Kerala (Page 1,897)

election

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്.77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം 73.85 ശതമാനം.ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.

കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: സമര നായകന്‍ വി.എസ്. അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ട് രേഖപ്പെടുത്തിയില്ല. അവസാന നിമിഷം വരെയും പോസ്റ്റല്‍ വോട്ടിനു വേണ്ടി ഇരുവരും കാത്തിരുന്നെങ്കിലും മോഹം സഫലമായില്ല. നിയമപരമായി പാേസ്റ്റല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്. എണ്‍പത് വയസിന് മുകളിലുള്ളതിനായി വസുമതിക്കും കോവിഡ് മാനദണ്ഡപ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. താമസിക്കുന്ന തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയതാണ്. ഫലമില്ലെന്ന് കണ്ടപ്പോള്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റൈ ഓഫീസിലും അപേക്ഷ നല്‍കി. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് കിട്ടിയത്. അമ്പലപ്പുഴയിലെ റിട്ടേണിംഗ് ഓഫീസര്‍ ഒരു ചടങ്ങുപോലെ പുന്നപ്രയിലെ വി.എസിന്റെ വീടായ വേലിക്കകത്ത് വീട്ടില്‍ ബാലറ്റുമായി ചെന്ന് മടങ്ങി. വി.എസ് തിരുവനന്തപുരത്താണെന്ന് അവരെ അറിയിച്ചു.

കൊച്ചി: കലാകാരന്‍ എന്ന നിലയില്‍ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നതെന്നും കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും നടന്‍ ദിലീപ്. ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്നും താരം വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: നേമത്ത് നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് കെ മുരളീധരന്‍. സി പി എം സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സ്ഥാനാര്‍ഥി തന്നെ ഇത്തരത്തില്‍ പ്രചരണം നടത്തിയെന്നും 290 ഓളം ബൂത്തുകള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും യു ഡി എഫിന് അനുകൂലമായ ട്രെന്‍ഡാണെന്നും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരിടത്തും ബി ജെ പി ജയിക്കില്ല. നേമത്ത് ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പോകും. രാഹുല്‍ ഗാന്ധി അവസാന നിമിഷം നടത്തിയ പ്രസംഗം തനിക്ക് കിട്ടിയ വലിയ അംഗീകാരമാണെന്നും മുരളീധരന്‍ പറഞ്ഞു.അയ്യപ്പനെ നിന്ദിക്കാന്‍ വേണ്ടി ശരണം വിളിച്ചാല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരില്ല. തെരഞ്ഞെടുപ്പിന്റെ അന്ന് ശരണം വിളിച്ചാല്‍ ചെയ്ത പാപം തീരില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കാസർഗോഡ്; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നായ മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത് റെക്കോഡ് പോളിംഗ്.76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്.

ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലത്തിൽ ഇത്തവണയും കെ സുരേന്ദ്രൻ തന്നെയാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. രാവിലെ മുതൽ മുസ്ലീം ലീഗ്, ബിജെപി കേന്ദ്രങ്ങളിൽ കനത്ത പോളിംഗാണ്.


2016 ലെ സാഹചര്യമല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുമ്പോഴും ആശങ്കയിലാണ് ലീഗ് കേന്ദ്രങ്ങൾ. മുസ്‌ലിം ലീഗ് സെക്രട്ടറി എകെഎം അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ വിവി രമേശനാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്.

കൊച്ചി: സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന കെ കെ ജോസിനെ മുളക് പൊടിയെറിഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ട്വന്റി ട്വന്റി അറിയിച്ചു. അതേസമയം, പ്രശ്‌നങ്ങളുണ്ടാക്കിയത് ട്വന്റി ട്വന്റിയാണെന്ന് സിപിഎം പ്രദേശിക നേതൃത്വം പ്രതികരിച്ചു. എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി മത്സരിച്ച് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമഗംലം, മൂവാറ്റു പുഴ, തൃക്കാക്കര, വൈപ്പിന്‍, കൊച്ചി, എറണാകുളം എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായതിന് സമാനമായ സംഘര്‍ഷങ്ങളൊന്നും ഇത്തവണ കുന്നത്തുനാട്ടില്‍ ഉണ്ടായില്ല.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നുവെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറിപ്പ് ചുവടെ:
‘ജനാധിപത്യത്തെ അര്‍ത്ഥവത്താക്കാന്‍ പ്രാപ്തരാക്കും വിധം അതിന്റെ സത്തയെ ഉള്‍ക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.

ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്.
ഈ പോരാട്ടത്തില്‍ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാര്‍ദ്ദമായി നന്ദി പറയുന്നു.

നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മള്‍ പടുത്തുയര്‍ത്തും. ഇനിയും തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ടു പോകും.’

ആലപ്പുഴയിൽ ഹരിപ്പാടും കായംകുളത്തും സിപിഐഎം-കോൺഗ്രസ് സംഘർഷം. വൈകിട്ടോടെയാണ് സംഭവം. കായംകുളത്ത് നടന്ന സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരുക്കേറ്റു.ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് പരുക്കേറ്റു.

രാജേഷിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. പരാജയഭീതിയിൽ സിപിഐഎം വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

kadakampaiiy

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പോലീസിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സഘര്‍ഷം തുടര്‍ന്നതോടെ പോലീസ് ഇടപെട്ടു. ഇതില്‍ നിരവധി ആളുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷം വോട്ടിംഗ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തി പോലീസ് കാണിക്കുകയാണോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടായിക്കോണത്ത് രാവിലെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതാണ് വൈകുന്നേരം സംഘര്‍ഷത്തിലേക്കു നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇതില്‍ പോലീസ് ഇടപെടുകയും നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ആക്രമിച്ചതും കസ്റ്റഡിയില്‍ എടുത്തതും അക്രമികളെയല്ലെന്നും പ്രദേശവാസികളെയാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

പാലക്കാട് ;വോട്ടെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ കെ ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന് യു ഡി എഫ് നേതാക്കളും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്.

ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് എ കെ ബാലന്‍ പറഞ്ഞു.

ആദ്യം സുകുമാരന്‍ നായരും പിന്നാലെ രമേശ് ചെന്നിത്തലയും ശബരിമല സൂചിപ്പിച്ച് ഇടതുപക്ഷ വികാരമുണ്ടാക്കാൻ ശ്രമിച്ചു. പോളിങ് ബൂത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.