Kerala (Page 1,080)

ന്യൂഡൽഹി: ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് യുക്രൈനിൽ പഠനം മുടങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ, ദേശിയ മെഡിക്കൽ കമ്മീഷനോ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടർ പഠനത്തിന് മാർഗ്ഗരേഖ തയ്യാറാക്കാൻ ദേശിയ മെഡിക്കൽ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. യുക്രൈനിൽ നിന്ന് മടങ്ങിയ മലയാളി മെഡിക്കൽ വിദ്യാർഥികളുടെ സംഘടനയായ ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റസ് ആൻഡ് പാരന്റ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

തങ്ങളുടെ തുടർവിദ്യാഭ്യാസം സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ദേശിയ മെഡിക്കൽ കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായിട്ടും മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പുനഃരധിവാസത്തിന് നയമോ, മാനദണ്ഡമോ കമ്മീഷൻ രൂപീകരിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

വിദ്യാർത്ഥികളെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാമെന്ന് ഒഡിഷ, തമിഴ്‌നാട്, ജാർഖണ്ഡ്, തെലുങ്കാന, പശ്ചിമ ബംഗാൾ സർക്കാരുകളും അറിയിച്ചിട്ടുണ്ട്. എന്നാൽ ദേശിയ തലത്തിൽ ഒരു നയം ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

കണ്ണൂര്‍: ഇന്ന് രാവിലെ മുതല്‍ അറബിക്കടലില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ മുതല്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍, വരാനിരിക്കുന്ന അഞ്ച് ദിവസം മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയുടെ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങള്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്ത് കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇവിടത്തെ 15 ലേറെ പന്നികള്‍ രോഗം ബാധിച്ച് ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഈ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ ഇന്നു മുതല്‍ മൃഗസംരക്ഷണ വകുപ്പ് തുടങ്ങും. 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കര്‍ഷകര്‍. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15000 രൂപയാണ് നഷ്ടപരിഹാരം. ഇത് അപര്യാപ്തമെന്നാണ് കര്‍ഷകരുടെ പരാതി. ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

‘ഈ ആപത്ഘട്ടത്തില്‍ സഹജീവി സഹാനുഭൂതിയില്‍ നിറഞ്ഞ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണം. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഗാന്ധിജിയില്‍ നിന്നു നാം സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്. മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടുകൊണ്ടുവേണം സേവനരംഗത്തേക്ക് ഇറങ്ങേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ ഒരു പ്രതിബന്ധവും സൃഷ്ടിക്കാന്‍ പാടുള്ളതല്ല. ഡിസിസി ഓഫീസുകളിലും താഴെത്തട്ടിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും എല്ലാവരും സജീവ ഭാഗമാകണം’- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം. പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24X7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്. പോലീസും അഗ്‌നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റണം. മത്സ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം. ലൈനുകളുടേയും ട്രാൻസ്‌ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻകൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടി സ്വീകരിക്കണം. അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണം. വരും ദിവസങ്ങളിൽ മഴ ശകതമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴയോട് അനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പുല്ലേപ്പടിയിലുളള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ സ്‌പെഷ്യൽ ക്ലീനിക്കിൽ സൈക്കോളജിസ്റ്റ് ഒഴിവ്. ആശുപത്രി മാനേജ്‌മെൻറ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ് നടത്തുന്നത്. എം.എസ്.സി/എം.എ ക്ലിനിക്കൽ സൈക്കോളജി യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10.30ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയെ ആശുപത്രിയിൽ അഭിമുഖത്തിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2401016.

അതേസമയം, കോട്ടയം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി (കോണട്രാക്ട്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ആർട്‌സ്/സയൻസ്/കൊമേഴ്‌സ് വിഷയങ്ങളിൽ ബിരുദം. കമ്പനി സെക്രട്ടറീസ് ഓഫ് ഇൻഡ്യയിലെ അസോസിയേറ്റ് മെമ്പർഷിപ്പ്. ശമ്പളം 50000. പ്രായം. 18-41 വയസ്സ് 01/01/2022 (നിയമാനുസൃത വയസ്സിളവ് ബാധകം ).

നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10/08/2022 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻറ് എക്സിക്യുട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്സ് ആൻറ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റൻറ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട്ടിൽ സന്ദർശനം നടത്തി മന്ത്രി ആർ. ബിന്ദു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇവരടക്കം നിക്ഷേപകർക്കെല്ലാം നീതി ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി ഫിലോമിനയുടെ കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.

ഫിലോമിനയുടെ മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് കുടുംബം മന്ത്രിയോട് വ്യക്തമാക്കി. തങ്ങളുടെ അതൃപ്തിയും കുടുംബാംഗങ്ങൾ മന്ത്രിയെ അറിയിച്ചു. തങ്ങൾക്ക് രാഷ്ട്രീയമില്ല. ചികിത്സാ സഹായം നൽകിയെന്ന് മന്ത്രി പറഞ്ഞതായി കേട്ടെന്നും കുടുംബം അറിയിച്ചു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. മരണം ദാരുണമാണെന്നും പക്ഷേ മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ വിശദമാക്കി. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മരിച്ചയാളുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി. സ്ഥിതി വിലയിരുത്താൻ പുന്നയൂരിൽ ആരോഗ്യവകുപ്പ് യോഗം വിളിച്ചു ചേർക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്തു നിന്ന് മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് അതു മറച്ചുവച്ച് ആളുകളുമായി ഇടപെട്ടുവെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. യുവാവ് നാട്ടിലെത്തിയത് ഇരുപത്തിയൊന്നിനാണ്, എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ഇരുപത്തിയേഴിനാണ്. അപ്പോഴും മങ്കിപോക്‌സിന്റെ വിവരം അറിയിച്ചില്ല. വിദേശത്തു നടത്തിയ പരിശോധനാഫലം ഇന്നലെ മരണം നടന്നശേഷമാണ് വീട്ടുകാർ ആശുപത്രിയിൽ കാണിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

വ്യാപനശേഷി കുറവാണെങ്കിലും പകർച്ച വ്യാധിയായതിനാൽ ഒരു രോഗം പകരാതിരിക്കാൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധമാർഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്‌സിന്റെ മരണ നിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന്റെ മരണം എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയിൽ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്നും ഈ സർക്കാരാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് എന്നതാണ് വിരോധാഭാസമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം വിദ്യാഭ്യാസ വകുപ്പ് നീട്ടി. ട്രയൽ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി നൽകിയത്. തിരുത്തലിന് സമയം നീട്ടി നൽകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുന്നയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കുകയും ഇയാളുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. യുവാവിന്റെ പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അറിയിച്ചു.

അതേസമയം, മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്റെ സ്രവ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് വരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയില്‍ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുടുംബാംഗങ്ങള്‍ ക്വാറന്റീനിലാണ്. അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പര്‍ക്കം ഉണ്ടായിരുന്നത്. വിമാനത്തില്‍ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേര്‍ക്ക് മങ്കിപോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവര്‍ ആലുവ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.