സ്വിഫ്റ്റ് ബസിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനുള്ള ഒത്താശ ചെയ്ത് കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനുള്ള ഒത്താശ ചെയ്ത് നല്‍കി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം സ്റ്റേഷനിലും ബസുകളിലും പ്രദര്‍ശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള ടെര്‍മിനല്‍ ഗ്യാപ്പ് വര്‍ധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷന്‍ നടത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്ആര്‍ടിസി നിര്‍ദേശം.

അതേസമയം, ദീര്‍ഘദൂര-അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ ഇത്രയും ഉയര്‍ന്ന സ്പീഡില്‍ യാത്ര ചെയ്യണമെന്ന വിലയിരുത്തലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കാരണമെന്നാണ് സൂചന. ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറില്‍ മണിക്കൂറില്‍ 80 കിലോമീറ്ററായി വേഗത നിയന്ത്രിച്ചിട്ടുമുണ്ട്.

കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വീസുകളായ മിന്നല്‍, സ്വിഫ്റ്റ് സര്‍വീസുകള്‍ക്ക് നാലുവരി പാതകളില്‍ പോലും അനുവദിച്ചിട്ടുള്ള വേഗതയുടെ പകുതിയില്‍ അധികം വേഗത എടുക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവാണ് കെ.എസ്.ആര്‍.ടി.സി ഇറക്കിയിരിക്കുന്നത്. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് എതാനും മാസങ്ങള്‍ മുമ്പ് എടുത്ത തീരുമാനവും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിന്റെ പകര്‍പ്പും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.