എല്ലാ ടൂറിസ്റ്റ് ബസുകളും രണ്ടാഴ്ചക്കുള്ളില്‍ പരിശോധിക്കും; സ്വിഫ്റ്റിന്റെ വേഗപരിധി പുനരാലോചിക്കുമെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

‘ഓരോ വാഹനത്തിന് പിന്നാലെയും പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. 368 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത്. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും. സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കും.സ്പീഡ് ഗവര്‍ണര്‍ അഴിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഉണ്ട്. ഡീലര്‍മാരുടെ സഹായവും ഉണ്ട് അവര്‍ക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലര്‍മാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കില്‍ ടെസ്റ്റിന് വന്നാല്‍ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കും. മോട്ടോര്‍ വാഹന നിയമങ്ങള്‍ കേന്ദ്ര നിയമങ്ങള്‍ ആണ്. പിഴ വളരെ കുറവാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പെടുത്തി നടപടികളെടുത്തു. പക്ഷെ ബസ് ഉടമകള്‍ കോടതിയില്‍ പോയി. അതുകൊണ്ട് മറ്റു നടപടികള്‍ സാധ്യമാകുന്നില്ല. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു. 10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്. വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരും’- മന്ത്രി വ്യക്തമാക്കി.

അതേസമയം, പാലക്കാട് വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ ആണെന്നാണ് പ്രാഥമിക നിഗമനം. മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തില്‍ ആണ്. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോള്‍ 110 കിലോമീറ്റര്‍ ആണ്. ഇത് നിയമങ്ങള്‍ക്ക് എതിരാണ്. കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.