മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം; യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുന്നയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കുകയും ഇയാളുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. യുവാവിന്റെ പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അറിയിച്ചു.

അതേസമയം, മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്റെ സ്രവ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് വരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയില്‍ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുടുംബാംഗങ്ങള്‍ ക്വാറന്റീനിലാണ്. അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പര്‍ക്കം ഉണ്ടായിരുന്നത്. വിമാനത്തില്‍ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേര്‍ക്ക് മങ്കിപോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവര്‍ ആലുവ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.