Kerala (Page 683)

സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നതിനാൽ പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു.

ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനൽമഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കണം.

കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

വിദ്യാർത്ഥികൾക്ക് വെയിൽ കൂടുതലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ 3 മണി വരെ, കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

അംഗനവാടി കുട്ടികൾക്ക് ചൂടേൽക്കാതിരിക്കാനുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ, ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും 11 മുതൽ 3 മണിവരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കരുത്.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം.

നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. അസ്വസ്ഥകൾ അനുഭവപ്പെട്ടാലുടൻ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി രാജീവ്. ഞായറാഴ്ച വൈകിട്ടോടെ തീ പൂർണ്ണമായി അണയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി പി രാജീവിനെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, മേയർ എം. അനിൽ കുമാർ, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ഉന്നതതല യോഗം അവലോകനം ചെയ്തു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ദീർഘകാല നടപടികളുമാണ് യോഗം ചർച്ച ചെയ്തത്.

തീ അണയ്ക്കു ന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്‌ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാ ക്കിയാണ് ജലമെടു ക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതൽ പോർട്ടബിൾ പമ്പുകൾ കൂടി സജ്ജീകരിക്കും. കടമ്പ്രയാറിൽ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാൽ എഫ്.എ.സി.ടി.യിലെ തടാകത്തിൽ നിന്നെടുക്കും.

നിലവിലെ പ്രശ്‌നം പരിഹരിച്ചാൽ ഉടൻ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോർപ്പറേഷൻ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും. മാലിന്യം ശേഖരിക്കൽ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്‌കര ണത്തിന് താത്കാലിക സംവിധാനം ഏർപ്പെടു ത്തും. കോർപ്പറേഷന്റെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ മുൻ കൈയെടു ത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി.

ഭാവിയിൽ തീപിടിത്തം ഉണ്ടായാൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾ ഏകോപി പ്പിക്കാൻ കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി, ജില്ലാ ഫയർ ഓഫീസർ, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ, അഡീഷണൽ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ, ബി.പി.സി.എൽ, സിയാൽ, കെ.എസ്.ഇ.ബി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ബ്രഹ്മപുരത്ത് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്.

കൂടാതെ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്ന വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തിന്റെ ആശങ്കകൾ പരിഹരിക്കാനായി കോർപ്പറേഷൻ മേയർ, കുന്നത്തുനാട് എം.എൽ.എ, ജില്ലാ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കോർപ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

പ്ലാന്റിൽ ഇടയ്ക്കിടെ വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും കോർപ്പ റേഷൻ ഏർപ്പെടുത്തും. പ്ലാന്റിൽ നടന്നു വന്നിരുന്ന ബയോ മൈനിംഗുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേരും. ബയോ മൈനിംഗിനു ശേഷമുള്ള വസ്തു ക്കൾ പ്ലാന്റിൽ നിന്നു മാറ്റുന്നില്ലെന്ന പരാതി പരിശോധിച്ച് വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മാലിന്യ പ്ലാന്റിൽ സിസിടിവിയുടെ പ്രവർത്തനവും പരിശോധിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ പി.കെ അശോകനെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല’- മന്ത്രി വ്യക്തമാക്കി.

അതേസമയം, ഡോ. അശോകനെതിരെ നടന്നത് കൊലപാതക ശ്രമമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ആരോപിച്ചു. ‘സ്‌കാന്‍ റിപ്പോര്‍ട്ട് വൈകി എന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് തികഞ്ഞ കാടത്തമാണ്. ഇത്തരം മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി ചികിത്സ തുടരാന്‍ ആകില്ല. ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകര്‍ക്കുകയും കാര്‍ഡിയോളജി ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും. ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തിലാകമാനം ചികിത്സ നടപടികള്‍ നിര്‍ത്തിവച്ച് സമരം നടത്തും. ആശുപത്രി സംരക്ഷണ നിയമം ഉടനടി ഉടച്ചു വാര്‍ക്കുകയും ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ് നടപടികള്‍ ശുഷ്‌കാന്തിയൊടെ നടപ്പിലാക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രി ആക്രമണങ്ങള്‍ ഡോക്ടര്‍മാരെ ഡിഫന്‍സീവ് ചികിത്സാരീതിയിലേക്ക് തള്ളിവിടും. അത് ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുവാന്‍ ഇടയാകും’- ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ വെച്ച് ഒരാഴ്ച്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ചികിത്സയിലായിരുന്ന രോഗിയുടെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് വൈകിയെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് ഡോക്ടറെ മര്‍ദ്ദിക്കുന്നതിലും ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കുന്നതിലും എത്തിയത്. ഡോക്ടര്‍ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടയില്‍ യുവതിയുടെ സി ടി സ്‌കാന്‍ റിസള്‍ട്ട് വൈകിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. ഡോക്ടര്‍ അനിതയുടെ ഭര്‍ത്താവാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. അശോകന്‍. ഇദ്ദേഹത്തെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. എറണാകുളം കലക്ട്രേറ്റില്‍ രാവിലെ ഒന്‍പത് മണിക്ക് ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി. രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. മൂന്ന് ദിവസമായി കൊച്ചിയെ പൊതിഞ്ഞിരിക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അടിയന്തരയോഗം ചേര്‍ന്നത്.

