മാധ്യമ പ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തതില്‍ പ്രതിഷേധവുമായി കെ യു ഡബ്ല്യൂ ജെ

തിരുവനന്തപുരം: വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ പ്രതിഷേധവുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. ‘ഇത്തരം സംഭവം കേരളത്തില്‍ മുമ്ബുണ്ടാകാത്തതാണ്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. ഈ കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണം’- യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്ത ന്യൂസ് അവറിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു വിനുവിനെതിരെ പൊലീസ് കേസ്. ‘നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു’ എന്ന പരിഹാസമാണ് ട്രേഡ് യൂണിയന്‍ നേതാവായ രാജ്യസഭാ എം.പി എളമരം കരീമില്‍ നിന്നുണ്ടായത്. ഇതിനെതിരെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.

മാസങ്ങള്‍ക്ക് ശേഷം തന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ വിനു വി ജോണ്‍ അപേക്ഷ നല്‍കിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനു പിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനു വി ജോണിന് നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്ന് വിനു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.