Kerala (Page 685)

തിരുവനന്തപുരം: നീതിന്യായ വകുപ്പിൽ ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കന്റ് ക്ലാസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം. യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം/ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഏഴു വർഷം നിയമ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും/ ജൂഡീഷ്യൽ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം/ ഓണററി മജിസ്‌ട്രേറ്റായി ജോലി ചെയ്ത അഞ്ചു വർഷത്തിൽ കുറയാതെയുള്ള പരിചയം/ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റായി പ്രവർത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം. കോടതി ഭാഷയിൽ മതിയായ പ്രവീണ്യം ഉണ്ടായിരിക്കണം. നിയമന തീയതിയിൽ 65 വയസ് പൂർത്തിയാകാൻ പാടില്ല.

അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളവരെ പരിഗണിക്കില്ല. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 28 വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം: 2022 – 23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്‌കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്.

ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്. 62 തസ്തികകളാണ് ഇവിടെ സൃഷ്ടിക്കേണ്ടത്.

എച്ച് എസ് ടി – സർക്കാർ – 740, എയിഡഡ് -568

യു പി എസ് ടി – സർക്കാർ – 730,എയിഡഡ് – 737

എൽ പി എസ് ടി – സർക്കാർ -1086,എയിഡഡ്- 978

എൽപി,യുപി സ്‌കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463,എയിഡഡ്- 604

2019 – 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 – 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ – സർക്കാർ – 1638, എയിഡഡ്-2925

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ എം പി. ഇക്കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും. അത് രാഹുൽ ഗാന്ധിയുടേയും തീരുമാനമായിരുന്നു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് വേണോ എന്ന് ജയിച്ചവർ തീരുമാനിക്കട്ടെ. പാർട്ടിയെ നന്നാക്കാൻ വേണ്ടിയിട്ടായിരുന്നു അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തനിക്കൊരു പദവി വേണമെന്ന് വിചാരിച്ചിട്ടല്ല. വെറുമൊരു സ്ഥാനത്തിന് വേണ്ടി മത്സരിക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ തിരഞ്ഞെടുപ്പ് വേണമെന്നും പറഞ്ഞിട്ടില്ല. തീരുമാനമെടുക്കുന്നവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: നടൻ മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്. മോഹൻലാലിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ അധികൃതർ തേടിയതായാണ് റിപ്പോർട്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. മലയാള സിനിമാ മേഖലയിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

മോഹൻലാലിൽ നിന്ന് ചില സാമ്പത്തിക കാര്യങ്ങളിൽ ആദായ നികുതി വകുപ്പ് വ്യക്തത തേടുകയും ചെയ്തു. നേരത്തെ ആദായ നികുതി വകുപ്പ് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയതായാണ് റിപ്പോർട്ട്.

തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. സുരക്ഷക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.

ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലന്‍സുകളില്‍ 10 എണ്ണം ആരോഗ്യവകുപ്പ്, രണ്ടെണ്ണം 108 ആംബുലന്‍സ്, മൂന്നെണ്ണം കോര്‍പ്പറേഷന്‍ എന്നിങ്ങനെ സജ്ജീകരിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഞ്ചും സ്വകാര്യ ആശുപത്രികള്‍ ഏഴും ആംബുലന്‍സുകള്‍ നല്‍കും. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ എട്ട് ആംബുലന്‍സുകളും സേവനത്തിലുണ്ടാകും. 140 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ ഉള്‍പ്പെടെ 475 പേരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം സേവനത്തിനായി നിയോഗിക്കും. 27 മുതല്‍ ക്ഷേത്രത്തിന് സമീപം കണ്‍ട്രോള്‍ റൂമും തുറക്കും. 27 മുതല്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ഓഫീസും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിച്ചു തുടങ്ങും. ശുചിത്വ മിഷന്റെയും കോര്‍പ്പറേഷന്റെയും സംയുക്ത സ്വാഡുകള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തും.

അതേസമയം, പൊതുമരാമത്ത്, വാട്ടര്‍ അഥോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളുടെ വിവിധയിടങ്ങളിലെ ജോലികള്‍ ഈ മാസം 25 ഓടെ പൂര്‍ത്തിയാകും. മണക്കാട് മാര്‍ക്കറ്റിലെ തടസ്സം സൃഷ്ടിച്ച മരങ്ങള്‍ ഇതിനോടകം മുറിച്ചു മാറ്റിക്കഴിഞ്ഞു. ആമയിഴഞ്ചാന്‍ തോടിന്റെ പാര്‍ശ്വഭിത്തികളുടെ പണിയും പൂര്‍ത്തിയായി. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ ഭക്ഷ്യസംരഭകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതിനോടകം തന്നെ നല്‍കി.

