Kerala (Page 942)

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങൾ നടത്തുന്ന കൊള്ളയുടെ കണക്കുകൾ പുറത്തുവിട്ട് മുൻ ധനമന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ നിന്നും മറ്റിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിന്റെ അന്തരം എത്രയാണെന്ന് അദ്ദേഹം വിശദമാക്കുന്നു. ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള ഭീമമായ ചാർജ് വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൊച്ചിയിൽ നിന്നും ഹൈദ്രാബാദ് പോകാൻ ഇന്നത്തെ ടിക്കറ്റ് ചാർജ്ജ് 5171 രൂപയാണ്. തിരുവനന്തപുരത്തു നിന്ന് ഹൈദ്രാബാദ് പോകാൻ 9295 രൂപയാണ്. ഹൈദ്രാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ അന്തരം ബോധ്യപ്പെട്ടത്. അന്വേഷിച്ച് നോക്കുമ്പോൾ തിരുവനന്തപുരത്തു നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ചാർജ്ജ് കൊച്ചിയേക്കാൾ എത്രയോ ഉയർന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കിൽ 5033 രൂപ നൽകണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയിൽ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കിൽ 4926 രൂപ നൽകണം. ഇനി ഡൽഹിയിലേക്കാണെങ്കിൽ കൊച്ചിയിൽ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കിൽ 12593 രൂപ. ചെറിയൊരു വ്യത്യാസമല്ല. എയർലൈനുകൾ കണക്കുകളെല്ലാം ഇൻഡിഗോ എയർ ലൈനിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് എയർലൈൻ കൊള്ളയടിക്കുകയാണെന്ന് പറയാൻ വയ്യ. കൊള്ളയടിക്കുന്നത് എയർപോർട്ടാണ്. കൊച്ചിയിൽ യൂസർ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്‌ലൈറ്റാണെങ്കിൽ 598 രൂപയും ഇന്റർനാഷണൽ ആണെങ്കിൽ 1260 രൂപയുമാണ് യൂസർ ഫീ. എന്നാലും ഈ വ്യത്യാസം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്. എന്തൊക്കെയായിരുന്നു അദാനി വന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി. അദാനി ഏറ്റെടുത്ത് ഒരുവർഷം കഴിയുമ്പോഴും എയർപോർട്ടിലെ സൗകര്യങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്‌ളൈറ്റുകൾ പുനസ്ഥാപിക്കപ്പെട്ടിട്ടു പോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രയ്ക്ക് ഇതാണെങ്കിൽ ഇന്റർനാഷണൽ ആകുമ്പോൾ എത്രയാകാം. ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയർപോർട്ട് കമ്പനി വിശദീകരിച്ചേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊച്ചിക്കാർ എത്ര ഭാഗ്യവാന്മാർ? കൊച്ചിയിൽ നിന്നും ഹൈദ്രാബാദ് പോകാൻ ഇന്നത്തെ ടിക്കറ്റ് ചാർജ്ജ് 5171 രൂപയാണ്. തിരുവനന്തപുരത്തു നിന്ന് ഹൈദ്രാബാദ് പോകാൻ 9295 രൂപയാണ്. ഹൈദ്രാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ അന്തരം ബോധ്യപ്പെട്ടത്. അന്വേഷിച്ചു നോക്കുമ്പോൾ തിരുവനന്തപുരത്തു നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ചാർജ്ജ് കൊച്ചിയേക്കാൾ എത്രയോ ഉയർന്നതാണ്.

ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കിൽ 5033 രൂപ നൽകണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയിൽ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കിൽ 4926 രൂപ നൽകണം. ഇനി ഡൽഹിയിലേക്കാണെങ്കിലോ? കൊച്ചിയിൽ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കിൽ 12593 രൂപ.

ചെറിയൊരു വ്യത്യാസമല്ല. എയർലൈനുകൾ കണക്കുകളെല്ലാം ഇൻഡിഗോ എയർ ലൈനിന്റേതാണ്. അതുകൊണ്ട് എയർ ലൈൻ കൊള്ളയടിക്കുകയാണെന്നു പറയാൻ വയ്യ. കൊള്ളയടിക്കുന്നത് എയർപോർട്ടാണ്. കൊച്ചിയിൽ യൂസർ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്‌ലൈറ്റാണെങ്കിൽ 598 രൂപയും ഇന്റർനാഷണൽ ആണെങ്കിൽ 1260 രൂപയുമാണ് യൂസർ ഫീ. എന്നാലും ഈ വ്യത്യാസം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം.

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്.

