ലൈഫ് മിഷന്‍ കോഴക്കേസ്: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രവീന്ദ്രനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധമുള്ള വിഷയങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. സ്വപ്ന സുരേഷും രവീന്ദ്രനെതിരെ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇഡിയുടെ നീക്കം.

അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍, ചോദ്യം ചെയ്യലുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി പറയുന്നത്. തന്റെ പേരിലുള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ, യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.