തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയുടെ കുറ്റം മുസ്ലിംലീഗിന്റെ ചുമലിൽ വച്ചു; പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മാറാട് കൂട്ടക്കൊലയിൽ പോപ്പുലർ ഫ്രണ്ടിനെ പ്രതിക്കൂട്ടിലാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശങ്ങൾ. തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയുടെ കുറ്റം മുസ്ലിംലീഗിന്റെ ചുമലിൽ വച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് നാദാപുരത്ത് എം എസ്എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ് സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

പോപ്പുലർ ഫ്രണ്ടിന്റെ മാതൃസംഘടനയായ എൻഡിഎഫ് ആണ് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് കുഞ്ഞാലികുട്ടി തുറന്നടിച്ചു. ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് തീവ്രവാദികൾ നടത്തിയ ആക്രമണമാണ് മാറാടുകാരെ അഭയാർഥികളാക്കിയത്. പിന്നീട് കുറ്റം ലീഗിന്റെ ചുമലിൽ വച്ചു. മുസ്ലീം ലീഗ് സമാധാനപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. നാദാപുരത്ത് പോലും ലീഗ് തീവ്രനിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്രവാദ സ്വഭാവമുള്ളവരാണ് നാദാപുരത്തും കൊലപാതകങ്ങൾ നടത്തിയത്. മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും ഇവർ മുദ്രാവാക്യം വിളിപ്പിക്കുകയാണ്. ഭീരുക്കളാണ് മത തീവ്രവാദ നിലപാടിലെത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.