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മാറാട് കൂട്ടക്കൊലയിൽ പോപ്പുലർ ഫ്രണ്ടിനെ പ്രതിക്കൂട്ടിലാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശങ്ങൾ. തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയുടെ കുറ്റം മുസ്ലിംലീഗിന്റെ ചുമലിൽ വച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് നാദാപുരത്ത് എം എസ്എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ് സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

പോപ്പുലർ ഫ്രണ്ടിന്റെ മാതൃസംഘടനയായ എൻഡിഎഫ് ആണ് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് കുഞ്ഞാലികുട്ടി തുറന്നടിച്ചു. ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് തീവ്രവാദികൾ നടത്തിയ ആക്രമണമാണ് മാറാടുകാരെ അഭയാർഥികളാക്കിയത്. പിന്നീട് കുറ്റം ലീഗിന്റെ ചുമലിൽ വച്ചു. മുസ്ലീം ലീഗ് സമാധാനപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. നാദാപുരത്ത് പോലും ലീഗ് തീവ്രനിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്രവാദ സ്വഭാവമുള്ളവരാണ് നാദാപുരത്തും കൊലപാതകങ്ങൾ നടത്തിയത്. മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും ഇവർ മുദ്രാവാക്യം വിളിപ്പിക്കുകയാണ്. ഭീരുക്കളാണ് മത തീവ്രവാദ നിലപാടിലെത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനുള്ള ഒത്താശ ചെയ്ത് നല്‍കി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം സ്റ്റേഷനിലും ബസുകളിലും പ്രദര്‍ശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള ടെര്‍മിനല്‍ ഗ്യാപ്പ് വര്‍ധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷന്‍ നടത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്ആര്‍ടിസി നിര്‍ദേശം.

അതേസമയം, ദീര്‍ഘദൂര-അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ ഇത്രയും ഉയര്‍ന്ന സ്പീഡില്‍ യാത്ര ചെയ്യണമെന്ന വിലയിരുത്തലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കാരണമെന്നാണ് സൂചന. ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറില്‍ മണിക്കൂറില്‍ 80 കിലോമീറ്ററായി വേഗത നിയന്ത്രിച്ചിട്ടുമുണ്ട്.

കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വീസുകളായ മിന്നല്‍, സ്വിഫ്റ്റ് സര്‍വീസുകള്‍ക്ക് നാലുവരി പാതകളില്‍ പോലും അനുവദിച്ചിട്ടുള്ള വേഗതയുടെ പകുതിയില്‍ അധികം വേഗത എടുക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവാണ് കെ.എസ്.ആര്‍.ടി.സി ഇറക്കിയിരിക്കുന്നത്. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് എതാനും മാസങ്ങള്‍ മുമ്പ് എടുത്ത തീരുമാനവും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിന്റെ പകര്‍പ്പും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.