വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദ യാത്രയിൽ രാത്രിയാത്ര വിലക്കിയുള്ള ഉത്തരവ് അട്ടിമറിച്ചത് സർക്കാർ തന്നെ; രേഖകൾ പുറത്ത്

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദ യാത്രയിൽ രാത്രിയാത്ര വിലക്കിയുള്ള ഉത്തരവ് അട്ടിമറിച്ചത് സർക്കാർ തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2007-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

രാത്രി ഒമ്പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 2013-ൽ ഇറക്കിയ സർക്കുലറിൽ ഈ നിർദേശം ഒഴിവാക്കിയെന്നും രേഖകളിൽ നിന്നും വ്യക്തമാക്കുന്നു.

കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 16 മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് 2007 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ 2013-ൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങൾക്ക് നൽകിയ സർക്കുലറിൽ രാത്രിയാത്രാ നിരോധന നിർദേശം ഒഴിവാക്കി. ഈ നിർദ്ദേശം ഒഴിവാക്കിയത് എന്താണെന്ന കാരണം വ്യക്തമല്ല.

അതേസമയം, സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കർശന നിബന്ധനകൾ ഏർപ്പെടുത്തി. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നത്.

അതേസമയം, ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂവെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിട്ടുണ്ട്. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.

യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.