Kerala (Page 684)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘തെറ്റായ ഒരു പ്രവണതയും കടന്നു കൂടാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും’- മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതേസമയം, സി.എം.ഡി.ആര്‍.എഫില്‍ ആകെ ക്രമക്കേടാണെന്ന വാദം ശരിയല്ലെന്നും ആരെങ്കിലും ഒരാള്‍ തെറ്റ് ചെയ്‌തെന്ന് കരുതി അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നഷ്ടമാകില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരിതാശ്വാസനിധിയുടെ പേരില്‍ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് മേധാവി എ ഡി ജി പി മനോജ് എബ്രഹാമും ഇന്ന് പറഞ്ഞു. ‘എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സര്‍ക്കാരില്‍ നിന്ന് തന്നെ ഇതുസംബന്ധിച്ച പരാതി ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതി കിട്ടി എങ്ങനെ തട്ടിപ്പ് നടത്തി എന്ന് സംബന്ധിച്ച് പരിശോധന നടക്കുന്നു. ഇന്നും നാളെയും പരിശോധന തുടരും. ഒരു ജില്ലയില്‍ ഏകദേശം 300 അപേക്ഷകള്‍ പരിശോധിക്കുന്നു.തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കല്‍ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. സഹായ വിതരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കും.സഹായ വിതരണത്തിന്റെ തടസ്സം ഉണ്ടാകില്ല. വില്ലേജ് ഓഫീസ്, ഗുണഭോക്താക്കകളുടെ വീട് എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദുരിതാശ്വാസനിധി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിച്ചില്ലെങ്കില്‍ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. അന്വേഷിച്ചാല്‍ കേസിലെ സിപിഎം പങ്ക് പുറത്തുവരും. തീക്കട്ടയില്‍ ഉറുമ്ബരിക്കുന്നത് പോലെയാണിതെന്നും മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ഐടി മേഖലയിൽ അഭിമാന നേട്ടവുമായി മലയാളി ഐടി കമ്പനി എൻകോർ ടെക്നോളജീസ്. യൂറോപ്പിലേക്ക് പ്രവർത്തന മേഖല വിപുലീകരിച്ചിരിക്കുകയാണ് എൻഡോർ ടെക്‌നോളജീസ് എന്ന ഐടി കമ്പനി. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി 2017 ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ജർമ്മനിയിലും സ്ലോവാക്യയിലുമായി കമ്പനിയുടെ രണ്ടു പുതിയ ഓഫീസുകൾ ആരംഭിച്ചു.

നിരവധി ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് കമ്പനി യൂറോപ്പിലേക്ക് പ്രവർത്തനം വിപുലീകരിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് യൂറോപ്പിലെ രണ്ട് ഓഫിസുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചത്. തിരുവനന്തപുരത്ത് വെച്ച് ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. എൻകോർ ടെക്നോളജീസിന്റെ ടെക്നോപാർക്കിലെ പുതിയ ഓഫിസും മന്ത്രി ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ ചടങ്ങിൽ പങ്കെടുത്തു.

ആരോഗ്യ മേഖലയിലാണ് എൻകോർ ടെക്‌നോളജീസ് സാങ്കേതിക സേവനങ്ങൾ നൽകുന്നത്. നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ എൻകോർ ടെക്നോളജീസ് സേവനം ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷം കൊണ്ട് ആരോഗ്യ മേഖലയിലെ ഐടി സൊല്യൂഷനുകളിൽ ഏറ്റവും മികച്ച സേവന ദാതാക്കളായി വളരാൻ എൻകോർ ടെക്നോളജീസിന് കഴിഞ്ഞതായി കമ്പനി സ്ഥാപകരായ രാകേഷ് രാമചന്ദ്രൻ, നൈജിൽ ജോസഫ്, രതീഷ് കുമാർ എന്നിവർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇമേജ് പ്രോസസ്സിങ് എന്നീ മേഖലകളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കൂടുതൽ വിപണികളിലേക്കും കടക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും ഇവർ അറിയിച്ചു.

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീരുമാനം നടപ്പാക്കാൻ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കും. കേരളത്തിലാണ് പ്രൈമറി സ്‌കൂളിൽ കൂടുതൽ കുട്ടികൾ എത്തുന്നത്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് കേരളത്തിൽ ഈ നിർദ്ദേശം നടപ്പിലാക്കിയത്. സംസ്ഥാനത്ത് 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. മൂന്നാമത്തെ വയസിൽ കെജി വിദ്യാഭ്യാസം. ആറ് വയസിൽ ഒന്നാം ക്ലാസ്. പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂർത്തിയായിരിക്കണം. എന്നാൽ കേരളത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഇത് നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രവീന്ദ്രനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധമുള്ള വിഷയങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. സ്വപ്ന സുരേഷും രവീന്ദ്രനെതിരെ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇഡിയുടെ നീക്കം.

അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍, ചോദ്യം ചെയ്യലുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി പറയുന്നത്. തന്റെ പേരിലുള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ, യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.

തിരുവനന്തപുരം: വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ പ്രതിഷേധവുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. ‘ഇത്തരം സംഭവം കേരളത്തില്‍ മുമ്ബുണ്ടാകാത്തതാണ്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. ഈ കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണം’- യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്ത ന്യൂസ് അവറിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു വിനുവിനെതിരെ പൊലീസ് കേസ്. ‘നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു’ എന്ന പരിഹാസമാണ് ട്രേഡ് യൂണിയന്‍ നേതാവായ രാജ്യസഭാ എം.പി എളമരം കരീമില്‍ നിന്നുണ്ടായത്. ഇതിനെതിരെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.

മാസങ്ങള്‍ക്ക് ശേഷം തന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ വിനു വി ജോണ്‍ അപേക്ഷ നല്‍കിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനു പിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനു വി ജോണിന് നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്ന് വിനു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്നും ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. അന്വേഷണം നടത്തിയാൽ സിപിഎം പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രളയഫണ്ട് തട്ടിപ്പിൽ ഉൾപ്പെടെ പാർട്ടിക്കാരെ സംരക്ഷിച്ചതിന്റെ ഫലമാണിത്. പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് വേണ്ടപ്പെട്ടവരെയാണ് സംരക്ഷിച്ചത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പോലീസ് നരനായാട്ട് നടത്തിയത് കൊണ്ട് നികുതിക്കൊളളയ്ക്ക് എതിരായ സമരം അവസാനിക്കുമെന്ന് സർക്കാർ കരുതണ്ട. തങ്ങളുടെ കുട്ടികളെ ക്രിമിനലുകളെ ഉപയോഗിച്ച് തടയാമെന്ന ധാരണയും വേണ്ട. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ DYFI ഗുണ്ടകൾ ആക്രമിച്ചതിന് പിന്നിൽ റിസോർട്ട് മാഫിയ ബന്ധം ഉണ്ടോ എന്നത് കൂടി പരിശോധിക്കണം. മാഫിയകൾക്ക് തണലൊരുക്കുന്ന സർക്കാരിന്റെ ഹുങ്കും ധാർഷ്ട്യവും പ്രതിപക്ഷത്തോട് വേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജില്ലാ എഡി.ആർ. സെന്ററുകളിൽ ക്ലറിക്കൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. നിലവിൽ 7 ഒഴിവുകളാണുള്ളത്.

നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലോ സമാന തസ്തികയിൽ 41300-87000 ശമ്പള സ്‌കെയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിയമ ബിരുദമുണ്ടായിരിക്കണം. നിലവിലെ വിജ്ഞാപന പ്രകാരം കൊല്ലം ജില്ലയിലെ ഒഴിവ് റദ്ദാക്കുന്നതായും ലീഗൽ സർവ്വീസസ് അതോറിറ്റി അറിയിച്ചു.

അതേസമയം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 27 നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റിൽ ലഭിക്കും.

കണ്ണൂര്‍: കണ്ണൂരുണ്ടായിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എത്താത്തത് ചര്‍ച്ചയാവുന്നു. ഇ.പി ഒഴികെയുള്ള നേതാക്കള്‍ എത്തുകയും ചെയ്തു. കാസര്‍കോടു നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരില്‍ എം.വി ഗോവിന്ദന്‍ പ്രസംഗിക്കുമ്‌ബോള്‍ ജയരാജന്‍ വളപട്ടണത്തെ ഒരു മരണ വീട് സന്ദര്‍ശിക്കുകയായിരുന്നു.

അതേസമയം, തന്നെ തഴഞ്ഞ് എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇ പിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതാക്കളോട് തന്നെ അദ്ദേഹം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമല്ല. റിസോര്‍ട്ട് വിവാദവും പാര്‍ട്ടി നേതൃത്വത്തോടുള്ള അകല്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കണ്ണൂരില്‍ നിന്നുതന്നെയുള്ള മറ്റൊരു പ്രധാന നേതാവായ പി ജയരാജനാണ് റിസോര്‍ട്ട് സംബന്ധിച്ച് പാര്‍ട്ടിയില്‍ വീണ്ടും പരാതി ഉന്നയിച്ചത്.

