ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീരുമാനം നടപ്പാക്കാൻ കഴിയൂവെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീരുമാനം നടപ്പാക്കാൻ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കും. കേരളത്തിലാണ് പ്രൈമറി സ്‌കൂളിൽ കൂടുതൽ കുട്ടികൾ എത്തുന്നത്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് കേരളത്തിൽ ഈ നിർദ്ദേശം നടപ്പിലാക്കിയത്. സംസ്ഥാനത്ത് 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. മൂന്നാമത്തെ വയസിൽ കെജി വിദ്യാഭ്യാസം. ആറ് വയസിൽ ഒന്നാം ക്ലാസ്. പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂർത്തിയായിരിക്കണം. എന്നാൽ കേരളത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഇത് നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.