എന്തൊക്കെയായിരുന്നു അദാനി വന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി? അദാനി ഏറ്റെടുത്ത് ഒരുവർഷം കഴിയുമ്പോഴും എയർപോർട്ടിലെ സൗകര്യങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്‌ലൈറ്റുകൾ പുനസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രയ്ക്ക് ഇതാണെങ്കിൽ ഇന്റർനാഷണൽ ആകുമ്പോൾ എത്രയാകാം!

ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയർപോർട്ട് കമ്പനി വിശദീകരിച്ചേ തീരൂ.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.

‘ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മൂന്നു വര്‍ഷം മുമ്പ് കണ്ണൂരില്‍ എനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുത്തില്ല. കണ്ണൂരില്‍ എനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. എല്ലാത്തിനും കൈയ്യില്‍ തെളിവുണ്ട്. പൊലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ല? ആഭ്യന്തര ആരുടെ കൈയ്യില്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി നിഴല്‍യുദ്ധം അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ നയങ്ങള്‍ അറിയാന്‍ പൊതുജനത്തിന് അവകാശമുണ്ട്. ഇനിയെങ്കിലും പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. സംസ്ഥാനത്ത് സ്വജനപക്ഷപാതമാണ് നടക്കുന്നത്. ഞാന്‍ ഗവര്‍ണര്‍ ആയിരിക്കുന്ന കാലം അത് സമ്മതിക്കില്ല. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടും. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ല’- ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇന്ന് ഗവര്‍ണര്‍ രംഗത്തെത്തിയത്.

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി എംപി വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചതിനു ശേഷം കല്ലുംമൂട്ടില്‍കടവ് പാലം വഴി തീരദേശറോഡിലൂടെ സഞ്ചരിച്ചാണു രാത്രി എട്ടരയോടെ രാഹുല്‍ മഠത്തിലെത്തിയത്. സന്യാസിമാര്‍ ചേര്‍ന്നു രാഹുലിനെ സ്വീകരിച്ചു.

കടലോര ഗ്രാമത്തിലൂടെയുള്ള രാഹുലിന്റെ യാത്ര കാണാന്‍ തീരദേശ റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു പേരാണു തടിച്ചുകൂടിയത്. ഇവരെയെല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം വാഹനത്തില്‍ നീങ്ങിയത്. എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി അമൃതപുരിയിലെത്തിയത്. 45 മിനിറ്റോളം മാതാ അമൃതാനന്ദമയിക്കൊപ്പം ചെലവഴിച്ച് ഒന്‍പതരയോടെ അദ്ദേഹം മടങ്ങി.

ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി ബിഷപ്പുമാരെ രാഹുല്‍ ഗാന്ധി നേരത്തെ കണ്ടിരുന്നു. പിന്നീട് ശിവഗിരി മഠവും സന്ദര്‍ശിച്ചു. അതിന് ശേഷമാണ് വള്ളിക്കവാവില്‍ എത്തുന്നത്. അതേസമയം, ജോഡോ യാത്ര ഇന്നലെ കൊല്ലത്ത് അവസാനിച്ചു.

കൊച്ചി: തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് കാര്യക്ഷമവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കാൻ ഭരണഘടനാ അനുശാസിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഗോപിനാഥ് പിജെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ആശുപത്രികളിൽ വാക്സിൻ വിതരണം ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. എപ്പോഴാണോ പ്രശ്നം വേണ്ട വിധം കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനം സജ്ജമാക്കുക, അന്ന് മുതൽ സൗജന്യ ചികിത്സ ഒരുക്കേണ്ട ബാധ്യത തങ്ങൾ നീക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിൽ സജ്ജമാക്കുന്ന സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയും ആഴ്ച്ചതോറും അത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആനിമൽ ബെർത്ത് കൺട്രോൾ (എബിസി), വാക്സിനേഷൻ ഡ്രൈവ്, പേവിഷബാധയുള്ള നായ്ക്കളെ തിരിച്ചറിയൽ അതിനെ പിടികൂടി കരുതൽ തടങ്കലിൽവെക്കൽ, കാര്യക്ഷമമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം തുടങ്ങിയ നിർദേശങ്ങൾ പ്രശ്ന പരിഹാരത്തിന് അവലംബിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളെ ഹോട്ട്സോപോട്ടുകളാക്കി തിരിച്ചതും വാക്സിൻ ഡ്രൈവ് ആരംഭിച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ന്യൂഡൽഹി: ലാവലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉൾപ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് രണ്ട് മണിക്കുള്ള പട്ടികയിൽ നാലാമത്തെ കേസായാണ് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തതിട്ടുള്ളത്. ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ കേസ് എടുക്കൂ എന്നറിയിപ്പുണ്ടായിരുന്നു. അതിനാൽ കേസ് വീണ്ടും മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.

