ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു; മാനുഷിക പരിഗണനയെന്ന് വിശദീകരണം

ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മലയാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാരെയുമാണ് വിട്ടയച്ചിരിക്കുന്നത്. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാൻ വ്യക്തമാക്കി..

16 ഇന്ത്യക്കാരുൾപ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്. ഏപ്രിൽ 18ന് മലയാളി ആൻ ടെസ ജോസഫിനെ മോചിപ്പിച്ചിരുന്നു. കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്നു ഇവർ. ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണുണ്ടായിരുന്നത്.

കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. ഹോർമുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത് ഏപ്രിൽ 13നാണ്. 17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നായിരുന്നു ഇറാന്റെ വിശദീകരണം.