Kerala (Page 1,079)

കെ-റെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് ഉച്ചക്ക് രണ്ടരക്ക് കൂടിക്കാഴ്ച നടത്തും.

‘കെ- റെയില്‍ എന്ന പേരില്‍ റെയില്‍വേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാന്‍ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും’- എന്നാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കിയത്.

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്ന ബിജെപിയുടെ നിലപാട് കേരളത്തിലെ വികസനത്തിന് എതിര് നില്‍ക്കുകയാണ് എന്നതരത്തില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബി.ജെ.പി പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം തന്നെ നിലവിലുള്ള റെയില്‍വേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈന്‍ കേരളത്തിന് അനുവദിക്കണം എന്ന ആവശ്യവും, നേമം ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെക്കും.

തിരുവനന്തപുരം: മാധ്യമം വിവാദവുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമം പത്രത്തിനെതിരെ ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. വിഷയത്തിൽ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജലീലിനെ നേരിട്ട് കണ്ട് വിഷയം സംസാരിക്കും. അതിന് ശേഷം വിഷയത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, കെ ടി ജലീൽ മാധ്യമത്തിന് എതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു. അത് പാർട്ടി നിലപാടല്ലെന്നും കോടിയേരി അറിയിച്ചു. പാർട്ടിയോട് ആലോചിച്ചിട്ടല്ല എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലീലിന്റേത് പ്രോട്ടോക്കോൾ ലംഘനമാണെങ്കിൽ നടപടി സ്വീകരിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. മാധ്യമം പത്രം മുൻപ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്.

കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷത്തെ ഒന്നാം ടേം പരീക്ഷ ഓഗസ്റ്റ് 24 മുതൽ ആരംഭിക്കും. സെപ്തംബർ 2 വരെയാണ് പരീക്ഷ നടക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്തംബർ മൂന്നിന് ഓണാവധി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓണാവധിക്കു ശേഷം സ്‌കൂളുകൾ സെപ്തംബർ 12 ന് തുറക്കും. പാഠപുസ്തകത്തിൽ ചേർക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. അക്ഷരമാല ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിനു കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമിയേറ്റെടുക്കലിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങൾക്കും ജനങ്ങൾക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയൻ മാപ്പുപറയണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് നരനായാട്ടിൽ പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം നൽകണം. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അപക്വമായ പ്രവർത്തനം നടത്തിയതിന് സംസ്ഥാന സർക്കാർ രാജ്യത്തോടും മാപ്പുറയണമെന്ന് അദ്ദേഹം അറിയിച്ചു.

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ- റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ- റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം തീർത്തു പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയിൽ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സർക്കാരിന് ബിജെപി കേരളഘടകം നന്ദി അറിയിക്കുന്നതായും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അനുമതി കിട്ടുമ്പോഴേക്കും സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് നടപടികൾ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും പദ്ധതി വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിന്റെ പദ്ധതിയായാണ് സിൽവർ ലൈനെ പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് നേണ്ടിയുള്ള പദ്ധതിയാണിതെന്ന് തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണ്. പദ്ധതി കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ നേരത്തേ നടപ്പാക്കിയേനെ. പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. ഏറ്റുമാനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസമുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാമിഷൻ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9895337235.

അതേസമയം, മാനന്തവാടി ഗവ. പോളിടെക്‌നിക് കേളേജിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചർ തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദവും ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഷയത്തിൽ ഡിപ്ലോമയും, ട്രേഡ് ഇൻസട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികയിൽ സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ അല്ലെങ്കിൽ ടി.എച്ച്.എൽ.സിയുമാണ് യോഗ്യത.

ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികയിൽ ഐ.ടി.ഐ അല്ലെങ്കിൽ ടി.എച്ച്.എസ്.എൽ.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ ജൂലൈ 29 നകം www.gptcmdy.ac.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് നിശ്ചിത തീയതികളിൽ അസ്സൽ രേഖകളുമായി മത്സരപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 04935 293024.

ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പുതിനയില. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പുതിന സഹായിക്കും. ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ പുതിനയില ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കുകയും ചെയ്യും. ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പുതിനയില നല്ലതാണ്. ദഹന പ്രശ്‌നങ്ങൾക്ക് മികച്ച പരിഹാരമാണിത്.

പുതിന ഉപയോഗിച്ച് ഒരുപരിധി വരെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാൻ കഴിയും. ഇതിനായി ഓട്‌സും പുതിനയില നീരും ചേർത്ത് മുഖത്ത് പുരട്ടാം. ഇത് പാടുകൾ മങ്ങുകയും ത്വക്കിലെ നിർജ്ജീവകോശങ്ങൾ നീക്കപ്പെടുകയും ചെയ്യും. പാദങ്ങളിലെ വിണ്ടുകീറലുകൾ അപ്രത്യക്ഷമാകാനും പാദങ്ങൾ സുന്ദരമാകാനും പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കണം. പുതിനയില ചർമ്മം മൃദുലമാക്കുകയും ചെയ്യും.

പതിവായി പുതിന വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും സഭിക്കും. സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായകമാണ്.

ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ചർമ്മത്തിനും തേനും നാരങ്ങ നീരും ചേർത്ത് പുതിന വെള്ളം കഴിക്കാം. തലവേദന ഒഴിവാക്കാനും ഇത് കുടിക്കുന്നത് നല്ലതാണ്.

പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അസിഡിറ്റി. ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ച ശേഷവും അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ചിലരിൽ വയറുവേദനയും അനുഭവപ്പെടാറുണ്ട്. കൃത്യസമയത്ത് ചികിത്സ ചെയ്തില്ലെങ്കിൽ ഇത് അൾസറിന് വരെ കാരണമാകാറുണ്ട്. അസിഡിറ്റി ഒഴിവാക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിശക്കുമ്പോൾ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ പഴങ്ങളും നട്സുമൊക്കെ കഴിക്കണം. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുന്നതും നല്ലതാണ്. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം.

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കണം. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയുടെ നയമായി ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം? സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്‌സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

കാക്കനാട് 2 ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള, 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്ക് ടി സി എസുമായി ഒപ്പുവച്ചു. ദുബായ് വേൾഡ് എക്‌സ്‌പോയിൽ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങൾ കേരളത്തിലേക്ക് വന്നു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കർ ഭൂമിയുടെ 70% ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വർഷം പദ്ധതിയിൽ മൂന്നര മാസം കൊണ്ട് (ജൂലായ് 21വരെ) 42372 സംരംഭങ്ങളാരംഭിച്ചു. നാല് ശതമാനം പലിശയ്ക്കാണ് പദ്ധതിയിൽ വായ്പ നൽകുന്നത്. 3 ലക്ഷം മുതൽ 4 ലക്ഷം വരെ തൊഴിൽ ലഭ്യമാകും.

കോവിഡ് കാരണം പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി. 50 കോടിയിൽ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങൾക്ക് അതിവേഗ അനുമതി നൽകുന്നതിന് കെസ്വിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. സംരംഭകരുടെ പരാതികളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കും. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനം(കെസിസ്) നിലവിൽ വന്നു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനും നടപടി ക്രമങ്ങളും ലഘൂകരിക്കുന്നതിനുമുള്ള നടപടികൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതൽ നിക്ഷേപം ആകർഷിക്കുക, പുത്തൻ സംരംഭങ്ങൾ കൊണ്ടുവരിക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം പ്രതീക്ഷിച്ച നിലയിൽ തന്നെ മുന്നേറുകയാണ്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രക്ക് കീഴിലുള്ള 5 പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഏകീകൃത ലാൻറ് അലോട്ട്‌മെൻറ് പോളിസിയുടെ കരട് അംഗീകരിച്ചു. പ്രഖ്യാപനം ഉടനെ നടത്തും. 2021 – 2022 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തുടനീളം വ്യാവസായിക വായ്പ അനുവദിക്കുന്നതിലും തൊഴിൽ നൽകുന്നതിലും കെഎസ്‌ഐഡിസി റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കാനും 20,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് കിൻഫ്രയുടെ നേട്ടമാണ്. ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് ആൻറ് കൺവെൻഷൻ സെൻറർ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനു സർക്കാർ എല്ലാ സഹായവും നൽകും. ഈ പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി രൂപ വരെയാണ് ഇങ്ങനെ നൽകുക. ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലൻറ് വിഭാഗത്തിൽ നമ്മുടെ സംസ്ഥാനം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയത് നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ട് അപ്പ് ഹബ്ബായി നമ്മുടെ നാട് മാറ്റാനാണ് ശ്രമിക്കുന്നത്.