മുപ്പതിലേറെ തവണയാണ് ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സെപ്തംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഹർജികൾ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹർജിക്കാരിൽ ഒരാളായ ടി പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് സെപ്തംബർ 13ലെ പട്ടികയിൽ നിന്ന് ഹർജികൾ നീക്കരുതെന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.

2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.

തിരുവനന്തപുരം: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സർക്കാർ, അർദ്ധ സർക്കാർ,

പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പളം 25600- 60700. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി.82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035. അവസാന തീയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക്; 0471-2572758/2572189.

അതേസമയം, മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവർ സെപ്റ്റംബർ 16ന് 10 മണിക്ക് എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലും ഹാജരാകേണ്ടതാണ്. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സമർപ്പിക്കണം.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവിന് അവർക്ക് അർഹതപ്പെട്ട ജോലിക്കായി അപേക്ഷിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിട്ടാണോ സ്റ്റാഫിൻറെ ബന്ധു അപേക്ഷ കൊടുക്കുക. എന്തൊരു അസംബന്ധമാണ് പറയുന്നത്. എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ പരിശോധിക്കാൻ ആരാണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആയതിനാൽ ജോലിയ്ക്ക് അപേക്ഷിക്കാൻ പറ്റില്ല എന്ന് പറയാൻ ഇദ്ദേഹത്തിന് എന്താണ് അവകാശം. ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽപരം അസംബന്ധം മറ്റൊരാൾക്കും പറയാൻ കഴിയില്ല. ഗവർണർ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാണ് സംസാരിക്കേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല, അത് അദ്ദേഹം തന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ അടുത്ത് ബന്ധപ്പെടുന്നവർ അത് പരിശോധിപ്പിക്കാൻ തയ്യാറാകണം. പക്വമതിയായ ആൾക്ക് ചേർന്ന പ്രതികരണമല്ല ഗവർണറുടേത്. സർക്കാർ ഭരണഘടനാപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മന്ത്രിമാർ വിദേശ സന്ദർശനം നടത്തുന്നതിൽ നിന്നുണ്ടാകുന്ന നേട്ടങ്ങൾ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടപ്പാക്കിയ പല പ്രധാന പദ്ധതികളും വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികളുടെ തദ്ദേശീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദേശയാത്രകൾ കൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യങ്ങൾ ഉയർന്ന സാഹചര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വസ്തുത മനസിലാക്കിയാൽ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ നേട്ടങ്ങൾ മനസിലാക്കാനാകും. 1990ൽ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആർ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് ആയ സിലിക്കൺ വാലിയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിൽ ഒരു ടെക്‌നോപാർക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെ തന്നെ ആദ്യ ഐടി പാർക്കായി അത് മാറിയതും. വിദേശ രാജ്യങ്ങളിലെ വികസന മാതൃകകൾ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയിൽ പകർത്തിയെടുക്കാൻ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടി നടപ്പാക്കിയ ഡച്ച് മാതൃകയിലുള്ള ‘റൂം ഫോർ റിവർ’ പദ്ധതി മറ്റൊരു ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2019 ൽ നെതർലാന്റ്‌സ് സന്ദർശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ റൂം ഫോർ റിവർ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചതെന്ന് അദ്ദേഹം വിശദമാക്കി.

