വടക്കഞ്ചേരി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി

പാലക്കാട്: പാലക്കാട്ടെ വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍ വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെ നരഹത്യ കുറ്റം ചുമത്തി. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

അതേസമയം, ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ രക്തസാമ്പിള്‍ പരിശോധനക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് കൈമാറി.

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസുടമയും കോട്ടയം സ്വദേശിയുമായ അരുണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകടമുണ്ടാകുമ്പോള്‍ ബസ് ഓടിക്കൊണ്ടിരുന്നത്.