ഇവിടെ എല്ലാം തികഞ്ഞു എന്നല്ല ഈ പറഞ്ഞതിൻറെ അർഥം. നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കൂടുതൽ മികച്ച മാതൃകകൾക്കായി നമുക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കാം. ലോകത്താകെ മറ്റു രാജ്യങ്ങളിലും തിരയാം. അവർ നടത്തുന്ന നല്ല കാര്യങ്ങളെ സ്വാംശീകരിക്കാം. ഇവിടെ അനുയോജ്യമായതും സാധ്യമായതും ഇവിടെ ചെയ്യാം. അതിന് എല്ലാവരുടെയും പിന്തുണ വേണം. ആ പിന്തുണ നൽകുന്നതിന് പകരം ചില ഘട്ടങ്ങളിലെങ്കിലും പ്രത്യേക നശീകരണ മനോഭാവം കാണിക്കുകയും ചെയ്യുന്ന സമീപനം ചില കേന്ദ്രങ്ങളിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം എന്നാണ് അത്തരക്കാരോട് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പിടിമുറുക്കിയ കാലയളവിലാണ് സർക്കാർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യപനത്തെ തുടർന്ന് ജീവനോപാധികൾ നഷ്ടമായവർ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യ കിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനശേഷി കുറഞ്ഞതോടു കൂടി കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം നടത്തിയിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ വർഷവും ഓണകിറ്റ് നൽകുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങൾ (തുണി സഞ്ചി ഉൾപ്പെടെ) ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയിൽ സർക്കാരിന് 425 കോടി രൂപയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി.

ഇത്തരത്തിൽ ജനക്ഷേമത്തിനും സമഗ്രമായ വികസനത്തിനുമായി സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ അതിനു തടസ്സമാകുന്ന നിലയിൽ ഉയരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട് എന്ന് കരുതുന്നു. സംസ്ഥാനത്തിന്റെ വായ്പാപരിധിക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുക്തമല്ല. സാമ്പത്തിക ഉത്തേജനത്തിന് സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തേണ്ട ഘട്ടമാണിത്. പ്രത്യേകിച്ച്, മൂലധന ചെലവുകളുടെ കാര്യത്തിൽ. കേരളം ധന ദൃഡീകരണത്തിന്റെ പാതയിൽ വരുന്ന അവസരത്തിലാണ് 2020ൽ കോവിഡ് സാഹചര്യം ഉയർന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധന, റവന്യൂ കമ്മി ഉയരുന്ന അവസ്ഥയുമുണ്ടായി. കേരളത്തിൻറെ ധനക്കമ്മി 2020-21 ൽ ആഭ്യന്തരവരുമാനത്തിൻറെ 9 ശതമാനം കടന്നു. കേരളത്തിൻറെ ധനക്കമ്മി 4.25 ശതമാനത്തിലുമെത്തി. 2019-20 ൽ കേരളത്തിൻറെ ധനക്കമ്മി 3 ശതമാനത്തിൽ താഴെയായിരുന്നു.

