മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട്; തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്ന് വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്നും ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. അന്വേഷണം നടത്തിയാൽ സിപിഎം പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രളയഫണ്ട് തട്ടിപ്പിൽ ഉൾപ്പെടെ പാർട്ടിക്കാരെ സംരക്ഷിച്ചതിന്റെ ഫലമാണിത്. പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് വേണ്ടപ്പെട്ടവരെയാണ് സംരക്ഷിച്ചത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പോലീസ് നരനായാട്ട് നടത്തിയത് കൊണ്ട് നികുതിക്കൊളളയ്ക്ക് എതിരായ സമരം അവസാനിക്കുമെന്ന് സർക്കാർ കരുതണ്ട. തങ്ങളുടെ കുട്ടികളെ ക്രിമിനലുകളെ ഉപയോഗിച്ച് തടയാമെന്ന ധാരണയും വേണ്ട. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ DYFI ഗുണ്ടകൾ ആക്രമിച്ചതിന് പിന്നിൽ റിസോർട്ട് മാഫിയ ബന്ധം ഉണ്ടോ എന്നത് കൂടി പരിശോധിക്കണം. മാഫിയകൾക്ക് തണലൊരുക്കുന്ന സർക്കാരിന്റെ ഹുങ്കും ധാർഷ്ട്യവും പ്രതിപക്ഷത്തോട് വേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.