നെതർലാന്റ്‌സ് കേരളം പോലെ മഴക്കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും അനുഭവിക്കുന്ന പ്രദേശമാണ്. കുട്ടനാട് പോലെ സമുദ്രനിരപ്പിനോട് താഴ്ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. 1993 ലും 1995 ലും കടുത്ത മഴ മൂലം നെതർലാന്റ്‌സിൽ പ്രളയമുണ്ടായിരുന്നു. കനത്ത നാശനഷ്ടമായിരുന്നു പ്രളയം അവിടെ ഉണ്ടാക്കിയത്. തൊണ്ണൂറുകളിലെ ആ കെടുതികളാണ് ആണ് ‘റൂം ഫോർ റിവർ’ എന്ന ഒരു വിപുലമായ പ്രളയപ്രതിരോധ പദ്ധതിയിലേക്ക് ആ രാജ്യത്തെ എത്തിക്കുന്നത്. 10 വർഷങ്ങൾ കൊണ്ട് നടപ്പാക്കിയ പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ ആക്കം കുറയ്ക്കാൻ നെതർലാന്റ്‌സിന് കഴിഞ്ഞു. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് ‘റൂം ഫോർ റിവർ’ എന്ന ആശയം. ഈ പദ്ധതി കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉപകരിക്കുമെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് അത് ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പമ്പയാറും അച്ചൻകോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിന്റെ വീതി വളരെ കുറവാണ് എന്ന വസ്തുത പരിഗണിച്ച് ഈ ഭാഗത്തിന്റെ വീതി 80 മീറ്ററിൽ നിന്ന് 400 മീറ്ററായി ഉയർത്തുകയും പമ്പയിൽ നിന്ന് 75000 ക്യൂബ്ബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ചെയ്തു. ഇങ്ങനെ നദീജലത്തിന് ഒഴുകി പോകാൻ സ്ഥലം നൽകിയതിലൂടെ പ്രളയതീവ്രത ലഘൂകരിക്കാൻ സാധിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി മലിനമായി കിടന്ന ജല സ്രോതസ്സുകൾ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കി. ഒഴുക്കു നിലച്ചു പൂർണ്ണമായും വറ്റിയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു. 412 കിലോമീറ്റർ പുഴയാണ് ഹരിത കേരളം മിഷന്റെ ഭാഗമായി ഇപ്രകാരം വീണ്ടെടുത്തത്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്റ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർദ്ധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വർധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവർത്തനങ്ങളാണ് ഇനിയുള്ള ഘട്ടങ്ങളിൽ നടത്തുക. മഴക്കെടുതി തുടർച്ചയാകുന്ന സാഹചര്യത്തിൽ ഇനിയുള്ള പ്രവർത്തനങ്ങളും സുസ്ഥിര പുനർനിർമ്മാണത്തിന്റെ മാതൃകയിലാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുട്ടനാട് പാക്കേജിന്റെ കീഴിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ കൃത്യമായി നിയന്ത്രിച്ചുകൊണ്ട് മഴവെള്ളവും പ്രളയജലവും ഒഴുകി പോകുന്നതിന് സൗകര്യം ഒരുക്കി. റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഡിപിആറിന്റെ ഡ്രാഫ്റ്റ് ചെന്നൈ ഐഐടിയുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അത് ജലസേചന വകുപ്പിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