മൂലധന ചെലവുകൾക്കായി റവന്യൂ വരുമാനത്തിൻറെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാർ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകൾ കീഫ്ബി യുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിൻറെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293 ന് വിരുദ്ധമാന്നെന്ന് നിയമവിദഗ്ദർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിഫ്ബി എടുക്കുന്ന വായ്പാ തുക സംസ്ഥാന സർക്കാരിൻറെ കടമായി കണക്കാക്കുന്ന കേന്ദ്ര സമീപനം തെറ്റാണ്. ഇത് സർക്കാർ ഗ്യാരൻറിയുള്ള വായ്പയാണ്. സർക്കാർ എടുക്കുന്ന കടമല്ല. ഈ കാരണം പറഞ്ഞ് സംസ്ഥാന സർക്കാരിൻറെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന , സാമൂഹ്യക്ഷേമ നടപടികളെ തകർക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നടപടികൾ. അവശ്യസാധനങ്ങളുടെ വിലവർധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവർധന പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവർധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വർധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വർധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാട്. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപ്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുൽപ്പന്നങ്ങൾക്കുമടക്കം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിലെ പാതകളില്‍ സ്ഥാപിച്ച ഡിഎല്‍പി (ഡിഫക്ട് ലയബിലിറ്റി പിരിയഡ്) ബോര്‍ഡുകളെക്കുറിച്ചുള്ള വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡിഎല്‍പിയെക്കുറിച്ച് മന്ത്രി പരസ്യപ്പെടുത്തിയത്. കൊല്ലം ജില്ലയില്‍ തകര്‍ന്ന ഒരു റോഡിനെ കുറിച്ച് പരാതി ലഭിച്ചിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുന്‍പേ തന്നെ റോഡ് തകര്‍ന്നിരുന്നു. ആ സന്ദര്‍ശനത്തില്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആ ബോധ്യമാണ് പിന്നീട് സംസ്ഥാനത്ത് ഡിഎല്‍പി ബോര്‍ഡുകള്‍ പരസ്യമായി സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’DLP പരസ്യപ്പെടുത്തല്‍പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് താഴെ എഴുതിയത് വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം,വിമര്‍ശനം,നിര്‍ദ്ദേശം എന്നിവ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടനെ തന്നെ കൊല്ലം ജില്ലയില്‍ തകര്‍ന്ന ഒരു റോഡിനെ കുറിച്ച് പരാതി ലഭിച്ചിരുന്നു.അധികം വൈകാതെ കൊല്ലത്ത് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ പരാതി ലഭിച്ച ഇടം നേരില്‍ പോയി കണ്ടിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുന്‍പേ തന്നെ റോഡ് തകര്‍ന്നിരുന്നു. ആ സന്ദര്‍ശനത്തില്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു.ആ ബോധ്യമാണ് പിന്നീട് കേരളത്തില്‍ ഡി.എല്‍.പി ബോര്‍ഡുകള്‍ പരസ്യമായി സ്ഥാപിക്കണമെന്ന തീരുമാനം കൈക്കൊള്ളാന്‍ ഇടയാക്കിയത്. ഡിസംബര്‍ 4 2021 മുതല്‍ DLP ബോര്‍ഡുകള്‍ സ്ഥാപിച്ചു.എന്താണ് DLP (Defect Liability Period) ?പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍മ്മാണം കഴിഞ്ഞ് നിശ്ചിത കാലം പരിപാലന കാലാവധിയാണെന്ന് സമൂഹം ഇനിയുമേറെ അറിയേണ്ടതുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.ജനങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് തെറ്റായ പ്രവണതകള്‍ കുറക്കുവാന്‍ സഹായകരമാകും.പി.ഡബ്യൂ.ഡി മാന്വലിലും സ്റ്റാന്‍ഡേര്‍ഡ് ബിഡ് ഡോക്യുമെന്റിലും DLPയെ കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ചെലവേറിയതും ഉയര്‍ന്ന ഗുണനിലവാര നിര്‍മ്മാണരീതിയുമായ BM& BC റോഡ് മൂന്ന് വര്‍ഷം, അല്ലാത്ത റോഡുകള്‍ രണ്ട് വര്‍ഷം, പാലങ്ങള്‍ അഞ്ച് വര്‍ഷം, കെട്ടിടങ്ങള്‍ അഞ്ചു വര്‍ഷം എന്നിങ്ങനെയാണ് പരിപാലന കാലാവധി (ഡിഫക്ട് ലയബിലിറ്റി പീരീയഡ്).PWD മാന്വല്‍ പ്രകാരം DLP യില്‍ എന്തെങ്കിലും അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ അത് അപ്പോള്‍ തന്നെ പരിശോധിച്ച് ചെയ്യുന്ന കരാറുകാരുണ്ട്.