എന്നാല്‍, ഇപി ജയരാജന് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നും, വരും ദിവസങ്ങളില്‍ ഇ പി ജാഥയില്‍ പങ്കെടുക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നൽകാൻ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജനത്തെ മറന്ന് ഭരണം നടത്തിയാൽ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിർദ്ദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. കേരളത്തിന്റെ തെരുവോരങ്ങളിൽ അപകടം വിതയ്ക്കും വിധമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തികൾക്കെല്ലാം കാവലാളാകുന്ന പൊലീസ്, രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് കാട്ടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

റോഡരികിൽ പ്രതിഷേധിക്കാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നേർക്ക് അമിത വേഗത്തിൽ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാൻ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതൽ തടങ്കലുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപാലകർ ഭരണകോമരങ്ങൾക്ക് വേണ്ടി നിയമം ലംഘിച്ച് കിരാത നടപടികൾ തുടരുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തങ്ങളും നിർബന്ധിതരാകുമെന്നും സുധാകരൻ വിശദമാക്കി.

പുരുഷ പൊലീസ് കെ എസ് യു പ്രവർത്തകയെ അപമാനിച്ചിട്ട് ഒരു നടപടിയുമെടുത്തില്ല. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ ക്രിമിനലുകൾ മർദ്ദിക്കുമ്പോൾ കാഴ്ചക്കാരെപ്പോലെ പൊലീസ് കൈയ്യും കെട്ടിനോക്കി നിന്നു. കാക്കിയും ലാത്തിയും അധികാരവും ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നവരുടെ മേൽ കുതിരകയറാനുള്ള ലൈസൻസല്ലെന്ന് കൊടിയുടെ നിറം നോക്കി അടിക്കാൻ ഇറങ്ങുന്ന പൊലീസ് ഏമാൻമാർ വിസ്മരിക്കരുത്. നിയമം ലംഘിക്കാൻ പൊലീസിന് പ്രത്യേക അധികാരം വല്ലതും ‘മുഖ്യമന്ത്രി തമ്പ്രാൻ’ തന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

തെരുവിൽ നിങ്ങളെ നേരിടാൻ യൂത്ത് കോൺഗ്രസിനൊപ്പം കോൺഗ്രസും സമരരംഗത്ത് ഇറങ്ങും. ജനകീയ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി നികുതിക്കൊള്ള നടത്തി സുഖിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അധികാര ഭ്രമത്തിൽ ആക്രോശിക്കുന്ന പൊലീസ് ഗുണ്ടകൾക്കും ഡിവൈഎഫ്‌ഐ ക്രിമിനലുകൾക്കും തടയാൻ ധൈര്യമുണ്ടോയെന്ന് നോക്കട്ടെ. പാർട്ടി പൊലീസിന്റെ തിണ്ണമിടുക്ക് കൊണ്ട് നികുതിക്കൊള്ളയെ സാധൂകരിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ ക്ലിഫ് ഹൗസിനുള്ള പതിയിരുന്ന് ഭരണക്രമം നിർവഹിക്കാനെ കഴിയൂ. സമാധാനമായി പ്രതിഷേധിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് നേർക്ക് അഴിഞ്ഞാട്ടം നടത്തുകയാണ് പൊലീസ്. ലാത്തികാട്ടിയാൽ ഒലിച്ച് പോകുന്നതല്ല കോൺഗ്രസ് പ്രവർത്തകരുടെ സമരവീര്യമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കണ്ണൂര്‍: ആകാശ് തില്ലങ്കേരി വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ രംഗത്ത്. ‘നല്ല വിളയ്‌ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാര്‍ട്ടി പുറത്താക്കിയതാണ്’- അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാര്‍ട്ടിക്ക് ഒത്തുതീര്‍പ്പില്ലെന്നാണ് പി ജയരാജന്‍ തില്ലങ്കേരിയിലെ വിശദീകരണ യോഗത്തില്‍ പറഞ്ഞത്.

അതേസമയം, സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ‘കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ സഹായം യുഡിഎഫ് നേടി. രണ്ട് രൂപ ഇന്ധന സെസ് ഉയര്‍ത്തിയതിനെതിരെ വ്യാപക സമരം യു ഡി എഫ് നടത്തുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ഇന്ധന വിലവര്‍ധിപ്പിച്ചത്. വണ്ടിക്ക് മുന്നില്‍ ചാടാനുള്ള സമരമാണ് യു ഡി എഫ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ഇടിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയാണ്. വാഹന വ്യൂഹത്തിന് നേരെ പ്രവര്‍ത്തകരെ ചാടിക്കുന്നവര്‍ ഇത് എന്തിന് എന്ന് ചിന്തിക്കണം. യുഡിഎഫും ബിജെപിയും ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.