ഒരു മീറ്ററിലധികം ഉയരത്തില്‍ തിരമാലക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌

കണ്ണൂര്‍: ഇന്ന് രാവിലെ മുതല്‍ അറബിക്കടലില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ മുതല്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍, വരാനിരിക്കുന്ന അഞ്ച് ദിവസം മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയുടെ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങള്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.