ഡി.എല്‍.പി യില്‍ അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ കരാറുകാര്‍ അത് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.എന്നാല്‍ ഇതില്‍ വീഴ്ച്ച വരുത്തുന്ന കരാറുകാരും ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരം വീഴ്ച്ചകള്‍ കാരണം ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. റോഡ് തകറാറാകുന്നു, ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നു.കരാറുകാരുടെ ചെലവില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം കുറെ കാലം കഴിഞ്ഞ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. ദീര്‍ഘകാലം ആ റോഡ് തകരാറായി കിടക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നായിരുന്നു ആലോചിച്ചത്.ഓരോ റോഡിന്റെയും പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിലൂടെ ഇത് ഏറെ കുറെ പരിഹരിക്കാനാകും എന്ന് ബോധ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പരിപാലന കാലാവധിയിലുള്ള പ്രവൃത്തികളില്‍ കരാര്‍ കാലാവധിയും കരാറുകാരുടെ പേരും ഫോണ്‍ നമ്ബറും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്ബറും പരസ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥര്‍ ഒരു സമയം കഴിഞ്ഞാല്‍ സ്ഥലം മാറ്റം ലഭിച്ച് പോകും എന്നാല്‍ അതത് സ്ഥാനങ്ങളിലെ ഔദ്യോഗിക ഫോണ്‍ നമ്ബറില്‍ മാറ്റം വരില്ല. അതു കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്ബര്‍ മാത്രം പരസ്യപ്പെടുത്തിയത്.

ഇത് തുടക്കത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായി പക്ഷേ ഇതില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയി. ഭരണ-പ്രതിപക്ഷ നേതാക്കന്മാരുമായെല്ലാം ചര്‍ച്ച നടത്തി കേരളത്തിലെ എല്ലാ വിംഗുകളിലുമായി 3142 ഡി.എല്‍.പി ബോര്‍ഡുകള്‍ ഡിസംബര്‍ 2021ല്‍ സ്ഥാപിച്ചു.പൊതു മരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ ചുവടുവെപ്പായിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമടക്കം എല്ലാ കക്ഷി നേതാക്കന്മാരും സഹകരിച്ചു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ തന്നെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’എന്ന് എഴുതി, ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്ബറുകളടങ്ങുന്ന പച്ച നിറത്തിലുള്ള ബോര്‍ഡ് ഇന്ന് കേരളത്തില്‍ വ്യാപകമായി കാണാന്‍ സാധിക്കും. ഈ ബോര്‍ഡു വെച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, പരിപാലന കാലാവധി ക്ക് അകത്തുള്ളവയാണെങ്കില്‍, ജനങ്ങള്‍ക്ക് അപ്പോള്‍ തന്നെ ബന്ധപ്പെട്ട കരാറുകാരേയോ ഉദ്യോഗസ്ഥരേയോ വിവരം അറിയിക്കാനാകും.

