സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവ്; പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവാണെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. അയൽവാസികളോട് യാത്ര പറയാനെത്തിയപ്പോൾ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.

ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. ലണ്ടനിൽ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയൽവീട്ടിലേക്ക് യാത്ര പറയാൻ പോയിരുന്നു. ഇതിനിടെയാണ് ഫോണിൽ സംസാരിക്കവെ മുറ്റത്ത് പൂചെടിയിൽ വളർത്തുന്ന അരുളിയുടെ ഇലയും പൂവും നുള്ളി സൂര്യ വായിലിട്ട് ചവച്ചത്. തുടർന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛർദ്ദിച്ചു. ഇമിഗ്രേഷൻ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്ത് ജോലി ചെയ്യണമെന്നത് സൂര്യയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. എന്നാൽ, ജോലിയ്ക്ക് കയറുന്നതിന് മുൻപ് തന്നെ സൂര്യയ്ക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.