2020 ൽ ആരംഭിച്ച് വെറും രണ്ട് വർഷമേ കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിക്ക് പ്രായം ആയിട്ടുള്ളൂ. ആ സമയം കൊണ്ടാണ് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞത്. പുഷ്പകൃഷി നടത്തുന്നതിനായി നെതർലാന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനും അന്നത്തെ സന്ദർശനത്തിൽ തീരുമാനിച്ചിരുന്നു. വയനാട് അമ്പലവയലിൽ ഇതിനായുള്ള സ്ഥലം കണ്ടെത്തി. ചരിത്ര പ്രാധാന്യമുള്ള ഇൻഡോ-ഡച്ച് ആർക്കൈവ്‌സ് തയ്യാറാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. അതിന്റെ നടപടികൾ പുരോഗമിക്കുന്നു. ജർമ്മനിയുമായി നടത്തിയ നയതന്ത്ര ചർച്ചയുടെ ഭാഗമായി നോർക്കയുമായി സഹകരിച്ചു നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിൽ അവസരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒഡെപെക് വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ ജോലി ലഭിച്ചത് 2,753 പേർക്കാണ്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ൽ പോലും 787 പേർക്ക് വിദേശ ജോലി ലഭ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാര വകുപ്പ് വിവിധ രാജ്യങ്ങളിൽ നേരിട്ട് സംഘടിപ്പിച്ച വ്യാപാര മീറ്റുകളിലും വിവിധ അന്തർദേശീയ മേളകളിലും പങ്കെടുത്ത് കൂടുതൽ വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും കഴിഞ്ഞു. ജക്കാർത്തയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഇൻറർനാഷണൽ ബ്‌ളൂ ഇക്കോണമി മിനിസ്റ്റേഴ്‌സ് കോൺഫറൻസിൽ ഫിഷറീസ് വകുപ്പ് മന്ത്രി പങ്കെടുത്തു. ഇന്ത്യൻ മഹാസമുദ്രവുമായി ചേർന്നു കിടക്കുന്ന ഇരുപതിലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തുവാനും മൽസ്യബന്ധനം, ശീതീകരണ പ്രക്രിയ, വിപണനസമ്പ്രദായങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സേവന വ്യവസ്ഥകൾ, സുരക്ഷ, കടലിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ആധുനിക ബോട്ട് നിർമ്മാണ സാങ്കേതിക വിദ്യകൾ, രാജ്യാന്തര തലത്തിലുള്ള ആഴക്കടൽ മൽസ്യബന്ധനം മുതലായ വിഷയങ്ങളെപ്പറ്റി മനസ്സിലാക്കുവാനും നടപ്പിലാക്കുവാനും ഈ കോൺഫറൻസ് വഴി സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അബുദാബിയിൽ സംഘടിപ്പിച്ച വേൾഡ് സ്‌കിൽ കോംപറ്റീഷൻ പരിപാടിയിൽ അന്നത്തെ തൊഴിൽ മന്ത്രി പങ്കെടുത്തിന്റെ ഭാഗമായി കേരളത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിന് സാധിച്ചു. കേരളത്തിലെ നഴ്‌സുമാർക്ക് യുഎഇയിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽ വകുപ്പ് മന്ത്രിയുടെ വിദേശയാത്രകൾ ഫലം കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ മെട്രോപോളിറ്റൻ നഗരങ്ങളിൽ നോട്ടിംഹാം സിറ്റിക്ക് സമാനമായി ഇലക്ട്രിക് വാഹനഗതാഗതം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുടെ ലണ്ടൻ യാത്ര ഉപയോഗപ്രദമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് കപ്പ. മീൻ കറിയോടും ഇറച്ചിയോടുമൊപ്പം കപ്പ കഴിക്കുന്നത് മലയാളിയ്ക്ക് ഒരു വികാരം തന്നെയാണ്. അന്നജം, പൊട്ടാസ്യം, സോഡിയും തുടങ്ങിയ ഘടകങ്ങൾ കപ്പയിലുണ്ട്. എന്നാൽ കപ്പ ഒരുപാട് കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റുണ്ട്. ഒരു ദിവസം ശരീരത്തിനു വേണ്ട കാർബോഹൈഡ്രേറ്റിന്റെ അളവ് 130 മില്ലീഗ്രാമാണ്. അര കപ്പ് കപ്പയിൽ തന്നെ ഏതാണ്ട് 70 മില്ലീഗ്രാമോളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. പെട്ടെന്നു ശരീരം നന്നാകാൻ ഇതു സഹായിക്കും. ഇത് പ്രധാന ഭക്ഷണമായി എടുക്കുക. അതായത് കപ്പ കഴിച്ചാൽ പിന്നെ ചോറു വേണ്ട, അല്ലെങ്കിൽ വേറെ ഒരു നേരത്തെ ഭക്ഷണത്തിനു പകരം ഇത് എന്ന രീതിയിലേയ്ക്കു മാറുന്നതാണ് നല്ലത്.

കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതിനും കാരണം ഈ സയനൈഡ് വിഷം തന്നെയാണ്. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും. അതിനാൽ ഇവ കപ്പയോടൊപ്പം കഴിക്കുന്നത് വളരെ നല്ലതാണ്.

ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഭക്ഷണം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യത്തോടെയിരിക്കാനും നല്ല ഭക്ഷണങ്ങൾ കഴിക്കണം. പോഷക സമ്പുഷ്ടമായ അഞ്ച് പ്രഭാത ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

  1. ഇഡ്ഡലി

ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ഇഡ്ഡലി. ഇഡ്ഡലി കഴിച്ചാൽ ദഹന പ്രക്രിയ വേഗത്തിലാകും. ഇഡ്ഡലി കഴിച്ചാൽ അമിതവണ്ണം ഉണ്ടാകുകയുമില്ല.

  1. ഓട്‌സ്

ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്‌സ്. ഇരുമ്പ്, ബി വിറ്റാമിനുകൾ, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക്, സെലിനിയം എന്നിവ ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

  1. ഓംലറ്റ്

പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. ഒരു മുട്ടയിൽ കുറഞ്ഞത് 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിന് ആവശ്യമായ ദൈനംദിന പ്രോട്ടീൻ ആവശ്യകത പൂർത്തിയാക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് ഓംലറ്റ്.

  1. ഉപ്പുമാവ്

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ഉപ്പുമാവ്. ഇത് കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ നിലനിൽക്കാൻ ആവശ്യമായ ഊർജ്ജം ശരീരത്തിന് ലഭിക്കും.

  1. വെജിറ്റബിൾ സാൻഡ്‌വിച്ച്

പോഷകസമ്പന്നമായ ഭക്ഷണമാണ് വെജിറ്റബിൾ സാൻഡ്‌വിച്ച്. അതിനാൽ ഇത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിന് വേണ്ട പോഷക ഘടകങ്ങളും പ്രോട്ടീനുമെല്ലാം ഇതിൽ നിന്നും ലഭിക്കും.