അതേസമയം, ബ്രഹ്മപുരത്തെ തീപിടുത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്‌നിക്ഷാസേനയും അറിയിച്ചു. ‘ഇന്ന് തന്നെ തീ പൂര്‍ണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. ഇതിനോടകം എണ്‍പതം ശതമാനം തീയും അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന അഗ്‌നി കൂടി അണയ്ക്കാനുള്ള ശ്രമത്തിലാണ്’- ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി എന്‍.സതീശന്‍ വ്യക്തമാക്കി.

നിലവില്‍ കൊച്ചിയിലെ കുണ്ടന്നൂര്‍ ഭാഗത്ത് കനത്ത പുകയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിനിറ്റില്‍ 5000 ലിറ്റര്‍ വെള്ളം വലിച്ചെടുക്കാന്‍ സാധിക്കുന്ന ഹൈ പ്രഷര്‍ പമ്പ് വഴി പുഴയില്‍ നിന്നും വെള്ളം എടുത്ത് തീയില്‍ ഒഴിച്ചു കൊണ്ടിരിക്കുകയാണ്.

തൃശ്ശൂര്‍: ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി നടന്‍ സുരേഷ് ഗോപി മുന്നോട്ടു പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘തൃശ്ശൂരില്‍ ബി.ജെ.പിയുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സി.പി.എം. ശ്രമം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സി.പി.എം ശ്രമിക്കും’- അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊങ്കാല ദിവസത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ 5 മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്‌ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖാന്തിരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ആംബുലൻസ് എന്നിവ ഉൾപ്പെടെ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യൻമാരുടേയും, സ്റ്റാഫ് നഴ്‌സുമാരുടേയും മുഴുവൻ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെട്ട 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് നഗര പരിധിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, കനിവ് 108, കോർപറേഷൻ, ഐഎംഎ, സ്വകാര്യ ആശുപത്രികൾ, ഫയർ ഫോഴ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള 35 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ആബുലൻസുകളിലും ഡോക്ടർമാർ ഉൾപ്പെടയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: മലയാളം സർവകലാശാല വിസിയുടെ അധിക ചുമതല മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് നൽകി. മലയാളം സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് സാബു തോമസ്.

വിസി നിയമനത്തിനായി സെർച് കമ്മിറ്റിയുമായി ഗവർണ്ണറും സർക്കാരും സ്വന്തം നിലയ്ക്ക് മുന്നോട്ടു പോയിരുന്നു. ഒക്ടോബർ മാസം രാജ്ഭവൻ പുതിയ വിസി നിയമനത്തിനായി സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ മറുപടി നൽകാതെ ഗവർണ്ണറെ മറികടക്കാനാണ് ശ്രമിച്ചത്. സർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബില്ലും സർക്കാർ പാസാക്കി.

ജനുവരി 18ന് ചാൻസലറുടെ നോമിനിയെ നൽകാനാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. പുതിയ ബില്ലിനും ഗവർണ്ണർ അംഗീകാരം നൽകാത്ത കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ മറികടന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി തന്നെ മുൻകയ്യെടുത്താണ് നിയമനത്തിന് ശ്രമം ആരംഭിച്ചതെന്ന് വ്യക്തമാക്കുന്ന ഫയലുകൾ പുറത്തു വന്നിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്റെ ഐശ്വര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ സിപിഎം ജനകീയ പ്രതിരോധ ജാഥാ സ്വീകരണവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമത്തിന് തുനിഞ്ഞാൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കോൺഗ്രസിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് അദ്ദേഹം സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗം നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇപി ജയരാജൻ തൃശൂരിലെത്തിയത്. രാമനിലയത്തിൽ തങ്ങിയ അദ്ദേഹം വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിലെത്തിയത്. സിപിഎം നേതാക്കളാണ് അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത്.

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം.

വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് എട്ടിന് മുൻപ് അപേക്ഷിക്കണം.

തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിച്ചതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍. അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ്.

സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് ഇനിയും താഴുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പാലക്കാട് ജില്ലയില്‍ രാത്രി താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്ന കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കല്‍ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.