ന്യൂഡല്‍ഹി: റവന്യു ഭൂ രേഖകളില്‍ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന കേരള ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഭൂ രേഖകളില്‍ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന ഉത്തരവിടാനുള്ള അധികാരം ലോകായുക്തയ്ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.

അതേസമയം, തിരുവനന്തപുരം വര്‍ക്കല വില്ലേജിലുള്ള പുറമ്പോക്ക് ഭൂമിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമിയാണ് ഭൂ രേഖകളില്‍ മാറ്റം വരുത്തിയ ശേഷം നികുതി സ്വീകരിക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചത്. റീ സര്‍വേ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍, നിയമ പ്രകാരം ലോകായുക്തക്ക് ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനുളള അധികാരം മാത്രമാണ് ലോകായുക്തയ്ക്കുള്ളതെന്നും ഗവര്‍ണര്‍ക്ക് കൈമാറുന്ന ശുപാര്‍ശ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം പോലും ലോകായുക്തയ്ക്കില്ലെന്നും കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് മാരായ വിക്രം നാഥ്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി മുൻനിർത്തിയാണ് സർക്കാർ ഇതുസംബന്ധിച്ച നീക്കങ്ങൾ നടത്തുന്നത്.

പുതിയ താൽക്കാലിക വിസിയെ ശുപാർശ ചെയ്യാൻ സാധ്യതാ പട്ടിക തയാറാക്കും. തുടർന്ന് യുജിസി യോഗ്യതയുള്ളവരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക സർവകലാശാലയിലെ വിസി ആരെന്ന് നിർദേശിക്കേണ്ടത് സർക്കാരാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്.

പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ താൽക്കാലിക നിയമനമാണ് സിസ തോമസിന്റേതെന്ന് നിരീക്ഷിച്ച കോടതി സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്ന് അറിയിച്ചിരുന്നു. സിസ തോമസിനെ താൽകാലിക വിസിയായി ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവ് ജീവനക്കാരെ സഹായിക്കാനാണെന്നും അല്ലാതെ ഉപദ്രവിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗഡുക്കളായി ശമ്പളം വേണോ വേണ്ടയോ എന്ന് ജീവനക്കാർക്ക് തീരുമാനിക്കാം. ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ആർക്കും പ്രത്യേകിച്ച് ഒരു ദോഷവും ഉത്തരവുകൊണ്ട് ഉണ്ടാകുന്നില്ല. കാരണം ആവശ്യമുള്ളവർക്ക് അഞ്ചാംതീയതിയ്ക്ക് മുൻപ് ശമ്പളം പകുതിയെങ്കിലും വാങ്ങിക്കാം. ഒരുമിച്ച് വേണ്ടവർക്ക് ഗവൺമെന്റിന്റെ പണംകൂടി ലഭിച്ച ശേഷം ഒന്നിച്ച് കിട്ടും. ഇക്കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരവിനെ എതിർക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ല. ഇതുകൊണ്ട് കുറച്ചുപേർക്ക് പ്രയോജനമല്ലേ ഉണ്ടാകുന്നത്. അതിനെ എതിർക്കേണ്ട കാര്യമുണ്ടോയെന്നും ഗതാഗതമന്ത്രി ചോദിക്കുന്നു. ശമ്പളവിതരണം ഗഡുക്കളാക്കാനുളള ഉത്തരവിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സി ഐ ടി യു പ്രവർത്തകർ എം ഡി ബിജുപ്രഭാകറിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കെ എസ് ആർ ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണമെന്നും ഗതാഗത മന്ത്രിയും സി എം ഡിയും നിലപാട് തിരുത്തണമെന്നും കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് ക്ലാർക്ക് തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 26ന്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

സിലബസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം. അഡ്മിറ്റ് കാർഡ് തപാൽ മാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം കോടതി തള്ളുകയും ചെയ്തു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്. മഞ്ജു വാര്യരെ ചോദ്യം ചെയ്യാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്നായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.