അതിന്റെ പരിപാലനം വേഗത്തില്‍ ഉറപ്പു വരുത്താനും കഴിയും.അവരെ ബന്ധപ്പെട്ടിട്ടും പരിഹാരമായില്ലെങ്കില്‍ വകുപ്പ് മേധാവിയെ അറിയിക്കുവാന്‍ ടോള്‍ ഫ്രീ നമ്ബറും ബോര്‍ഡിലുണ്ട്. കാര്യക്ഷമമായ റോഡ് പരിപാലനം ഇതുവഴി സാധ്യമാകുന്നു എന്നാണ് ഈ പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള അനുഭവം. ഡി.എല്‍.പി ബോര്‍ഡുള്ള റോഡുകളില്‍ അറ്റകുറ്റപ്പണി ആവശ്യമായെങ്കില്‍ അത് നടത്തുവാന്‍ കരാറുകാരും ഉദ്യോഗസ്ഥരും ഇപ്പോള്‍ ജനങ്ങളുടെ കൂടി. സഹായത്തില്‍ വേഗത്തില്‍ ഇടപെടുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ അനുഭവം. ഇത് ഡി.എല്‍.പി ബോര്‍ഡ് പരസ്യപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ്.കേരളത്തില്‍ റോഡുകളില്‍ കുഴിയെന്നത് കാലാകാലമായുള്ള പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ പുതുതായി ചെയ്ത കാര്യങ്ങളിലൊന്നാണ് ഡി.എല്‍.പി. ഇത്തരത്തിലുള്ള ചില പുതിയ ചുവടുവെപ്പുകളാണ് 2021 ജൂലൈ മാസത്തേക്കാള്‍ റോഡുകളില്‍ തകരാറുകള്‍ കുറയ്ക്കാനായി എന്നത് വകുപ്പിന് വിലയിരുത്താനായത്. അടുത്ത വര്‍ഷം തകരാറായ റോഡുകളുടെ എണ്ണം ഇതിലും കുറക്കാനാകും.കേരളത്തില്‍ 3ലക്ഷം കിലോമീറ്റര്‍ റോഡുകളില്‍ മുപ്പതിനായിരം കിലോമീറ്ററിനടുത്ത് റോഡുകള്‍ മാത്രമാണ് പൊതുമരാമത്ത് റോഡുകള്‍. ഈ 30000 km റോഡുകളില്‍ ഒരു കുഴി പോലും ഉണ്ടാകരുത് എന്നാണ് വകുപ്പ് ലക്ഷ്യമിടുന്നത്.പുതിയ ചുവടുവെപ്പുകള്‍ ഈ ലക്ഷ്യത്തിലേക്ക് വകുപ്പിനെ ഭാവിയില്‍ എത്തിക്കും.

നിര്‍മ്മാണ സമയത്ത് ഗുണനിലവാരം ഉറപ്പു വരുത്താന്‍ കൂടി DLP പരസ്യപ്പെടുത്തല്‍ സംവിധാനം സഹായകമായി മാറിയിട്ടുണ്ട്. അതായത് നിര്‍മ്മാണ സമയത്ത് നന്നായി ശ്രദ്ധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടില്ലെങ്കില്‍ പരിപാലന കാലാവധിയില്‍ റോഡിന് തകരാറു സംഭവിച്ചാല്‍ തങ്ങളുടെ കൈയില്‍ നിന്നും പണം ചിലവഴിച്ച് അതിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമെന്ന് നിര്‍മ്മാണം നടത്തുന്ന കരാറുകാര്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്. പിന്നീട് പ്രശ്നങ്ങള്‍ ഇല്ലാത്ത തരത്തില്‍ പ്രവൃത്തികളില്‍ ജാഗ്രത പാലിക്കുവാന്‍ കരാറുകാര്‍ ശ്രദ്ധിക്കുന്നതിലും ഇത് സഹായിക്കുന്നുണ്ട്. ഇത്തവണ ഡി.എല്‍.പി ബോര്‍ഡ് വെച്ച റോഡുകളില്‍ കുഴികളാല്‍ ഉണ്ടാകാവുന്ന പ്രശ്നം വേഗത്തില്‍ പരിഹരിക്കാനായത് ഏറെ സഹായകമായി. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയുവാനും ഇടപെടുവാനും ഇതിലൂടെ സാധിക്കുന്ന സ്ഥിതി വന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ ഡിഫക്ട് ലയബിലിറ്റി പിരിയഡ് പരസ്യപ്പെടുത്തിയത് ഏറെ ഫലപ്രദമായ ഒരു പ്രവൃത്തിയായി കണക്കാക്കാനാകും.